നിർജ്ജനമെന്നതേയുള്ളൂ

രാഗം: 

വേകട (ബേകട)

താളം: 

മുറിയടന്ത

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

നളൻ

ശ്ളോകം.
കഥനേന മുനേരനേന രാജാ
കദനേ അസൗ മദനേഷുജേ നിമജ്ജൻ
സചിവേ വിനിയോജ്യ രാജ്യഭാരം
വിജനേ പുഷ്പവനേ തതാന വാസം.

പദം
നളൻ:(ഉദ്യാനമാകെനിരീക്ഷിച്ചതിനുശേഷംആത്മഗതം)

പ.
നിർജ്ജനമെന്നതേയുള്ളൂ ഗുണമോ
നിശ്ചയമുദ്യാനത്തിൽ.
 
അനു.
ഇജ്ജനത്തോടു പെരികെ വൈരമായ്‌ വന്നി-
തീശ്വരനുമിന്നീ ഝഷകേതനനും.
 
ചരണം 1
ഈക്ഷണയുഗത്തിനു രൂക്ഷവേദനകളു-
ണ്ടാക്കുവാനതിതരാം ദാക്ഷ്യമുള്ളവകളേ
സാക്ഷാദധുനാ ഇന്നു വീക്ഷേ വിധിനാ ഹരി-
ണാക്ഷീം തു വിനാ വിരഹേണാക്ഷീണരുജാവിവശോ
 
ചരണം 2
പടുതമൻ മദനന്റെ പട വീടിതേ; വാപീ-
തടവിടപികളേതത്പടകുടികൾ; കുസുമ-
ഹേതിദ്യുതിയും കുയിൽനാദസ്വരവും മാരുത-
യോധഭ്രമിയും; വിരഹിഭീതിസ്ഥലമേയിതു.
 
ചരണം 3
വർണ്ണം പലതായി മിന്നീടുമന്നങ്ങൾ
ഉന്നമ്രമോദമിരുന്നു രമിപ്പതിൽ
ഒന്നുണ്ടിവിടെ സ്വർണ്ണവർണ്ണം തടവുമിവൻ
എന്നേ സരസാ! കണ്ടാൽ നന്നേ നിതരാമിവൻ.

മൂന്നാംചരണത്തിന്റെപല്ലവി
കൈക്കൾ വരുന്നാകിൽ നന്നെത്രയും ചിത്രതരാംഗനിവൻ.

അർത്ഥം: 

 നാരദന്റെ ഈ വർത്തമാനം കൊണ്ട് കാമബാണങ്ങളേറ്റ് ഉണ്ടായ ദുഃഖത്തിൽ മുങ്ങിയ ഈ രാജാവ് രാജ്യഭാരം എല്ലാം മന്ത്രിക്ക് കൊടുത്തിട്ട് വിജനമായ ഉദ്യാനത്തിൽ താമസം തുടങ്ങി.  

പദത്തിന്റെ സാരം: മറ്റാരുമില്ല എന്നല്ലാതെ ഉദ്യാനത്തിലെത്തിയിട്ടും മറ്റു വിശേഷമൊന്നുമില്ല. പരമേശ്വരനും കാമദേവനും ഒരുപോലെ എന്നോടു വലിയ ശത്രുതയായിരിക്കുന്നു. സമർത്ഥനായ കാമദേവന്റെ പടവീടാണിവിടം. തടാകതീരത്തെ വൃക്ഷങ്ങൾ കാമന്റെ പടകുടികളാണ്‌. പൂക്കളാകുന്ന ആയുധങ്ങളുടെ തിളക്കവും കുയിലുകളുടെ കാഹളവും ഇളംകാറ്റാകുന്ന സേനാവ്യൂഹവും കൊണ്ട്‌ വിരഹികൾക്ക്‌ പേടിയുണ്ടാക്കുന്ന സ്ഥലംതന്നെയാണിത്‌. ഇതാ, പല നിറങ്ങളിൽ ശോഭിക്കുന്ന അരയന്നങ്ങൾ സൻതോഷത്തോടെ രമിക്കുന്നു. അവയിൽ സ്വർണവർണമുള്ള ഒരു അന്നവുമുണ്ട്‌. അത്ഭുതം തന്നെ! കണ്ടാൽ സുന്ദരനായ ഇവനെ കൈയിൽ കിട്ടിയാൽ നന്നായിരിക്കും.

അനുബന്ധ വിവരം: 

ആട്ടം : നളൻ ഹംസത്തെ പിടിക്കാനൊരുങ്ങി രംഗം വിടുന്നു.