മാധവ ജയശൌരേ മഹാത്മന്‍

രാഗം: 

നാട്ടക്കുറിഞ്ഞി

താളം: 

മുറിയടന്ത – ദ്രുതകാലം

ആട്ടക്കഥ: 

കിർമ്മീരവധം

കഥാപാത്രങ്ങൾ: 

സുദർശനം

താവദ്വൈകുണ്ഠവാമേതര കരപരിഘ പ്രൌഢഭൂഷായമാണം
ദൃപ്യദ്ദൈത്യേന്ദ്രകണ്ഠക്ഷരദസൃഗനുലിപ്താംഗ പിംഗീകൃതാശം
കല്പാന്താനല്പദീപ്തി പ്രചുരപരിണമല്‍ കോടിസൂര്യപ്രകാശം
ചക്രാഖ്യം ധാമ ചക്രായുധസവിധമുപേത്യാശു തുഷ്ടാവ ശൌരീം

പല്ലവി:
മാധവ ജയശൌരേ മഹാത്മന്‍
മാധവ ജയശൌരെ

ചരണം 1:
മാധവ മുരഹര മകരാകൃതിധര
മന്ദരോദ്ധാരചതുര മഹീധര
മഹിതസൂകരാവതാര
മാന്യതര ഘോരനരമൃഗ ചാരു
വടുവര ശൂരഭൃഗുസുത സൂരകുലനൃപഹീര
കരധൃതസീര യദുവീര കല്ക്കി സുശരീരാ

ചരണം 2:
നിന്തിരുവടിയുടെ നിയോഗമുണ്ടെന്നാകില്‍
എന്തോന്നസാദ്ധ്യമെന്നാല്‍
ചിരന്തന ചിന്തിച്ചതെന്തിനു മാം
ചിദാനന്ദ ഹന്ത ദനുജകൃതാന്ത സദയമനന്ത
വദ നരകാന്ത നരസുരകാന്താ
ജലധിനിശാന്ത മുനികാന്ത മുക്തിതപദാന്ത

[അത്യുഗ്രന്മാരായ ദൈത്യാധിപന്മാരിൽ
വദ്ധ്യനിന്നേവൻ മയാഭൃത്യമേനം
സദ്യോ നിയോഗിക്ക മാം വേദവേദ്യ
ഹൃദ്യോതര തമുപേത്യ
പോരിൽ നിഹത്യ വിരവിലമർത്ത്യരുടെ
സൗഹിത്യമതു സം‌പാദ്യ നിരവദ്യ വരുവനഹമദ്യ]

ചരണം 3:
വരുണാലയമിന്നു മരുഭൂമിയാക്കുവന്‍
ധരണീധരങ്ങളേയും
ധന്യശീല തകര്‍ത്തീടുവനധുനാ താവകീന
കരുണ യദി മയി തരുണദിനമണി-
കിരണപരിലസദരുണസരസിജ-
മസൃണമൃദുതരചരണ നതശരണ കൌസ്തുഭാഭരണ

അർത്ഥം: 

താവദ്:
ഭഗവാന്‍ വിഷ്ണുവിന്റെ വലതുകരത്തെ അലങ്കരിക്കുന്നതും,ഗര്‍വ്വിഷ്ടരായ അസുരന്മാരുടെ കണ്ഠത്തില്‍ നിന്നൊഴുകുന്ന രക്തത്താല്‍ തുടുത്തതും, കല്പാന്തപ്രളയകാലത്തെ കത്തിക്കാളുന്ന കോടിസൂര്യന്മാരുടെ പ്രകാശത്തോടുകൂടിയതുമായ ചക്രായുധം അപ്പോള്‍ ശ്രീകൃഷ്ണസമീപംവന്ന് സ്തുതിച്ചു.

മാധവജയ:
മഹാത്മാവായ മാധവാ,ശൌരേ, ജയിക്ക. മാധവാ,മത്സ്യവേഷമെടുത്ത് മുരാസുരനെ കൊന്നവനെ, കൂര്‍മ്മമായി വന്ന് മന്ദരപര്‍വ്വതം ഉയര്‍ത്തിയവനേ, മഹിതമായ വരാഹാവതാരമെടുത്തവനേ, ഘോരമായ നരസിംഹമായും, സുന്ദരനായ വാമനനായും, ശൂരനായ ഭൃഗുരാമനായും, സൂര്യവംശരാജാവായ ശ്രീരാമനായും, കലപ്പധാരിയായ ബലരാമനായും‍, ശ്രീക്യഷ്ണനായും‍, കല്കിയായും അവതാരങ്ങളേടുക്കുന്നവനേ. നിന്തുരുവടി നിയോഗിക്കുകായാണെങ്കില്‍ എന്താണ് എന്നാല്‍ അസാധ്യമായുള്ളത്? ഇപ്പോള്‍ എന്നെ വരുത്തിയതെന്തിനെന്ന് അരുളിയാലും. ധന്യശീലനായ അങ്ങ് കല്പ്പിച്ചാല്‍ ഞാന്‍ ഇപ്പോള്‍തന്നെ കടലിനെ മരുഭൂമിയാക്കുകയൊ ഭൂമിയെ ആകെ തകര്‍ക്കുകയൊ ചെയ്യാം. കരുണ്യവാനും കൌസ്തുഭധാരിയുമായ ഭാവാന്റെ ചെന്താമരയിതള്‍ പോലെ മൃദുലമായ പാദങ്ങളില്‍ ഞാന്‍ നമിക്കുന്നു.

അരങ്ങുസവിശേഷതകൾ: 

ബ്രാക്കറ്റിലുള്ള വരികൾ അരങ്ങത്തിപ്പോൾ പതിവില്ല.

‘കല്പാന്താനല്പദീപ്തി‘ എന്നുചൊല്ലുന്നതോടെ ധര്‍മ്മപുത്രന്‍ അമിതമായ തേജസ്സുകണ്ട് അമ്പരപ്പോടെ ശ്രീകൃഷ്ണന്റെ പിന്നിലേക്ക് മാറിനില്‍ക്കുന്നു.

അലര്‍ച്ചക്കുശേഷം ഇടത്തുഭാഗത്ത് പിന്നിലായി പിടിച്ച തിരശ്ശീലനീക്കി ഇരുകൈകളിലും ജ്വലിക്കുന്ന പന്തങ്ങളേന്തി, കറങ്ങിക്കൊണ്ട് സുദര്‍ശനം പ്രവേശിക്കുന്നു. സുദര്‍ശനം ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി മുന്നോട്ടുവന്ന് ശ്രീകൃഷ്ണനെ കണ്ട്, കെട്ടിച്ചാടി കുമ്പിടുന്നു. ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ചശേഷം പീഠത്തിലിരിക്കുന്നു. സുദര്‍ശ്ശനം നാലാമിരട്ടിചവുട്ടിയിട്ട് പദത്തിന് വട്ടംവയ്ക്കുന്നു.

സുദർശനത്തിന് മുദ്രാഭിനയം ഇല്ല. കലാശങ്ങളേ ഉള്ളൂ.

പദം കഴിഞ്ഞ് നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് സുദര്‍ശനം ഇടതുഭാഗത്ത് നില്‍ക്കുന്നു.