കണ്ടേൻ നികടേ നിന്നെ

രാഗം: 

കമാസ്

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

ദമയന്തി

പല്ലവി:
കണ്ടേൻ നികടേ നിന്നെ കളിവാക്കു തവ കേട്ടേനേ.

അനു.
കഞ്ജഭവനനുടെ വാഹനമേ,
കമ്രരൂപമതിരമ്യചാടുവചനം.

ച.1
പ്രേഷകനായതു കമലജനോ തവ!
നൈഷധപുരമോ പരമപദം?
മധുരാകൃതേ, ഗുണവാരിധേ, ഖഗ-
സാർവ്വഭൗമ, ജയ! നൗമി തേ ചരിതം.

2
നളിനാസനവരവാഹന, നീ മമ
നളനൃപഗുണഗണമോതുകെടോ,
തവ വാചികം അഴൽമോചകം; മമ
കർണ്ണമാരചയ പുണ്യലേശയുതം.

3
സന്തതമുള്ള മനോരഥവും പുന-
രിന്നു ഭവാനൊടു ഞാൻ പറയാം.
തുണയാകിലോ, ഗുരുകൃപാകുലാശയ,
ദീനയാമെനിക്കു മാനനീയഗുണ.

അർത്ഥം: 

പദത്തിന്റെ സാരം:
ബ്രഹ്മാവിന്റെ വാഹനമേ, സുന്ദരമായ വാക്കു പറയുന്നവനും മനോഹരരൂപനുമായ നിന്നെ അടുത്തു കണ്ടു. നിന്റെ കളിവാക്കും കേട്ടു. നിന്നെ പറഞ്ഞയച്ചതു ബ്രഹ്മാവുതന്നെയോ? നൈഷധന്റെ നഗരമാണോ നിന്റെ വാസസ്ഥലം? മധുരരൂപനും ഗുണസമുദ്രവുമായ അല്ലയോ പക്ഷികളുടെ ചക്രവർത്തീ! നീ ജയിക്കുക. നിന്റെ ചരിതത്തെ ഞാൻ നമിക്കുന്നു. ബ്രഗമവാഹനമേ, നീ എന്നോടു നളമഹാരാജാവിന്റെ ഗുണഗണങ്ങൾ പറയുക. നിന്റെ വാക്കുകൾ എന്റെ ദുഃഖം കളയും. എന്റെ ചെവികളെ അല്പമെങ്കിലും പുണ്യമുള്ളതാക്കിയാലും!