കാന്താ ചിന്തിക്കില്‍ 

രാഗം: 

എരിക്കലകാമോദരി

താളം: 

അടന്ത 28 മാത്ര

ആട്ടക്കഥ: 

കിർമ്മീരവധം

കഥാപാത്രങ്ങൾ: 

പാഞ്ചാലി

ദീനദൈന്യദമനം ദയിതാ
സാശൃണ്വതീ സുമധുരം പ്രിയവാക്യം
ഭാരതീമിതി നരേന്ദ്രമുദാര-
മബ്രവീദ് ദ്രുപദരാജതനൂജാ

പല്ലവി:
കാന്താ ചിന്തിക്കില്‍ ഇതിലേറെയെന്തൊരു
സന്താപമിന്നിഹ മേ

അനുപല്ലവി:
ശാന്തമാനസ ശന്തനുകുലദീപ
കിം ത്വയാ ന വിദിതം കൃപാസിന്ധോ

[കുമതികൾ വരനാകും കുരുനൃപസഹജനാൽ

ഗുരുജനസവിധേ കൃതമവമാനം

കമനീയാംഗ നൃപ കമലവിലോചന

കരുണാസാഗര കഥമിവ കഥയേ

നരപതേ സൗമ്യതരമതേ ഭൂരി-

കൃപാനിധേ ഖേദം നഹിബത കിമു തേ

മഹീപാലരണിഞ്ഞീടുമ്മകുടേഷു വിളങ്ങുന്ന

മണിദീപിതമായുള്ള തവ പദയുഗളം

മാർഗ്ഗമദ്ധ്യേ തപ്തമണലിലിതിങ്ങനെ മരുവീടുന്നതിനാൽ

മനസി മേ ശോകം വളാരുന്നു മേനി തളരുന്നു

താപം കലരുന്നു ഹന്ത കിമിഹ ഞാൻ പറയുന്നു]

ചരണം 1:
അതൊക്കവേ സഹിക്കിലുമകതാരിലൊരു ഖേദ-
മധികമായ് വളരുന്നതധുനാ കേട്ടാലും
അനശനേന പരമാബാലവൃദ്ധം
അവനീദേവന്മാരും അഴലോടെ അടവിയില്‍
വസിക്കുമൊ ദൂരന്നടക്കുമോ ചൂടു
സഹിക്കുമോ കണ്ടാല്‍ ഇതു തവ പൊറുക്കുമോ

അർത്ഥം: 

ദീനദൈന്യദമനം:
ദു:ഖിതര്‍ക്ക് ആശ്വാസമേകുന്ന പ്രിയതമന്റെ മധുരമായ വാക്കുകേട്ട് പാഞ്ചാലി അദ്ദേഹത്തോട് ഇങ്ങിനെ പറഞ്ഞു.

കാന്താ ചിന്തിക്കിൽ:
കാന്താ,വിചാരിച്ചാല്‍ ഇതിലെനിക്ക് അങ്ങയില്‍ കൂടുതലായി എന്തൊരുസങ്കടമാണുള്ളത്? ക്ഷമാശൈലനും ശന്തനുകുലത്തിന്റെ ദീപവുമായ ദയാവാരിധേ, അത് ഭവാനറിഞ്ഞുകൂടേ? അതൊക്കെ സഹിക്കാമെങ്കിലും മനസ്സില്‍ വര്‍ദ്ധിച്ചുവരുന്ന ഒരു ദു:ഖത്തെ കേട്ടാലും. ബാലരും വ്യദ്ധരും അടക്കമുള്ള ബ്രാഹ്മണര്‍ക്ക് ഭക്ഷണമില്ലാതെ കാട്ടില്‍ വസിക്കാനാവുമൊ? ബഹുദൂരം നടക്കുവാന്‍ സാധിക്കുമൊ? ഇതുകണ്ടാല്‍ ഭവാന് സഹിക്കുമോ?

അരങ്ങുസവിശേഷതകൾ: 

ബ്രാക്കറ്റിലുള്ളത് അരങ്ങത്ത് ഇപ്പോൾ ആടുക പതിവില്ല.

ശേഷം ആട്ടം-
ധര്‍മ്മപുത്രന്‍:(പത്നിയുടെ വാക്കുകള്‍കേട്ടിട്ട് ആദരവോടെ അവളെ നോക്കിയിശേഷം, ആത്മഗതമായി) ‘ഇവളുടെ ബുദ്ധി ഏറ്റവും വൈഭവമുള്ളതുതന്നെ. ഇനി ഈ ദു:ഖം ഒഴിവാക്കാന്‍ മാര്‍ഗ്ഗം എന്ത്?‘ (ആലോചിച്ചിട്ട്) ‘ഗുരുനാഥനായ ധൌമ്യമഹര്‍ഷിയെ കണ്ട് ആലോചിച്ചാല്‍ എന്തെങ്കിലും ഉപായം ഉണ്ടാകും’ എഴുന്നേറ്റ് പാഞ്ചാലിയോടായി) ‘അല്ലയൊ പ്രിയേ,ഒട്ടും വ്യസനിക്കേണ്ട. നമ്മുടെ ദു:ഖം ഒഴിവാക്കാന്‍ ഗുരുനാഥനായ ധൌമ്യമഹര്‍ഷിയെ കണ്ട് ആലോചിച്ചാ‍ല്‍ ഉപായമുണ്ടാകും. അതിനാല്‍ ഈ കാര്യം ഗുരുനാഥനെ അറിയിക്കാം, അല്ലേ?’

