ആമുഖം

കോട്ടയത്തുതമ്പുരാന്റെ രണ്ടാമത്തേതും, നാല് കഥകളില്‍ വച്ച് ഏറ്റവും പ്രൌഢവും കഠിനവുമായ ആട്ടകഥയാണ് ‘കിര്‍മ്മീരവധം’. മഹാഭാരതം വനപര്‍വ്വത്തെ അടിസ്ഥാനമാക്കി, ധര്‍മ്മപുത്രനെ നായകനാക്കിക്കൊണ്ടാണ് ഇത് രചിച്ചിരിക്കുന്നത്.

കഥാസംഗ്രഹം

പഞ്ചപാണ്ഡവൻമാരുടേയും പാഞ്ചാലിയുടേയും പുറപ്പാടും നിലപ്പദവും കഴിഞ്ഞ് കഥ ആരംഭിയ്ക്കുന്നു.

കൌരവരുമായി ചൂതില്‍ തോറ്റ് രാജ്യധനാദികള്‍ നഷ്ടപ്പെട്ട പാണ്ഡവര്‍ കുന്തീമാതാവിനെ വിദുരഗൃഹത്തിലാക്കിയിട്ട്, പാഞ്ചാലിയോടും ഗുരുവായ ധൌമ്യമഹര്‍ഷിയോടും കൂടി വനവാസത്തിനായി പുറപ്പെട്ടു. ഏതാണ്ട് എണ്‍പത്തെണ്ണായിരം ബ്രാഹ്മണരും അവരെ അനുഗമിക്കുന്നുണ്ടായിരുന്നു. കാമ്യകവനത്തിലെത്തിയപ്പോള്‍ ചുട്ടുപോള്ളുന്ന വെയിലും പൊടികാറ്റും ഏറ്റ് തളര്‍ന്ന പാഞ്ചാലിയെ കണ്ട് ധര്‍മ്മപുത്രന്‍ അത്യന്തം വിഷാദിക്കുന്ന രംഗത്തോടേയാണ് കഥയുടെ ഒന്നാം രംഗം ആരംഭിക്കുന്നത്. തന്റെ ഈ അവസ്ഥയിലല്ല മറിച്ച് നമുക്കൊപ്പമുള്ള ബ്രാഹ്മണര്‍ക്ക് ഭക്ഷണം നല്‍കുവാന്‍ കഴിയാത്തതിനാലാണ് തനിക്ക് ദു:ഖമെന്ന് പാഞ്ചാലി ധര്‍മ്മപുത്രനെ അറിയിക്കുന്നു.

രണ്ടാം രംഗത്തിൽ ഈ പ്രശ്നം പരിഹരിക്കാന്‍ മാര്‍ഗ്ഗമെന്തെന്ന് ധര്‍മ്മപുത്രന്‍ ഗുരുവായ ധൌമ്യനെ കണ്ട് ചോദിക്കുന്നു. തുടര്‍ന്ന് ധൌമ്യന്റെ ഉപദേശാനുസ്സരണം ആദിത്യസേവ ചെയ്യുന്ന ധര്‍മ്മപുത്രന്റെ മുന്‍പില്‍, സം‌പ്രീതനായ സൂര്യദേവന്‍ പ്രത്യക്ഷപ്പെട്ട് അക്ഷയപാത്രം നല്‍കുന്നു. ‘എല്ലാ ദിവസവും എല്ലാവര്‍ക്കും ആവശ്യമുള്ളിടത്തോളം ഭക്ഷണം ഈ പാത്രത്തില്‍ നിന്നും ലഭിക്കും. എന്നാല്‍ അതാതുദിവസം പാഞ്ചാലി ഭക്ഷിക്കുന്നതുവരെ മാത്രമെ ഇവ ലഭിക്കുകയുള്ളു’ എന്നു പറഞ്ഞ് സൂര്യന്‍ മറയുന്നു. ധര്‍മ്മപുത്രന്‍ അക്ഷയപാത്രം ഗുരുവിനെ കാട്ടുകയും, അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസ്സരണം ബ്രാഹ്മണാദികള്‍ക്ക് ഭക്ഷണം നല്‍കുവാനായി പാത്രം പാഞ്ചാലിയെ ഏല്‍പ്പിക്കുകയും ചെയ്യുന്നു. ഇങ്ങിനെ പാണ്ഡവര്‍ ഭഗവത്‌ഭജനത്തോടെ കാമ്യകവനത്തില്‍ കഴിയുമ്പോള്‍ ഒരുദിവസം, ബന്ധുക്കളും ഭക്തരുമായ പാണ്ഡവരുടെ ദുരവസ്തയെ അറിഞ്ഞ് കൃഷ്ണഭഗവാന്‍ അവരെ ദർശിക്കുവാനായി കുമുദ്വതി എന്ന സൈന്യത്തോടുകൂടി അവിടെയെത്തി. ധര്‍മ്മപുത്രന്റെ സങ്കടങ്ങള്‍ കേട്ട് അത്യന്തം കോപാകുലനായ ശ്രീകൃഷ്ണന്‍ ദുര്യോധനാദികളുടെ നിഗ്രഹോദ്ദേശത്തോടെ തന്റെ ചക്രായുധത്തെ സ്മരിക്കുന്നു. സംഹാരമൂര്‍ത്തിയേപോലെ അവിടെ പ്രത്യക്ഷപ്പെടുന്ന സുദര്‍ശ്ശനത്തെ കണ്ട് ധര്‍മ്മപുത്രന്‍, ശ്രീകൃഷ്ണനെ സമാധാനിപ്പിച്ച് ചക്രായുധത്തെ മടക്കുന്നു. ശ്രീകൃഷ്ണന്‍ പാണ്ഡവരെ അനുഗ്രഹിച്ച് മടങ്ങിപോകുന്നു. 

