രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ശ്രാവം ശ്രാവം തദാനീം പ്രിയനിധനമഥ ക്രോധസംഘൂര്‍ണ്ണിതാഭ്യാം
ചക്ഷുര്‍ഭ്യാമുദ്വമന്തീ സ്മരഹരനിടിലോല്‍ഭ്രാന്തബര്‍ഹിശ്ശിഖാഭാം
ഭ്രാമ്യജ്ജ്യോതിഷ്കണാളിം ഘടനഝടഝടാദംഷ്ട്രികാ സിംഹികേതി
പ്രഖ്യാതാസഹ്യ രൂക്ഷാക്ഷരകഥനപരാ രാക്ഷസീ പ്രോത്ഥിതാഭൂല്‍
പല്ലവി:
ഹന്ത കാന്ത കൃതാന്തപുരന്തന്നില്‍
ബന്ധുരാംഗ വെടിഞ്ഞു മാം പോയിതോ
അനുപല്ലവി:
എന്തിനിന്നു സന്താപനിമഗ്നയായ്
കാന്താരത്തില്‍ വസിക്കുന്നു ഞാനയ്യോ
ചരണം 1:
കര്‍ബ്ബുരാധിപനായ ഹിഡിംബനെ
ദുര്‍ബ്ബലന്‍ ഭീമന്‍ കൊന്നതുമോര്‍ക്കുമ്പോള്‍
ദുര്‍ബ്ബലന്മാര്‍ക്കുമോരോരോ കാലത്തു
നിര്‍ഭരം ബലമുണ്ടായ്‌വരുന്നിതു
ചരണം 2:
ഏകചക്രയില്‍ ചെന്നിരന്നുണ്ടനാ-
ളേകനായ്ത്തന്നെ കൊന്നു ബകനേയും
ശോകമേറെ വളരുന്നു മാനസേ
ശോഭകേടിവ പാര്‍ത്തുകാണുംതോറും
ചരണം 3:
ഭ്രാതാവെക്കൊന്ന പാഴനോടുംകൂടി
പ്രത്യഹം രമിക്കുന്നു ഹിഡിംബിതാന്‍
ഇത്ര നാണം കൂടാതൊരുത്തിയെ
ഇത്രിലോകത്തില്‍ കണ്ടില്ല ഞാനഹോ
[ഭർതൃനിഗ്രഹകർത്തൃഭൂതന്മാരാം
മർത്ത്യരൈവരുമുണ്ടീവനത്തിങ്കൽ
സത്വരമതിനുത്തരം ചെയ്‌വാനും
സത്വമില്ല എനിക്കൊന്നിരിക്കിലും]
ചരണം 4:
ഐവര്‍ക്കും പ്രാണവല്ലഭയായിട്ടു
കേവലം ഒരുത്തി എന്നു കേള്‍പ്പു ഞാന്‍
അവളെ കൊണ്ടുപോരുന്നതുണ്ടു ഞാ-
നവരെ ചതിച്ചാശു വനാന്തരേ
[സാദരം കാഴ്ചവെച്ചീടാമെന്നുടെ
സോദരനായ കിർമ്മീരവീരനു
പ്രേതരാജ്യം ഗമിപ്പാനവർക്കിന്നു
ഹേതുവായ് വന്നുകൂടുമവൾ തന്നെ]
അർത്ഥം:
ശ്രാവം ശ്രാവം:
അനന്തരം സിംഹിക എന്ന രാക്ഷസി ഭര്‍ത്താവായ ശാര്‍ദ്ദൂലന്‍ അര്‍ജ്ജുനനാല്‍ കൊല്ലപ്പെട്ടു എന്നറിഞ്ഞ്, കോപത്താല്‍ ഉരുട്ടിമിഴിച്ച കണ്ണുകളില്‍ നിന്ന് ശിവന്റെ നെറ്റിയില്‍നിന്നും തെറിച്ച തീജ്വായുടെ ശോഭയുള്ള പാറിപറക്കുന്ന തീപ്പൊരികളുടെ സമൂഹത്തെ പുറത്തുവിട്ടുകൊണ്ട്, കൂട്ടിമുട്ടി ‘ഝടഝടാ‘ എന്ന് ശബ്ദിക്കുന്ന ദംഷ്ട്രങ്ങളോടുകൂടിയവളായിട്ട്, അസഹ്യമായ പരുഷവാക്കുകള്‍ പറഞ്ഞുകൊണ്ട് ചാടിപ്പുറപ്പെട്ടു.
