രാഗം:ഉശാനി
താളം:ത്രിപുട
കഥാപാത്രം:കുചേല പത്നി
കാലേസ്മിൻ സദനേ മുനേർമ്മുരഭിദസ്സാന്ദീപനേസ്സാദരം
സമ്പ്രാപ്തം ഖലു പൂർവമേകഗുരുതാം വിപ്രം കുചേലാഭിധം
നിസ്സ്വഞ്ചാപി ധനേഷു നിഃസ്പൃഹമുപേത്യാപത്യുയുക്താ സതീ
ദാരിദ്ര്യാധിക (ഗ?) മാദ്വിഷാദവിവശാ ഭർത്താരമാഹൈകദാ
കല്യാണാലയ! വാചം മേ വല്ലഭാ കേൾക്ക
മല്ലാരിപ്രിയാ സാദരം
കല്യ! കർമ്മനിർമ്മുക്ത നല്ല നൂനം തേന
ചൊല്ലുന്നു ശുചം വിപ്രതല്ലജാ ഗുണാംബുധേ!
ഇല്ല മറ്റൊരുവർക്കേവം ദാരിദ്യദുഃഖം ഇല്ലവുമതിജീർണ്ണമായ്
ദുർല്ലഭം യദി സർവ്വം – ശാല്യന്നമതും കാണ്മാ-
നില്ലാ വസ്ത്രവും പാർത്താലല്ലലതുകൊണ്ടേറ്റം
ഓരോരോപുരങ്ങൾ തോറും ചെന്നു യാചിച്ചാൽ
കാരുണ്യമുദിപ്പോരില്ലേ
സൂര്യാസ്തമയേ നോ ചേ-ദാര്യാ! കളമാലവം
പാരാതെ തരുമതു കാരണമെത്ര കഷ്ടം!
ചിക്കനെ കലാപങ്ങളെ-വല്ലതും കൊണ്ടു
വിക്രയം ചെയ്തുഭക്ഷിപ്പാൻ
പൊൻകുണ്ഡലവും താലീ-വർഗ്ഗം കങ്കണങ്ങളും
മൽകരത്തിങ്കലില്ലെന്നുൾക്കാമ്പിൽ ബോധമല്ലോ
ബാലഭാസ്കരൻ പൂർവാദ്രി മൗലിയിലായാൽ
ബാലന്മാർ വിശന്നുവന്നു
കാലിണയവലംബിച്ചാലാപിച്ചീടുന്നേരം
മാലുള്ളതുരചെയ്‌വാനാ ളല്ലേ ഫണീന്ദ്രനും
ഭർത്താവേ! തവ വയസ്യൻ കേശവനെന്നു
കീർത്തിയുണ്ടതു നിർണ്ണയം
ദൈത്യാരി മുകുന്ദനെ പ്രീത്യാ ചെന്നു കണ്ടേവം
വൃത്താന്തമുണർത്തിച്ചാലാർത്തിശാന്തിയുണ്ടാകും
നിർവാണപ്രദൻ ഗോവിന്ദൻ ശർവാദിവന്ദ്യൻ
ഉർവീഭാർഗ്ഗവീനായകൻ
ചാർവംഗീഗണേശനോദുർവാരദരിദ്രത്വം
നിർവാദമൊഴിച്ചീടും ഉർവരാസുരമൗലേ!
പണ്ടു നീ ഗുരുമന്ദിരാൽ വേർപിരിഞ്ഞതിൽ
ഉണ്ടോ കൊണ്ടൽനേർവർണ്ണനെ-
ക്കണ്ടു കല്പകവൃക്ഷം കാലിണ തൊഴുവോർക്കി-
ന്നിണ്ടലിതുണർത്തിച്ചാലുണ്ടാകും കൃപാമൃതം