പ്രിയമാനസാ, നീ പോയ്‌വരേണം

രാഗം: 

തോടി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

നളൻ

പ.
പ്രിയമാനസാ, നീ പോയ്‌വരേണം
പ്രിയയോടെന്റെ വാർത്തകൾ ചൊൽവാൻ.

അനു.
പ്രിയമെന്നോർത്തിതുപറകയോ മമ?
ക്രിയകൊണ്ടേവമിരുന്നിടുമോ നീ?

ച.1
പലരും ചൊല്ലിക്കേട്ടു നളിനമുഖിതൻ കഥാ
ബലവദംഗജാർത്തി പെരുത്തിതു ഹൃദി മേ
ഒരുവൻ സഹായമില്ലെന്നുരുതരവേദനയാ
മരുവുന്നനേരം നിന്റെ പരിചയം വന്നു ദൈവാൽ.

2
അഖിലവും കേട്ടു ധരിച്ചഴകൊടു ചൊല്ലുവാനും
സുഖമായങ്ങുമിങ്ങും നടന്നെത്തുവാനും
ന ഖലു സന്ദേഹം വിധി മികവേറും നിന്നെ മമ
സഖിയായിട്ടല്ല, നല്ലനിധിയായിട്ടല്ലോ തന്നു.

3
വചനകൗശലേന കാമിനിമാർമണിയെ
വശഗയാക്കി മമ തരിക സഖേ, നീ
ഇതിനു പ്രതിക്രിയയോ വിധിതന്നെ തവ ചെയ്യും
കളിയല്ലാ നീയല്ലാതൊരുഗ തിയില്ലിന്നെനിക്കാരും.

അർത്ഥം: 

പദത്തിന്റെ സാരം:
മനസ്സിൽ (മാനസസരസ്സിൽ) പ്രിയമുള്ളവനേ, പ്രിയയായ ദമയന്തിയോട്‌ എന്റെ വൃത്താന്തം അറിയിക്കാൻ നീ പോയിവരണം. എനിക്കു പ്രിയമാകുമെന്നോർത്തു നീ പറഞ്ഞതാണോ ഇത്‌? പ്രവൃത്തിയിലും ഇങ്ങനെതന്നെയാവുമോ? സുന്ദരിയായ അവളുടെ വൃത്താന്തം പലരും പറഞ്ഞതു കേട്ട്‌ എന്റെ മനസ്സിൽ വലിയ കാമദുഃഖമുണ്ടായി. സഹായിക്കാനാരുമില്ല എന്ന വലിയ വേദനയോടെ കഴിയുമ്പോഴാണ്‌ വിധിവശാൽ നിന്നെ പരിചയപ്പെട്ടത്‌. വാക്സാമർത്ഥ്യംകൊണ്ട്‌ ആ സുന്ദരീരത്നത്തെ നീ എനിക്കു വശപ്പെട്ടവളാക്കുക. അതിന്റെ പ്രതിഫലം നിനക്ക്‌ സാക്ഷാൽ വിധിതന്നെ ചെയ്യും. കള്ളമല്ല. നീയല്ലാതെ ആരും എനിക്ക്‌ തുണയില്ല.

അനുബന്ധ വിവരം: 

(ആട്ടം) ഹംസം ദമയന്തിയുടെ നഗരമായ കുണ്ഡിനത്തിലേക്ക്‌ യാത്രയാകുന്നു.