ഹന്ത കാന്ത:
അയ്യോ! കാന്താ,സുന്ദരാംഗാ,എന്നെ ഉപേക്ഷിച്ച് യമപുരിയിലേക്ക് പോയോ? അയ്യോ! ഞാന്‍ എന്തിനിന്ന് സന്താപത്തില്‍ മുഴുകി കാട്ടിലിരിക്കുന്നു? രാക്ഷസാധിപനായ ഹിഡിംബനെ ദുര്‍ബ്ബലനായ ഭീമന്‍ വധിച്ചതോര്‍ക്കുബോള്‍, ദുര്‍ബ്ബലന്മാര്‍ക്കും ചില കാലത്ത് അധികമായ ബലമുണ്ടായി വരുന്നുണ്ട്. ഏകചക്രയില്‍ ചെന്ന് ഇരന്നുണ്ട് കഴിഞ്ഞിരുന്ന കാലത്ത് ഭീമന്‍ ഒറ്റക്ക് തന്നെ ബകനേയും കൊന്നു. ഈ മാനക്കേടുകളെപറ്റി ഓര്‍ക്കുന്തോറും മനസ്സില്‍ ശോകം വല്ലാതെ വളരുന്നു. ജേഷ്ഠനെ കൊന്ന നീചനുമായി നിത്യവും രമിക്കുന്നു ഹിഡിംബി! ഹോ! ഇത്ര നാണംകൂടാത്ത ഒരുത്തിയെ ഞാന്‍ ഈ ത്രിലോകത്തിലൊരിടത്തും കണ്ടിട്ടില്ല. ഭര്‍ത്താവിന്റെ നിഗ്രഹത്തിന് കാരണക്കാരായ അഞ്ചുമനുഷ്യരും ഈ കാട്ടിലുണ്ട്. പെട്ടന്ന് ഇതിനു പകരം ചെയ്യാനുള്ള കരുത്ത് എനിക്കില്ല. എന്നിരിക്കിലും അഞ്ചുപേര്‍ക്കും പ്രാണവല്ലഭയായിട്ട് ഒരേഒരു പെണ്ണാണെന്ന് കേള്‍ക്കുന്നു. അവരെ ചതിച്ച് ഞാന്‍ ഉടനെതന്നെ അവളെ കൊണ്ടുപോരുന്നുണ്ട്. അവളെ ജേഷ്ഠനായ കിര്‍മ്മീരവീരന് സാദരം കാഴ്ചവെയ്ക്കാം. അവര്‍ യമപുരിയിലെത്തുവാന്‍ അവള്‍തന്നെ കാരണമായിക്കൊള്ളും.
അരങ്ങുസവിശേഷതകൾ:
സിംഹികയുടെ രൌദ്രമായ തിരനോട്ടം.
സിംഹികയുടെ ആട്ടം (കരിവട്ടം)- താളം: മുറിയടന്ത (രണ്ടാം കാലം) അടന്തവട്ടം
തിരതാഴ്ത്തുമ്പോള്‍ കൈയ്യില്‍ തൂപ്പുകളുമായി രംഗമദ്ധ്യത്തില്‍ നില്ക്കുന്ന സിംഹിക ആഹ്ലാദമായി ഉലഞ്ഞു കാല്‍ കുടഞ്ഞ് കലാശിക്കുന്നു.
