ഭഗവന്‍ നാരദ വന്ദേഹം

രാഗം: 

മുഖാരി

താളം: 

അടന്ത 14 മാത്ര

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

നളൻ

നളനവരനേവംഭൂതലംകാത്തുവാഴു-
ന്നളവിലവനിലേറ്റംപ്രീതികൈക്കൊണ്ടൊരുന്നാള്‍
മിളിതരസമെഴുന്നള്ളീടിനാന്‍തത്സമീപേ
നളിനഭവതനൂജന്‍നാരദന്‍മാമുനീന്ദ്രന്‍

പദം:

ഭഗവന്‍,നാരദ,വന്ദേഹം.
അഘവുംനീങ്ങിമേസര്‍വ്വം
ഗൃഹവുംപൂതമായിപ്പോള്‍

ചരണം 1:
അരവിന്ദഭവയോനേ,വരവിന്നെങ്ങുനിന്നിപ്പോള്‍?
ഹരിമന്ദിരത്തില്‍നിന്നോപുരിയീന്നോനിലിമ്പനാം?

ചരണം 2:
മുദിതംമാനസംമമഭവദങ്ഗദര്‍ശനേന
മുഴുതിങ്കളുദയേന കുമുദമെന്നതുപോലെ

എന്തിനി ചെയ്യേണ്ടു ഞാൻ നിന്തിരുവടി ചൊല്ലാലെ
എന്നതരുള്‍ചെയ്യേണം ഉന്നതതപോനിധേ!

അർത്ഥം: 

പദത്തിന്റെ സാരം: അല്ലയോ നാരദമഹർഷേ, അങ്ങയെ ഞാൻ വന്ദിക്കുന്നു. പാപങ്ങളകന്ന്‌ എന്റെ ഗൃഹം ഇപ്പോൾ പരിശുദ്ധമായി. ബ്രഹ്മാവിന്റെ പുത്രാ, അങ്ങ്‌ ഇപ്പോൾ വരുന്നത്‌ വൈകുണ്ഠത്തിൽനിന്നോ ദേവലോകത്തുനിന്നോ? അങ്ങയുടെ രൂപം കണ്ടതുകൊണ്ട്‌ പൂർണചന്ദ്രനുദിക്കുമ്പോൾ ആമ്പൽ എന്നതുപോലെ എന്റെ മനസ്സ്‌ സന്തുഷ്ടമാകുന്നു. അങ്ങയുടെ നിർദ്ദേശമനുസരിച്ച്‌ ഞാൻ എന്താണു ചെയ്യേണ്ടത്‌ എന്ന്‌ അങ്ങു പറയുക.

അനുബന്ധ വിവരം: 

നാരദൻ പ്രവേശിക്കുന്നു. നളൻ നാരദനെ ആദരപൂർവം സ്വീകരിച്ചിരുത്തി വന്ദിക്കുന്നു. (2 കിടതകധിം താം)