രംഗം മൂന്ന്. അനന്തരം പാണ്ഡവര്‍ക്ക് അക്ഷയപാത്രം ലഭിച്ച വൃത്താന്തമറിഞ്ഞ് അസ്വസ്തനായ ദുര്യോധനന്റെ പ്രേരണയാല്‍ ദുര്‍വ്വാസാവ് മഹര്‍ഷി പാണ്ഡവരുടെ അടുത്തെത്തുന്നു. മഹര്‍ഷിയേയും ശിഷ്യരേയും ധര്‍മ്മപുത്രന്‍ സ്വാഗതം ചെയ്ത് സ്നാനത്തിനയക്കുന്നു. 

രംഗം നാല്. ആ സമയത്ത് പാഞ്ചാലിയുടെ ഭക്ഷണം കഴിഞ്ഞിരുന്നു. ദുര്‍വ്വാസാവും ശിഷ്യരും സ്നാനം കഴിഞ്ഞ് എത്തുമ്പോള്‍ ഭക്ഷണം നല്‍കുവാന്‍ വഴിയില്ലല്ലൊ എന്നു ചിന്തിച്ച് പാഞ്ചാലി വിലപിക്കുന്നു‍. 

അഞ്ചാം രംഗത്തില്‍ പാഞ്ചാലിയുടെ അടുത്തേക്ക് ഭക്തവത്സലനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ എത്തുന്നു. പക്ഷേ ഭഗവാനും ‘വിശക്കുന്നു, എന്തെങ്കിലും ഭക്ഷണം തരൂ’ എന്ന് പാഞ്ചാലിയോട് യാചിക്കുകയാണ് ചെയ്തത്. തന്റെ ഭക്ഷണം കഴിഞ്ഞതിനാല്‍ യാതൊന്നും ഇവിടെ ശേഷിക്കുന്നില്ല എന്നറിയിക്കുന്ന പാഞ്ചാലിയോട് ‘നോക്കു,എന്തെങ്കിലും കാണും’ എന്നുപറഞ്ഞ് കൃഷ്ണന്‍ പാത്രം കൊണ്ടുവരീക്കുന്നു. അതില്‍ പറ്റിക്കിടന്ന ശാകശകലം വാങ്ങി ഭക്ഷിച്ച് തൃപ്തനായി ശ്രീകൃഷ്ണന്‍ പെട്ടന്നുതന്നെ പോകുന്നു. 

രംഗം ആറിൽ, ലോകനാഥനായ ഭഗവാന്‍ തൃപ്തനായതോടേ ഈ സമയം ഗംഗയില്‍ സ്നാനംചെയ്തുകൊണ്ടിരുന്ന ദുര്‍വ്വാസാവിനും ശിഷ്യര്‍ക്കും വയറുനിറഞ്ഞ് തൃപ്തി കൈവരുന്നു. ജ്ഞാനദൃഷ്ടിയാല്‍ എല്ലാം ഭഗവത്‌ലീലയാണേന്നു മനസ്സിലാക്കിയ മഹര്‍ഷി ധര്‍മ്മപുത്രരെ കണ്ട് അനുഗ്രഹിച്ച് ദുര്യോധനന്റെ ഗർവ്വം തീർക്കുമെന്നും പറഞ്ഞ് മടങ്ങിപോകുന്നു‍. 

രംഗം ഏഴിൽ, കുറച്ചുകാലങ്ങള്‍ക്കുശേഷം ഒരിക്കല്‍ വനത്തില്‍ വയ്ച്ച് ശാര്‍ദ്ദൂലന്‍ എന്ന ഒരു രാക്ഷസന്‍ അര്‍ജ്ജുനനുമായി ഏറ്റുമുട്ടുകയും, അവനെ അര്‍ജ്ജുനന്‍ വധിക്കുന്നു. 

