സ്വരത്തിനുടെ മാധുര്യം കേട്ടാല്‍

രാഗം: 

പുന്നഗവരാളി

താളം: 

അടന്ത

ആട്ടക്കഥ: 

നളചരിതം രണ്ടാം ദിവസം

കഥാപാത്രങ്ങൾ: 

കാട്ടാളൻ

സ്വരത്തിനുടെ മാധുര്യം കേട്ടാ-
ലൊരുത്തിയെന്നതു നിശ്ചേയം;
സ്വൈരം ചാരേ ചെന്നവളുടെ ഞാൻ
സുമുഖിയൊടാരിതി പൃച്ഛേയം;
മരത്തിനിടയിൽ, കാണാമേ സു-
ന്ദരത്തിനുടെ സാദയശ്യേയം;
കേന വിയോഗാത്‌ കേണീടുന്നിവൾ
കേന നു വിധിനാ പശ്യേയം?
അകൃത്രിമദ്യുതിരനവദ്യേയം
അടുത്തു ചെന്നിനി അനുപശ്യേയം;
ആകൃതി കണ്ടാലതിരംഭേയം,
ആരാലിവൾതന്നധരം പേയം!

പല്ലവി.

ആരിവളവനിതലാമരീ വരനാരീ വപുഷി ധൃതമാധുരീ?
 

അർത്ഥം: 

സാരം: സ്വരത്തിന്റെ മാധുര്യം കേട്ടാൽ ഒരു സ്ത്രീയാണെന്നതു നിശ്ചയം. സുഖമായി സുമുഖിയുടെ അടുത്തു ചെന്ന്‌ ആരെന്നു ചോദിക്കണം. അവളുടെ സുന്ദരശരീരം മരത്തിനിടയിലൂടെ കാണാൻ കഴിയുന്നുണ്ട്‌. ആരുടെ വിയോഗംകൊണ്ടാണിവൾ കരയുന്നത്‌? എങ്ങനെയാണ്‌ ഇവളെ ഒന്നു വശീകരിക്കുക? സ്വാഭാവികസൗന്ദര്യമുള്ള ഇവളെപ്പോലെ ആരുമില്ല. അടെത്തു ചെന്ന്‌ സംസാരിക്കാം. രംഭയെ ജയിക്കുന്ന സൗന്ദര്യമാണിവൾക്ക്‌. ആരാണ്‌ ഇവളുടെ അധരപാനം ചെയ്തിട്ടുണ്ടാകുക? ഭൂമിയിലിറങ്ങി വന്ന ദേവസുന്ദരിയെപ്പോലുള്ള ഇവൾ ആരാണ്‌?

അരങ്ങുസവിശേഷതകൾ: 

പദം കഴിയുന്നതോടെ പെരുമ്പാമ്പു വിഴുങ്ങുന്ന കാലുമായി ദമയന്തി പ്രവേശിക്കുന്നു.