ഊർജ്ജിതാശയ

രാഗം: 

കാംബോജി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

ഹംസം

ശ്ലോകം  
ഇതി സ നൃപതിനാ ഖഗോ വിസൃഷ്ടോ
നിജജനസന്നിധിമേത്യ ജാതമോദം
അഥ വിഗതഭയോ ദയാപയോധിം
നികടഗതോ നിഷധേശ്വരം നൃഗാദീത്‌ 
 
പദം
ഹംസം:  
ഊർജ്ജിതാശയ, പാർത്ഥിവ, തവ ഞാൻ
ഉപകാരം കുര്യാം.

അനുപല്ലവി:
ഓർത്തുകണ്ടോളം ഉത്തമനാം നീ
ഉപമാ നഹി തവ മൂന്നുലകിലും.

ചരണം 1
ഭൂതലമഖിലം ഭൂലതിക
പരിപാതി നൃപാധിപ, തേ;
നൂതനസുഷമം വപുരഖിലേക്ഷണ
കൗതുകമാതനുതേ;
ആദരണീയമശേഷമഹോ! തവ
ഭൂതദയാവസതേ,
ചൂതശരാഭ, ഗുണൈരുചിതാ
ദയിതാ തവ ജാതു ന മിളിതാ സുലളിതാ.
 
ചരണം 2
ദർപ്പിതരിപുനൃപകല്പകൃശാനു
വിദർഭമഹീരമണൻ
കെല്പുള്ള ഭീമനു ചൊല്പെറുമൊരുമകള–
പ്രതിമാ ഭുവനേ
ത്വത്പ്രിയയാകിലനല്പഗുണത്വം
നിഷ്ഫലമല്ലയി! തേ;
തദ്ഘടനായ പ്രഗല്ഭത മേ
മതിയാം തരവേണമിന്നതിനായനുമതി.
 
ചരണം 3
കാമിനി രൂപിണി ശീലവതീമണി
ഹേമാമോദസമാ
ഭീമനരേന്ദ്രസുതാ ദമയന്തീ
നാമ രമാനവമാ
സാമരധാമവധൂമദഭൂമ
വിരാമദകോമളിമാ
ത്വാമനുരാഗിണിയാം അതെനിക്കുഭരം,
അമരാധിപതിമപഹായരാഗിണം.     

അർത്ഥം: 

ശ്ലോകാർത്ഥം: 
ഇത്തരത്തിൽ രാജാവിനാൽ വിട്ടയക്കപ്പെട്ട ആ പക്ഷിശ്രേഷ്ഠൻ സന്തോഷത്തോടേ സ്വജനങ്ങളുടെ സമീപം പോയ ശേഷം ഭയം വെടിഞ്ഞ് നളന്റെ അടുത്ത് വന്ന ദയാവാരിധിയായ അദ്ദേഹത്തോട് പറഞ്ഞു. 

പദത്തിന്റെ സാരം:
ഉത്കൃഷ്ടമായ മനസ്സുള്ള അല്ലയോ രാജാവേ, അങ്ങേയ്ക്കു ഞാൻ ഉപകാരം ചെയ്യാം. മനസ്സിലാക്കിയിടത്തോളം ഉത്തമനായ നിനക്കു തുല്യനായി മൂന്നു ലോകത്തിലും ആരുമില്ല. പുരികക്കൊടികൊണ്ട്‌ ഭൂമിയാകെ പരിപാലിക്കുന്നവനേ, നവസൗന്ദര്യമുള്ള നിന്റെ ശരീരം എല്ലാവർക്കും കൗതുകമുണ്ടാക്കുന്നു. കാമദേവനെപ്പോലെ സുന്ദരനായ നിനക്കു ഗുണംകൊണ്ടും സൗന്ദര്യംകൊണ്ടും ചേരുന്ന ഒരു സുന്ദരിയെ പത്നിയായി ലഭിച്ചില്ലല്ലൊ. അഹങ്കാരികളായ ശത്രുക്കൾക്കു പ്രളയാഗ്നിയും വിദർഭരാജാവുമായ ഭീമനു ഭൂമിയിൽ മറ്റാരും തുല്യരല്ലാത്ത ഒരു മകളുണ്ട്‌. അവളോടു നിന്നെ ചേർക്കാനുള്ള സാമർത്ഥ്യം എനിക്കുണ്ട്‌. നീ അതിന്‌ എനിക്ക്‌ അനുമതി തരണം. കാമവതിയും രൂപഗുണമുള്ളവളും സൽസ്വഭാവമുള്ളവളും ലക്ഷ്മദേവിയെക്കാൾ കുറവില്ലാത്തവളും ദേവസുന്ദരിമാരുടെ അഹങ്കാരം ഇല്ലാതാക്കുന്നവളുമായ ദമയന്തിയെ നിന്റെ കാമിനിയാക്കുന്നതിന്റെ ചുമതല എനിക്കാണ്‌. തന്നിൽ അനുരാഗിയായ ഇന്ദ്രനെപ്പോലും വെടിഞ്ഞ്‌ അവൾ നിന്റെ അനുരാഗിണിയാവും.

അരങ്ങുസവിശേഷതകൾ: 

ഹംസം വീണ്ടും പ്രവേശിക്കുന്നു (പഞ്ചാരിതാളം). (തുടർന്നു കിടതകധിം താം)