രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പല്ലവി.
അംഗനേ, ഞാനങ്ങു പോവതെങ്ങനെ?
അനുപല്ലവി.
ഇങ്ങനേകം മനോരാജ്യം,
എങ്ങനെയെന്നെല്ലാം കേൾ നീ.
എങ്ങനെയെന്മതമെന്നാ-
ലങ്ങനെയെന്നുറയ്ക്ക നീ.
ചരണം. 1
സങ്കടമെനിക്കുണ്ടു, സദയത വേണമെന്നിൽ,
മംഗലഗാത്രീ, നീയെന്തിങ്ങനെ തുടങ്ങുന്നു?
മങ്കമാർ മൗലിമാലേ, മഹിതഗുണങ്ങൾ നിന്നിൽ
തിങ്ങിയിണങ്ങിയഭംഗുരഭംഗി വിളങ്ങീ
പുകൾപൊങ്ങീ, അതു മങ്ങീ
ഗുണമംഗീകരിയാതെ പോകിൽ.
ചരണം. 2
പങ്കജബാണനൊരു പകയായ് ചമഞ്ഞിതെന്നിൽ,
എങ്ങനെയെല്ലാമവനെയ്യുന്നിതെന്നെ വെൽവാൻ,
അങ്ങോടിങ്ങോടുഴന്നിന്നംഗം നിറം കെടേണ്ടാ,
ശങ്ക തുടങ്ങുകിലെങ്ങു സുഖങ്ങളൊതുങ്ങും?
മനമങ്ങും മിഴിയിങ്ങും,
ഇനിയെങ്ങു നീ ചൊല്ലു പോവത്?
ചരണം. 3
താഴ്ചവരാതെ വാഴ്ക തരുണീ നീ എനിക്കുണ്ടു
ചോർച്ചകൂടാതെ കെട്ടിച്ചുമരും വച്ചൊരു വീട്,
വാഴ്ച നമുക്കിവിടെ വന സുഖമാരറിഞ്ഞു!
വേഴ്ചയിലീശ്വരനാശ്രിതവത്സലനല്ലേ?
ഓർച്ചയില്ലേ?ചേർച്ചയില്ലേ?
തീർച്ചചൊല്ലേണ്ടതുമറ്റെന്തോന്നിനി?
അർത്ഥം:
സാരം: സുന്ദരീ, ഞാൻ അങ്ങനെയങ്ങു പോകുന്നതെങ്ങനെ? എനിക്കു വളരെ മനോരാജ്യങ്ങളുണ്ട്. എന്തൊക്കെയാണവ എന്നു കേൾക്കുക. എന്റെ അഭിപ്രായമെന്തോ അത് അങ്ങനെ എന്നുതന്നെ ഉറയ്ക്കുക. എനിക്കു വല്ലാത്ത സങ്കടമുണ്ട്. എന്നിൽ ദയയുണ്ടാകണം. നീ എന്താണ് എങ്ങനെ തുടങ്ങുന്നത്? സുന്ദരീമകുടമേ, അനേകം ഗുണങ്ങൾ നിന്നിലുണ്ട്. അതിന്റെ പ്രയോജനം അംഗീകരിച്ചില്ലെങ്കിൽ അതിന്റെ സൽപ്പേര് മങ്ങിപ്പോകും. കാമദേവൻ പകയോടെ എന്നെ പരാജയപ്പെടുത്താനായി എങ്ങനെയെല്ലാം എയ്യുന്നെന്നറിയാമോ? കാട്ടിൽ അലഞ്ഞ് നിന്റെ ശരീരം ക്ഷീണിക്കണ്ട. ശങ്കയുണ്ടായാൽ സുഖങ്ങൾ എങ്ങനെയുണ്ടാകും? നിന്റെ മനം അങ്ങും മിഴി ഇങ്ങുമാണ്. നിനക്ക് ഇനി എവിടെ പോകാൻ കഴിയും? തരുണീ, നിനക്കു വിഷമിക്കാതെ വസിക്കാൻ എനിക്ക് ചോർച്ച കൂടാതെ മേഞ്ഞ് ചുവർ കെട്ടിയ ഒരു വീടുണ്ട്. നമുക്കവിടെ വസിക്കാം. വനത്തിലെ സുഖം ആരറിഞ്ഞു? പ്രണയസാദ്ധ്യത്തിന്റെ കാര്യത്തിൽ ആശ്രയിക്കുന്നവരോട് ഈശ്വരനു വാത്സല്യമാണുള്ളത്. അതോർക്കുക. നമ്മൾ തമ്മിൽ ചേർച്ചയില്ലേ? ഇനി തീർച്ച തൊല്ലേണ്ടതു മറ്റെന്തോന്നാണ്?