സിംഹിക:(തന്റെ ദേഹമാസകലം ഒന്നു നോക്കിയിട്ട്) ‘ഛേ! വല്ലാതെ വൃത്തികേടായിരിക്കുന്നു. ഇനി ദേഹമൊന്ന് അലങ്കരിക്കുകതന്നെ’
തുടര്‍ന്ന് സിംഹിക ജടപിടിച്ച് ഒട്ടി കിടക്കുന്ന തലമുടി എണ്ണ പുരട്ടി വേര്‍പെടുത്തി പിന്നില്‍ തുമ്പുകെട്ടി ഒരുക്കുകയും, തോടകള്‍ അഴിച്ച് കാതില്‍ വീണ്ടും അണിയുകയും, കണ്ണില്‍ മഷി എഴുതുകയും, തിലകം തൊടുകയും ചെയ്ത് ദേഹം അലങ്കരിക്കുന്നു. അനന്തരം സന്തോഷത്തോടെ കുമ്മി,പന്തടി, തെരുപ്പറക്കുക തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നു. കളിച്ച് ക്ഷീണിതയായ സിംഹിക ഇരുന്ന് ഉത്തരീയം കൊണ്ട് വീശുന്നു.
സിംഹിക:‘എന്റെ ഭര്‍ത്താവ് മാംസം അന്വേഷിച്ച് പോയിട്ട് വളരെ നേരമായല്ലൊ, ഇനിയും വരാത്തതെന്ത്?’ (ചിന്തിച്ചിട്ട്) ‘ആകട്ടെ,അന്യൂഷിച്ച് പോവുകതന്നെ’ (നടക്കുന്നതിനിടയില്‍ ശംബ്ദം കേട്ടിട്ട്) ‘ഏ? മനുഷ്യരുടെ ശബ്ദം ഇങ്ങിനെ ഉയര്‍ന്ന് കേള്‍ക്കുന്നതെന്താണ്?’ (ശ്രദ്ധിച്ചുകൊണ്ട്) ‘അര്‍ജ്ജുനന് ജയം ഭവിക്കട്ടെ,അജ്ജുനന് ജയം ഭവിക്കട്ടെ, എന്നോ? എന്താണ് കാരണം?’ (വീണ്ടും ശ്രദ്ധിച്ചുകേട്ടിട്ട്) ‘നമ്മുടെ ശത്രുവായ ശാര്‍ദ്ദൂലനെ അജ്ജുനന്‍ കൊന്നു, എന്നോ? ഏ! അയ്യോ! എന്റെ ഭര്‍ത്താവിനെ വധിച്ചുവെന്നോ?’ (ശ്രദ്ധിച്ചു കേട്ട് തീര്‍ച്ചവരുത്തിയിട്ട്) ‘ഹാ! ദൈവമേ!’ (തലയിലും മാറിലും മാറിമാറി അടിച്ച്, അലറിക്കൊണ്ട്) ‘എനിക്കിനി ആശ്രയം ആരാണ്? ഞാന്‍ ഇനി എന്തു ചെയ്യേണ്ടു?’ (ആലോചിച്ചിട്ട്) ‘ആകട്ടെ ഇനി ചെയ്യേണ്ടതെന്തെന്ന് ആലോചിച്ചുറയ്ക്കുക തന്നെ.’
സിംഹിക നാലാമിരട്ടി ചവുട്ടിയിട്ട് ദു:ഖത്തോടും അമര്‍ഷത്തോടും കൂടി പദം അഭിനയിക്കുന്നു.
ബ്രാക്കറ്റിലുള്ളവ ഇപ്പോൾ അരങ്ങത്ത് പതിവില്ല.
അനുബന്ധ വിവരം:
പദാഭിനയത്തിനുശേഷം ആട്ടം:
സിംഹിക:‘അതുകൊണ്ട് ഇനി വേഗം ഒരു സുന്ദരീരൂപം ധരിച്ച് സൂത്രത്തില്‍ ചെന്ന്, നല്ലവാക്കുകള്‍ പറഞ്ഞ് പാഞ്ചാലിയെ കൊണ്ടുപോരിക തന്നെ’
സിംഹിക നാലാമിരട്ടിയെടുത്ത് പ്രത്യക്ഷമുദ്രയോടെ ലളിതയായി ചമഞ്ഞ്, ലാസ്യഭാവത്തില്‍ ഏതാനം ചുവടുകള്‍ വെച്ചിട്ട് നിഷ്ക്രമിക്കുന്നു.
തിരശ്ശീല
മനോധർമ്മ ആട്ടങ്ങൾ: