സമർത്ഥരെന്തീവണ്ണം

രാഗം: 

നാട്ടക്കുറിഞ്ഞി

താളം: 

അടന്ത

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

രാക്ഷസൻ

തുഷ്ടൈരേവം സുരപരിവൃഢൈർന്നൈഷധേന്ദ്രേ വിസൃഷ്ടേ
ഹൃഷ്ടേ മഞ്ചം ഗതവതി വിദർഭേന്ദ്രദിഷ്ടം വിശിഷ്ടം
സപ്തദ്വീപാധിപനൃപകുലേ സോപദേവേ സുരൗഘേ-
പ്യത്രാവാപ്തേ നിശിചരഗണാഃപ്രോചുരഭ്യേത്യ ദൈത്യാൻ.

പല്ലവി:
സമർത്ഥരെന്തീവണ്ണം നിങ്ങൾ ദാനവന്മാരേ,
പ്രമത്തരായിരിപ്പതിപ്പോൾ?

അനുപല്ലവി:
പുമർത്ഥസാരനീതികളത്രലാഭലോഭേന
ചതുർദ്ദിശവാസികളെത്ര സംഭ്രമിക്കുന്നു!

ച.1
ധരിത്രിയിൽ വിദർഭമന്ദിരത്തിലുണ്ടൊരുത്തിപോൽ
തരത്തിലില്ലവൾക്കാരും സുരസ്ത്രീനികരത്തിലും;
പ്രവൃത്തം തത്സ്വയംവരം നിമിത്തീകൃത്യ കുണ്ഡിന-
പുരത്തിലേ സമസ്തരും നിരത്തിച്ചെന്നിരിക്കുന്നു.

അർത്ഥം: 

ശ്ലോകാർത്ഥം: ഇപ്രകാരം ദേവശ്രേഷ്ഠന്മാരാൽ വിട്ടയയ്ക്കപ്പെട്ട നളമഹാരാജാവ്‌ വിദർഭരാജാവു നല്കിയ സ്ഥാനത്തിരുന്നു. മറ്റു രാജാക്കന്മാരും ദേവഗണങ്ങളും മറ്റും വന്നുകൊണ്ടിരുന്നു. അപ്പോൾ രാക്ഷസർ, ദാനവരെ സമീപിച്ചു പറഞ്ഞു. 

സാരം: വലിയ കേമന്മാരായ നിങ്ങൾ ഇങ്ങനെ ഒന്നും അറിയാതെ ഇരിക്കുകയാണോ? ലോകത്തുള്ളവരൊക്കെ ഭാര്യയെയും മറ്റും സമ്പാദിക്കാൻ വല്ലാതെ പരിശ്രമിക്കുകയാണെന്ന്‌ അറിയുന്നില്ലേ? വിദർഭയിലെ കന്യകയ്ക്കു സമമായി മറ്റൊരുവളില്ല പോൽ. അവളുടെ സ്വയംവരം ആയിരിക്കുന്നു. അതു കാരണം ജനങ്ങളെല്ലാം അവിടെ എത്തിച്ചേർന്നിരിക്കുന്നു.

സാരം: ചൂതും ചതുരംഗവും എല്ലാം മതി. രാക്ഷസർ പറഞ്ഞതു ചതിയോ, അതോ സത്യമോ? ഭൂമിയിലുള്ള ഒരു പെണ്ണ്‌ എത്ര സുന്ദരിയാണെങ്കിലും ദേവന്മാർക്ക്‌ ഇങ്ങനെ താല്പര്യം വന്നത്‌ കൗതുകകരം തന്നെ. രാജാക്കന്മാരെ വധിക്കണം. ദേവന്മാരെ ചതിക്കണം. സർപ്പങ്ങളെ ഓടിക്കണം. ദമയന്തിയെ നമുക്കു ഹരിക്കണം. ശക്തിയില്ലാത്തവർ ഇതൊക്കെ കണ്ടു കൊതിക്കട്ടെ. നമുക്ക്‌ അങ്ങോട്ടു നടക്കാം. മടിച്ചിരുന്നാൽ കനക്കേടു വരും. 

അരങ്ങുസവിശേഷതകൾ: 

ദാനവനും തുടർന്ന്‌ രാക്ഷസനും തിരനോക്കിയശേഷം ദാനവൻ വലതുവശത്ത്‌ ചതുരംഗം കളിക്കുകയും മദ്യപിക്കുകയും ചെയ്തിരിക്കുമ്പോൾ രാക്ഷസൻ ഇടതുവശത്തുകൂടി പ്രവേശിച്ച്‌ പദം.

പദശേഷം ഇരുവരും ചേർന്ന്‌ ചമ്പ, പഞ്ചാരി എന്നീ താളങ്ങളിൽ ചിട്ട ചെയ്തിട്ടുള്ള പടപ്പുറപ്പാടെടുത്ത്‌ രംഗം വിടുന്നു.