രാഗം:ശങ്കരാഭരണം
താളം:ചെമ്പട
കഥാപാത്രം:ശ്രീകൃഷ്ണൻ
ശ്ലോകം
ലക്ഷ്മീതല്പേ മുരാരിർദ്വിജവരമുപവേശ്യാത്മജായാസമേതോ
ബാഹുഭ്യാം നേനിജാനേ നിജയുവതികരാലംബിഭൃംഗാരവാരാ
തൽപ്പാദം തോയഗന്ധാദിഭിരഥ വിധിവത് സാധു സംപൂജ്യ മന്ദം
ലിംബൻ പാടീരപങ്കം മധുരതരഗിരം പ്രാഹ തം വാസുദേവഃ
കലയാമിസുമതേ ഭൂസുരമൌലേ !
കലിതാനന്ദമെനിക്കു കനിവോടു തവാഗമം
സരണീ പരിശ്രമങ്ങൾ പാരമില്ലാതെയല്ലീ
പരമ ധാർമ്മികനത്ര പാരാതെ വന്നതും ?
കരണീയമെന്തു തുഭ്യം പരിചിൽ കിമു കുശലം
ചിരകാലമായില്ലയോ ദർശനം മുദാവയോഃ ?
പൃഥ്വീസുരാ തേ പാദതീർത്ഥമേൽക്കയാലിന്നു
എത്രയും കൃതാർത്ഥനായ് വർത്തിക്കുന്നേഷ ഞാനും
സത്തുക്കളുടെ സംഗം തീർത്ഥസ്നാന സമാനം
ശാസ്ത്ര വിശ്രുതമതു ചിത്തേ ബോധമല്ലയോ?
സാന്ദീപനി മുനിതൻ സദനേ യുഗപദാവാം
വേദാദിപാഠം ചെയ്തതധുനാ വിസ്മൃതമായോ?
വേദവിദാം വരന്റെ മദിരാക്ഷി നിയോഗത്താൽ
ഏധാംസി സമാർജ്ജിപ്പാൻ യാതരായതുമില്ലേ?
ഇന്ധനസമ്പാദനാനന്തരമൊരു കാട്ടിൽ
അന്തണാധിപാ ! വാണു സന്ധ്യയും വന്നു കൂടി
ബന്ധം വിനാ വൃഷ്ടിയുമന്ധകാരവും കൊണ്ടു
താന്തരായ് നമ്മൾ വല്ലീ ബന്ധത്തിൽ
വാണതില്ലേ
ചീർത്ത വാത ഭീതിയാൽ ഹസ്തങ്ങൾപരസ്പരം
കോർത്തു തുറപ്പിൽ പാർത്തു രാത്രിയെ നയിച്ചതും
മാർത്താണ്ഡോദയേ മുനി സത്തമൻ നമ്മേക്കാണാ- ഞ്ഞാർത്തനായ് തിരഞ്ഞു കണ്ടെത്തി വനത്തിൽ വന്നു
പിന്നെ നാം മുനിയോടുമൊന്നിച്ചുടജേ ചെന്നു
വന്ദിച്ചു ദാരുഷണ്ഡം മുന്നിൽ വച്ചൊരു നേരം
നന്ദിച്ചനുഗ്രഹിച്ചു ധന്യനാം മുനി നമ്മെ
അന്യം ഗുരു കടാക്ഷാലൊന്നു വേണമെന്നുണ്ടോ ?
ബ്രഹ്മസത്തമനുടെ നന്മ കൊണ്ടല്ലോ നമ്മൾ ജന്മസാഫല്യത്തേയും ചെമ്മേ ലഭിക്കുന്നല്ലീ ? സമ്മതമല്ലോ ഗുരുദക്ഷിണാ ശക്തിപോലെ ബ്രഹ്മകുലാവതംസാ ! ചെയ്തെന്നാലേറെ നല്ലൂ സിന്ധുവിൽ മൃതനായ ഹന്ത! ഗുരുസുതനെ അന്തരം കൂടാതെ കണ്ടന്തകനൊടു വാങ്ങി അന്തണനനു ദക്ഷിണ ചന്തത്തിൽ ചെയ്കയാലേ സന്തോഷം സർവ ശാസ്ത്ര സിന്ധോ നൽകുന്നദ്യാപി