രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
‘മദ്ഭാര്യേയം‘ ‘മമ ഹി മഹിഷീയം‘ ‘മമൈവ പ്രിയേയം‘
‘യൂയംമൂഢാ‘ ഇതി കൃതമിഥോരോഷപോഷൈസ്സഘോഷൈഃ
വ്യാപ്തേ ദേവാസുരഫണിനരൈഃ കുണ്ഡിനേ ഭീതിമുഹ്യദ്-
ഭീമാരാദ്ധപ്രമുദിതഹരിപ്രേരിതാ വാണ്യഭാണീത്.
പല്ലവി:
ഭീമകാശ്യപീരമണ, മാ മാ ഭവാനയതുഖേദം;
അനുപല്ലവി:
മാമധുനാ മധുവൈരിഭഗവാനരുളി നിൻപുത്രിയാം
ദമയന്തിയെ ബോധയിതുമുപേതാൻ
പുരുഷാനശേഷാൻ സുവേഷാൻ.
ചരണം 1:
ചൂതസായകനു ലോകഭേദവും ദ്വീപഭേദവുമതുണ്ടോ?
ഭൂതലത്തിലുള്ളവരെല്ലാവരുമിവിടെയുപഗമിതരായുൾ-
പ്രീതിയോടു നാകത്തിൽവസിപ്പവരൊക്കവേ ഇവിടെ വന്നു
ആദരാതിശയമുൾക്കൊണ്ടസുരന്മാരും ഫണിവരരുമെല്ലാം.
മോദമൊടിന്നിവിടെ വന്നൂ മൂവുലകിലുള്ളവരെയെല്ലാവരും.
2
ഇന്നു കേളിവിടെ വന്ന പരിഷയുടെയന്വയം ഗുണവുമെല്ലാം
എന്നുടേ മനസി തോന്നുമെന്നിഹ മുകുന്ദനേകി വരവും മേ
നിന്നുടേ തനയ തന്നുടെ സഖിയെന്നെന്നെ നീയറിക രാജൻ;
വർണ്ണനേ സദസി എന്നൊടു നേരിടുമന്യനെന്നരുതു ശങ്കാ,
ദണ്ഡമേതുമില്ലൊന്നിനുമിന്നിഹ മന്നവർമൗലേ,വൃഥാ മാന്ദ്യം.
3
തുംഗഭാഗ്യവിളനിലമേ, മങ്ങരുതെ,ങ്ങു നിന്മകളുദാരാ?
മംഗലാംഗനകൾ ധാത്രികൾ വേത്രികൾ കിങ്കരാവലിയുമെങ്ങു?
മംഗലാപ്ളവനമംഗ, വൈകരുതു സംഗതം ഖലു മുഹൂർത്തം,
കുങ്കുമാദികൾ ദുകൂലമാഭരണമിങ്ങു സർവ്വമുപനേയം,
ശംഖമദ്ദളമൃദംഗാദികളും ശീഘ്രമാനയിക്ക ശിബികയുമിവിടെ.
അർത്ഥം:
ശ്ലോകാർത്ഥം: ഇവൾ എന്റെ ഭാര്യയാണ്; ഇവൾ എന്റെ കെട്ടിലമ്മയാണ്; ഇവൾ എന്റെ പ്രിയതമയാണ്; നിങ്ങൾ വെറും മൂഢന്മാർ.. എന്നെല്ലാം വൈരത്തോടെ വിളിച്ചു പറയുന്ന ദേവ-അസുര-നാഗ-മനുഷ്യസമൂഹങ്ങളെ കുണ്ഡിനം നിറയെക്കണ്ട് ഭയന്ന ഭീമരാജാവ് വിഷ്ണുവിനെ ഭജിച്ചു. പ്രസന്നനായ മഹാവിഷ്ണു അയച്ച സരസ്വതീദേവി, ഭീമരാജാവിനോട് ഇങ്ങനെ പറഞ്ഞു.
സാരം: ഭീമരാജാവേ, അങ്ങു ഖേദിക്കരുത്. ഇവിടെ വന്നിട്ടുള്ള ജനങ്ങളുടെ വംശവും മഹിമയും എല്ലാം എന്റെ മനസ്സിൽ തോന്നും എന്നു മഹാവിഷ്ണു വരം നല്കിയിരിക്കുന്നു. നിന്റെ പുത്രിയുടെ സഖിയാണു ഞാൻ. സദസ്സിനെ വർണ്ണിക്കുന്ന കാര്യത്തിൽ മറ്റൊരാൾ എന്നെ ജയിക്കുകയില്ല. ശങ്ക വേണ്ട. ഇവിടെ ഒന്നിനും ഒരു കുറവുമില്ല. മഹാരാജാവേ, അങ്ങയുടെ മാന്ദ്യം അകാരണമാണ്.
അരങ്ങുസവിശേഷതകൾ:
സരസ്വതിയുടെ പദം ആണിത് (വാണി)
വലതുവശത്തിരിക്കുന്ന ഭീമരാജാവിന്റെ സവിധത്തിലേയ്ക്ക് സരസ്വതി പ്രവേശി ക്കുന്നു. രണ്ടു കിടതകിധിംതാം. ഭീമരാജാവ് സരസ്വതിയെ വലതുവശത്തേക്കു മാറ്റി വന്ദിച്ചു നിൽക്കുക. പദം.