എട്ടാം രംഗത്തില്‍ ശാര്‍ദ്ദൂലന്റെ മരണം അറിഞ്ഞ പത്നി സിംഹിക ദു:ഖിക്കുന്നു.  പ്രതികാരം ചെയ്യാനുറച്ച് സിംഹിക സുന്ദരീരൂപം(ലളിത) ധരിച്ച് പാഞ്ചാലിയെ അപഹരിക്കുവാനായി പുറപ്പെടുന്നു. 

ഒമ്പതാം രംഗത്തിൽ, പാണ്ഡവര്‍ സന്ധ്യാവന്ദനത്തിനു പോയ തക്കംനോക്കി ലളിത പാഞ്ചാലിയെ സമീപിച്ച്, ഇവിടെ അടുത്തൊരു ദുര്‍ഗ്ഗാക്ഷേത്രമുണ്ടെന്നും അവിടെ ചെന്ന് പ്രാര്‍ത്ഥിച്ചാല്‍ സര്‍വ്വദുരിതങ്ങളും ഒടുങ്ങുമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുന്നു. 

തുടര്‍ന്ന് ലളിത സൂത്രത്തില്‍ പാഞ്ചാലിയെ മറ്റൊരു കാട്ടിലേക്ക് കൂട്ടികൊണ്ടുപോകുന്നു. കുറേ ദൂരം ചെന്നപ്പോള്‍ അപശകുനങ്ങള്‍ കണ്ട് പാഞ്ചാലി തിരികെ പോരാന്‍ ഒരുങ്ങുന്നു. സിംഹിക തനിരൂപം കൈക്കൊണ്ട് ബലാല്‍ക്കാരമായി പാഞ്ചാലിയെ എടുത്തുകൊണ്ടുപോകുന്നു. 

പത്താം രംഗത്തിൽ ഭയചികിതയായ പാഞ്ചാലി വിലപിക്കുന്നതാണ്. 

പതിനൊന്നാം രംഗത്തില്‍ നിലവിളി കേട്ട് ഓടിയെത്തിയ സഹദേവന്‍ പാഞ്ചാലിയെ രക്ഷപ്പെടുത്തിയിട്ട് സിംഹികയുടെ കുചനാസികകള്‍ ഛേദിക്കുന്നു. 

പന്ത്രണ്ടാം രംഗത്തിൽ ഈ വിവരങ്ങള്‍ മറ്റുപാണ്ഡവരെ സഹദേവനും പാഞ്ചാലിയും ചെന്ന് അറിയിക്കുന്നു. 

പതിമൂന്നാം രംഗത്തില്‍ സിംഹിക വികൃതമാക്കപ്പെട്ട ശരീരത്തില്‍ നിന്നും നിണമൊഴുക്കിക്കൊണ്ട് തന്റെ സോദരനും രാക്ഷസപ്രമുഖനുമായ കിര്‍മ്മീരന്റെ സമീപമെത്തി സങ്കടമറിയിക്കുന്നു. ഉടനെ സോദരിയെ സമാധാനിപ്പിച്ച് അയച്ചശേഷം കിര്‍മ്മീരന്‍ അതിയായ കോപത്തോടെ സൈന്യസമേതം പാണ്ഡവരെ നശിപ്പിക്കുവാനായി പുറപ്പെട്ടു. 

പതിനാലാം രംഗത്തില്‍ കിര്‍മ്മീരന്‍ ഭീമനെ പോരിനു വിളിക്കുന്നു. (പാണ്ഡവരില്‍ ഏറ്റവും കരുത്തനായ ഭീമനെ ജയിച്ചാല്‍ മറ്റുള്ളവരെല്ലാം പരാജയപ്പെട്ടതുതന്നെ എന്നു വിശ്വസിച്ചായിരിക്കാം കിര്‍മ്മീരന്‍ ഭീമനെ പോരിനു വിളിച്ചത്). തുടര്‍ന്ന് നടക്കുന്ന ഘോരയുദ്ധത്തില്‍ ഭീമന്‍ കിര്‍മ്മീരനെ വധിക്കുന്നു. രംഗം പതിനഞ്ചിൽ ദുഷ്ടരാക്ഷസനെ വധിച്ചതറിഞ്ഞ കാമ്യകവനവാസികളായ മുനിമാര്‍ വന്ന് ഭീമസേനനെ സ്തുതിചെയ്യുന്നതോടെ കഥ പൂര്‍ണ്ണമാകുന്നു.