പാഞ്ചാലി:‘അങ്ങിനെ തന്നെ’

മുന്‍പ് ഇവിടെ മനോധര്‍മ്മാനുസ്സരണം ‘നളായണീചരിതം’ ആടാറുണ്ട്.
നളായണീചരിതം-
പണ്ട് മാല്‍ഗല്യന്‍ എന്നുപേരായ ക്ഷിപ്രകോപിയായ ഒരു മുനിവര്യന്‍ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ പത്നിയായിരുന്നു നളായണീ അഥവാ ഇന്ദ്രസേന. മാല്‍ഗല്യന്‍ വ്യദ്ധനും കുഷ്ഠരോഗബാധിതനും ആയിരുന്നു. നളായണിയാകട്ടെ യൌവനയുക്തയായ സുന്ദരിയും ഉത്തമപതിവ്രതാരത്നവും ആയിരുന്നു. കുഷ്ഠരോഗിയായിരുന്ന മുനി ഒരുദിവസം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ അദ്ദേഹത്തിന്റെ ഒരു വിരള്‍ അടര്‍ന്ന ഭക്ഷണത്തില്‍ വീണുപോയി. പതിവ്രതാരത്നമായ നളായണി ഭക്തിയോടുകൂടി ആ വിരള്‍ എടുത്തുമാറ്റിയിട്ട് പതിവുപോലെ ഭര്‍ത്താവിന്റെ ഉച്ചിഷ്ടത്തെ ഭക്ഷിച്ചു. ഇതില്‍ സന്തുഷ്ടനായ മുനിവര്യന്‍ നളായണിക്ക് ഇഷ്ടവരം നല്‍കുവാന്‍ തയ്യാറായി. മാല്‍ഗല്യന്‍ പഞ്ചശരീരനായി വന്ന് തന്നെ രമിപ്പിക്കണം എന്നായിരുന്നു നളായണിയുടെ ആഗ്രഹം. ഇതിന്‍പ്രകാരം മാല്‍ഗല്യന്‍ പഞ്ചശരീരനായി നളായണിയോടോന്നിച്ച് വളരെക്കാലം ലോകസഞ്ചാരം ചെയ്യുകയും അവളെ രമിപ്പിക്കുകയും ചെയ്തു. പിന്നീടോരിക്കല്‍ മുനി തന്റെ രതിജീവിതം മതിയാക്കി തപസ്സിലേയ്ക്ക് തുടരുവാന്‍ ഉറപ്പിച്ചു. ഇത് ഇഷ്ടപെടാഞ്ഞ നളായണി, തനിക്ക് ക്രീഡിച്ച് തൃപ്തിവന്നിട്ടില്ലായെന്നും, അതിനാല്‍ തന്നെ പിരിയരുതെന്നും പറഞ്ഞ് ഭര്‍ത്താവിനെ തടഞ്ഞു. തപോവിഘ്നത്തിനു മുതിര്‍ന്ന നളായണിയില്‍ കോപിഷ്ഠനായിതീര്‍ന്ന മുനിവര്യന്‍ ‘നീ അടുത്ത ജന്മത്തില്‍ പാഞ്ചാലരാജന്റെ പുത്രിയായിതീര്‍ന്ന് അഞ്ച് ഭര്‍ത്താക്കന്മാരോടുകൂടി കഴിയാന്‍ ഇടവരട്ടെ‘ എന്ന് അവളെ ശപിച്ചു. ആ നളായണിയുടെ പുനര്‍ജന്മമാണ് പാഞ്ചാലി.ധര്‍മ്മപുത്രന്‍ പ്രവേശനത്തിലെപോലെതന്നെ പാഞ്ചാലിയുടെ കൈകോര്‍ത്തുപിടിച്ച്, ചൂട്, ദീര്‍ഘനിശ്വാസം, ശൂന്യത ഇവകള്‍ നടിച്ച് സാവധാനത്തില്‍ നിഷ്ക്രമിക്കുന്നു.

തിരശ്ശീല

അനുബന്ധ വിവരം: 

ഈ രംഗത്തില്‍ തെക്കന്‍‌ചിട്ടയിലുള്ള പ്രധാന വ്യതാസങ്ങൾ‌ :

പദങ്ങള്‍ക്കുശേഷം ഇരുവരും അടുത്തടുത്ത് പീഠത്തിലിരുന്നാണ് ഇളകിയാട്ടം. ആട്ടം ഇങ്ങിനെയാണ്-
ധര്‍മ്മപുത്രന്‍:(ആത്മഗതം) ‘ഇവള്‍ക്ക് ഇപ്രകാരം ബ്രാഹ്മണരില്‍ ഭക്തിയുണ്ടാവാനുള്ള കാരണമെന്ത്?’ (ചിന്തിച്ചിട്ട്) ‘ഓഹോ, മനസ്സിലായി. ഇവളുടെ വിവാഹകാലത്ത് വ്യാസമഹര്‍ഷി ഉപദേശിച്ചുട്ടള്ളതായ വ്യത്താന്തം ഓര്‍മ്മയില്‍ വരുന്നു. ഇനി എന്ത്?’ (പാഞ്ചാലിയോട്) ‘നമുക്ക് തല്ക്കാലമുള്ള ദു:ഖം പരിഹരിക്കുന്നതിനും, ബ്രാഹ്മണര്‍ക്ക് ഭക്ഷണം നല്‍കുന്നതിനും എന്താണ്മാര്‍ഗ്ഗമെന്ന് കുലഗുരുവായ ധൌമ്യനോട് ചോദിക്കാം’.