Knowledge Base
ആട്ടക്കഥകൾ

പ്രീതിപൂണ്ടരുളുകയേ

രാഗം: 

ശങ്കരാഭരണം

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

ഹംസം

പുത്തൻതേൻമൊഴിമാർകുലത്തിനരിയോരുത്തംസമാം ഭൈമിതൻ
ചിത്തം താനഥ പത്തിനഞ്ചവനറിഞ്ഞിത്ഥം കൃശാംഗ്യാ ഗിരാ
അത്യന്തം ബത മുഗ്ദ്ധയോടനുസരിച്ചെല്ലാമറിഞ്ഞീടുവാ-
നുദ്യോഗിച്ചു വിദഗ്ദ്ധനാം ഖഗവരൻ വൈദർഭിയോടുക്തവാൻ

പല്ലവി:
പ്രീതിപൂണ്ടരുളുകയേ ചിന്തിതമെല്ലാം
ഭീമനൃപതിതനയേ.

അനു.
വീതവിശങ്കം സഖിമാരിലൊന്നെന്നെന്നെ
ഉറച്ചു നീല ജ്ജാഭരം കുറച്ചു നിരാകുലം…

ച.1
കാതരമിഴിമാർമൗലിമാലികേ, ദമ-
സോദരി, നിനക്കു ബാലികേ,
ഏതൊരു പുരുഷനിലുള്ളിൽ കൗതുകം, പാരി-
ലാദരണീയം തസ്യ ജാതകം;
ഏണമിഴി പറവാൻ മടിക്കരുതേ!
നാണംകൊണ്ടിനിയേതും മറക്കരുതേ!
ഞാനുണ്ടതിനു തുണ തവ സുതനോ,
മാനഹാനി തവ വരുത്തുവാനോ?
ഹസ്തഗതം തവ വിദ്ധി മനീഷിത-
മുക്തമിദം മമ സത്യമദാനീം.

അർത്ഥം: 

പദത്തിന്റെ സാരം: അല്ലയോ ഭീമരാജാവിന്റെ പുത്രീ, നിന്റെ വിചാരങ്ങളെല്ലാം സന്തോഷത്തോടെ എന്നോടു പറയുക. സംശയിക്കണ്ട. തോഴിമാരിലൊരാളെന്നുറപ്പിച്ച്‌ ലജ്ജ കുറച്ച്‌ മനഃക്ളേശമില്ലാതെ എന്നോടു പറയാം. സുന്ദരീ, നിനക്ക്‌ ഏതു പുരുഷനോടാണ്‌ ഉള്ളിൽ കൗതുകമുള്ളത്‌. അവന്റെ ഭാഗ്യം ആദരിക്കപ്പെടേണ്ടതുതന്നെ. നീ പറയാൻ മടിക്കരുത്‌. നാണംകൊണ്ട്‌ മറയ്ക്കുകയുമരുത്‌. നിനക്കു തുണയായി ഞാനുണ്ട്‌. നിനക്കു ഞാൻ മാനഹാനി വരുത്തുമോ? നീ മോഹിച്ചതു നിനക്കു ലഭിച്ചു എന്നുതന്നെ വിചാരിച്ചുകൊള്ളുക. ഞാൻ ഈ പറഞ്ഞത്‌ സത്യമാണ്‌.