പെട്ടന്നങ്ങു ഗമിപ്പാനും

രാഗം: 

സാരംഗം

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

കിർമ്മീരവധം

കഥാപാത്രങ്ങൾ: 

ലളിത

ചരണം 4:
പെട്ടന്നങ്ങു ഗമിപ്പാനും പുന-
രിഷ്ടരൊടൊത്തു രമിപ്പാനും ഇനി
ഒട്ടുമയച്ചിടുമോ ഞാനും മമ മൃഷ്ടമായ്പിശിത-
മഷ്ടിചെയ്‌വതിനു കിട്ടി നിന്നെയിഹദിഷ്ടബലേന

അനുപല്ലവി:
കണ്ടാലതിഘോരമാകും
ശരീരമിതുമമ കണ്ടായോ

അർത്ഥം: 

പെട്ടന്ന് തിരിച്ചു പോവാനും ഭര്‍ത്താക്കന്മാരുമൊത്ത് രമിക്കുവാനും ഇനി നിന്നെ ഞാന്‍ വിടുമോ? എനിക്ക് തൃപ്തിയായി മാംസം തിന്നുവാന്‍ ഭാഗ്യശക്തി കൊണ്ട് നിന്നെ കിട്ടി. കണ്ടാല്‍ അതിഭയങ്കരമായ എന്റെ ഈ ശരീരം കണ്ടുവോ?

അരങ്ങുസവിശേഷതകൾ: 

‘കണ്ടാലതി’ എന്നഭാഗത്ത് ലളിത തിരിഞ്ഞുനിന്ന് ഇരുകവിളുകളിലും കരിതേച്ച്,തലമുടി മുന്നിലേക്കിട്ട്, ദംഷ്ട്രം കടിച്ച് വരുന്നു.

‘കണ്ടായോ’ എന്ന് പദം തീരുമ്പോള്‍ ഇടതുകൈ സ്വന്തം മാറിലേക്ക് ചൂണ്ടി ഭീകരഭാവത്തില്‍ നിന്നിട്ട് ലളിത പെട്ടന്ന് നിഷ്ക്രമിക്കുന്നു. ഉടന്‍‌തന്നെ കയ്യില്‍ തൂപ്പുകളുമായി അലറിക്കൊണ്ട് സിഹിക പ്രവേശിച്ച്, ഭയപ്പെട്ട് വിലപിക്കുന്ന പാഞ്ചാലിയുടെ നേരേ പാഞ്ഞടുക്കുന്നു.
 

ശേഷം ആട്ടം:

സിംഹിക:(പാഞ്ചാലിയുടെ സങ്കടം കണ്ട് പൊട്ടിച്ചിരിച്ചിട്ട്) ‘എടീ, ഇനി കരഞ്ഞതുകൊണ്ട് ഒരു ഫലവുമില്ല. നിന്റെ ഭര്‍ത്താവ് എന്റെ ഭര്‍ത്താവിനെ കൊന്നതിന്റെ പകരമാണ് ഇത്.’
സിഹിക ‘നോക്കിക്കോ’ എന്നുകാട്ടി നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ പാഞ്ചാലിയെ പൊക്കിയെടുത്തുകൊണ്ട് കുത്തിമാറി നിഷ്ക്രമിക്കുന്നു*

തിരശ്ശീല

അനുബന്ധ വിവരം: 

ഒന്‍പതാം രംഗത്തിന്റെ അവതരണത്തില്‍തെക്കന്‍ ചിട്ടയിലുള്ള പ്രധാന വത്യാസം

രംഗാവസാനത്തില്‍ സിംഹിക പാഞ്ചാലിയെ വട്ടംവയ്ച്ച് ഓടിച്ചു പിടിച്ച് പീഠത്തില്‍ കയറ്റിനിര്‍ത്തി, പിടിച്ചുകൊണ്ട് നില്‍ക്കുന്നു. തുടര്‍ന്ന് ‘പതിതാഘലു’ എന്ന ശ്ലോകം ചൊല്ലി ഒന്‍പതാം രംഗം പത്താം‌രംഗത്തിലേക്ക് സംങ്ക്രമിക്കുന്നു. ‘ക്ഷ്വാളാ’ എന്ന ഇടശ്ലോകം ആലപിക്കുകയുമില്ല.