പാത്രം തപസ്തനുഭുവേഥ വിതീര്യ യാതേ

രാഗം: 

കേദാരഗൌഡം

ആട്ടക്കഥ: 

കിർമ്മീരവധം

പാത്രം തപസ്തനുഭുവേഥ വിതീര്യ യാതേ
തിഗ്മദ്യുതൌ നിജമനോരഥലാഭ ഹൃഷ്ടാ:
പാര്‍ത്ഥാ വനം വനിതയാ സമമധ്യവാത്സു-
ര്‍ദൈത്യാരിസംസ്മരണരീണ സമസ്തപാപാ:

അർത്ഥം: 

സൂര്യദേവന്‍ ധര്‍മ്മപുത്രര്‍ക്ക് അക്ഷയപാത്രം നല്‍കി മറഞ്ഞശേഷം തങ്ങളുടെ അഭിലാഷസിദ്ധിയില്‍ സന്തോഷം‌പൂണ്ട പാണ്ഡവര്‍ പത്നിയോടുകൂടി ശ്രീകൃഷ്ണനെ സ്മരിച്ച് സകലപാപങ്ങളേയും അകറ്റികൊണ്ട് വനത്തില്‍ വസിച്ചു.

അനുബന്ധ വിവരം: 

പഴയചിട്ടയനുസ്സരിച്ച് ഈ ശ്ലോകവും അടുത്ത ശ്ലോകവും ചൊല്ലുന്ന സമയത്ത് ധര്‍മ്മപുത്രന്‍ ഇങ്ങിനെ ആ‍ടുക പതിവുണ്ട്- ‘ബ്രാഹ്മണരെ മൃഷ്ടമായി ഭുജിപ്പിച്ചതുകൊണ്ടുള്ള ശ്രേയസ്സ് പുഷ്ടിയാകുന്ന അക്ഷയപാത്രം കിട്ടിയതിനാല്‍ ആദിത്യസേവാഫലം ഇപ്പോള്‍ ലഭിച്ചു. ഇനി കാനനവാസം ഹേതുവായുള്ള പാപത്തെ നശിപ്പിക്കുവാന്‍ ദേവദേവനായ വാസുദേവനെ ഹൃദയത്തില്‍ സ്മരിക്കുകതന്നെ. അല്ലയോ സ്വാമിന്‍, അവിടുന്ന് ഭക്തരക്ഷണാര്‍ത്ഥം ഏറ്റവും കരുണയോടെ തന്റെ കിങ്കരിയായ യോഗമായയെ സ്വീകരിച്ച് ബലഭദ്രസ്വാമിയോടും കൂടി ഞങ്ങളുടെ മാതുലഗേഹത്തില്‍ അവതരിച്ച്, എല്ലാ യാദവര്‍ക്കും വലിയഗുണങ്ങളെ വര്‍ദ്ധിപ്പിച്ച്, ദ്വാരകയില്‍ വസിക്കുന്നു. ഞങ്ങള്‍ ഇപ്രകാരം ദു:ഖത്തോടേയും അന്യാശ്രയമില്ലാതേയും ഭവിച്ചു. കഷ്ടം! ക്യഷ്ണാ, ഞങ്ങളെ ഉപേക്ഷിക്കുകയാണോ?’ ഈ ആട്ടങ്ങള്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ  ലാഭാദക്ഷയഭാജനസ്യ വസുധാദേവൌഘ സംഭോജന- ശേയ:പുഷ്ടികരസ്യ ദ്ദൃഷ്ടമധുനാ ദേവാംഘിസേവാഫലം കാന്താരാന്തരവാസഹേതുദുരിതപ്രദ്ധ്വംസനാര്‍ത്ഥം പരം ദേവാനാമപിദേവമാശു കലയേ ശ്രീവാസുദേവം ഹൃദി”,  ഭക്താനാം‌ പാലനായ പ്രചുരകരുണയാ കിങ്കരീം യോഗമായാ- മംഗീകൃത്യാവതീര്‍ണ്ണസ്സഹ മുസലഭൃതാ മാതുലസ്യാലയേ യ: ഉദ്ധൃത്യോച്ചൈര്‍ഗുണാഢ്യം യദുകുലമഖിലം ത്വം വസന്‍ ദ്വാരകായാം അസ്മാനേവം വിഷണ്ണാന്‍ അനിതരശരണാന്‍ കൃഷ്ണ ഹാ കിം ജഹാസി എന്നി ശ്ലോകങ്ങളെ അടിസ്താനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.