രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഭൂമൗ തൽപുഷ്പതല്പേ വിജയനഥ പതിച്ചാകുലപ്പെട്ടു പാരം
പൂമെയ് കൈകാൽതളർന്നങ്ങധികവിവശനായ് വീണുകേണോരു പാർത്ഥൻ
സോമാപീഡം ശിവം തം സവിധഭുവി വരം മൃത്തുകൊണ്ടേ ചമച്ചു
ശ്രീമാനർച്ചിച്ച പുഷ്പം സകലമഥ കിരാന്മൗലിയിൽ കണ്ടു ചൊന്നാൻ
പല്ലവി:
മന്മഥനാശന മമ കർമ്മമേവമോ ?
ജന്മമൊടുങ്ങുവാൻ വരം കൽമഷാരേ തരേണമേ.
ചരണം1:
ദേവദേവ തവ പാദേ ആവോളം ഞാനർച്ചിച്ചൊരു
പൂവുകൾ കാണുന്നിതല്ലോ കേവലം കാട്ടാളമൗലൗ !
അന്തകാരിഭഗവാന്താനെന്തിതെന്നെചതിക്കയോ ?
വെൺതിങ്കൾതെല്ലിതാ കണ്ടേൻ ഹന്ത വേടൻതൻ തലയിൽ
ചരണം2:
സാരസേഷുചാപവന്ദ്യ ചാരുചില്ലീയുഗങ്ങളും
സൂരസോമാക്ഷികൾ രണ്ടും പാരെഴും നാസിക കണ്ടേൻ;
കുണ്ഡലികൾകൊണ്ടുള്ളൊരു കുണ്ഡലങ്ങൾ മൃദുഹാസം
തുണ്ഡപുണ്ഡരീകം കാളകണ്ഠവും ഞാൻ കണ്ടേൻ സ്വാമിൻ !
ചരണം3:
അസ്ഥിമാല കപാലങ്ങൾ ഹസ്തപങ്കജങ്ങൾ നാലും
വിസ്തൃതമാം തിരുമാറും നേർത്തോരുദരവും കണ്ടേൻ
വൻപുലിത്തോലുടയാട പാമ്പു കാഞ്ചീഹാരങ്ങളും
ചെമ്പൊൽത്താരടിയിണയും മുൻപിലൻപോടു കണ്ടേൻ ഞാൻ ;
ചരണം4:
സർവ്വലോകേശ്വരി മായാ പാർവ്വതിയോ വേടനാരീ-
ഭാവമായ് കണ്ടതയ്യോ ജീവിച്ചതും പോരും മമ.
കർമ്മണാ മനസാ വാചാ ദുർമ്മതി ഞാൻ ചെയ്തതെല്ലാം
ബ്രഹ്മമേ പൊറുത്തെന്നുടെ ജന്മമുക്തി വരുത്തേണം.
അർത്ഥം:
ശ്ലോകം:-അർജ്ജുനൻ ഭൂമിയിൽ ആ പൂക്കളുടെ മെത്തയിൽ ചെന്നുവീണിട്ട്, കൈകാലുകളും ശരീരവും മുഴുവൻ തളർന്ന് വളരെ ക്ഷീണിതനായി കിടന്നുകൊണ്ടു കരഞ്ഞു. പിന്നെ ചന്ദ്രചൂഡനായ ആ ശിവനെ തന്റെയടുത്ത് മണ്ണുകൊണ്ടുണ്ടാക്കി. അർജ്ജുനൻ അവിടെ അർച്ചിച്ച പൂക്കൾ മുഴുവൻ കിരാതന്റെ ശിരസ്സിൽ കണ്ടുകൊണ്ട്, ഇങ്ങിനെ പറഞ്ഞു.
പദം:-കാമനാശനാ, എന്റെ കർമ്മം ഇപ്രകാരമോ? പാപനാശനാ, ജന്മം ഒടുങ്ങുവാൻ വരം തരേണമേ. ദേവദേവ, അങ്ങയുടെ പാദത്തിൽ ഞാൻ വേണ്ടുവോളം അർച്ചിച്ച പൂവുകൾ വെറുമൊരു കാട്ടാളന്റെ ശിരസ്സിൽ കാണുന്നുവല്ലോ? അന്തകശത്രുവായ ഭഗവാൻ എന്തേ എന്നെ ഇങ്ങിനെ ചതിക്കുകയാണോ? ഹോ! ശോഭിക്കുന്നതായ ചന്ദ്രക്കല ഇതാ വേടന്റെ തലയിൽ കാണുന്നു. കാമന്റെ വില്ലിനെവെല്ലുന്നത്ര മനോഹരമായ പുരികകൊടികളും, സൂര്യചന്ദ്രനേത്രങ്ങൾ രണ്ടും, ഏറ്റവും ഉയർന്നുനിൽക്കുന്നതായ മൂക്കും കാണുന്നു. സ്വാമിൻ, പാമ്പുകൾ കൊണ്ടുള്ള കുണ്ഡലങ്ങളും, പുഞ്ചിരിക്കുന്നതായ മുഖത്താമരയും, നീലകണ്ഠവും ഞാൻ കാണുന്നു. അസ്ഥിമാലകളും, തലയോട്ടിമാലകളും, നാലുകൈത്താമരകളും, വിസ്തൃതമായ തിരുമാറും, നേർത്ത വയറും കാണുന്നു. പുലിത്തോലുടയാടയും, പാമ്പുകളാലുള്ള അരഞ്ഞാണവും മാലകളും, ഭംഗിയുള്ള തൃപ്പാദങ്ങളും ഞാൻ പെട്ടന്ന് മുന്നിൽ കാണുന്നു. സർവ്വലോകത്തിനും ഈശ്വരിയായ മായാഭഗവതിയെയാണോ കാട്ടാളസ്ത്രീയുടെ ഭാഗത്തിൽ കണ്ടത്? അയ്യോ! എനിക്ക് ജീവിച്ചതുമതി. പരബ്രഹ്മമേ, ദുർമ്മനസ്സായ ഞാൻ കർമ്മംകൊണ്ടും മനസ്സുകൊണ്ടും വാക്കുകൾകൊണ്ടും ചെയ്തതെല്ലാം പൊറുത്ത് എന്റെ ജന്മത്തിന് മുക്തി വരുത്തേണമേ.
അരങ്ങുസവിശേഷതകൾ:
ശ്ലോകം ആരംഭിക്കുന്നതോടെ മോഹാസല്യംവിട്ട് ഉണരുന്ന അർജ്ജുനൻ എഴുന്നേറ്റിരുന്ന് മണ്ണുകൊണ്ട് ശിവലിഗം നിർമ്മിച്ച് അതിലേയ്ക്ക് പൂക്കളെടുത്ത് അർച്ചിക്കുന്നു. താൻ അർച്ചിച്ച പൂക്കൾ കാട്ടാളന്റെ ശിരസ്സിൽ പതിക്കുന്നതുകണ്ട് അർജ്ജുനൻ അത്ഭുതപ്പെടുകയും ശങ്കിക്കുകയും ചെയ്യുന്നു. അനന്തരം അർജ്ജുനൻ ഇരുന്നുകൊണ്ടുതന്നെ പദം അഭിനയിക്കുന്നു. പദത്തിൽ കേശാദിപാദം വർണ്ണിക്കുന്നതിനനുസ്സരിച്ച് തിരതാഴ്ത്തുമ്പോൾ പീഠങ്ങളിൽ ഇരിക്കുന്ന ശിവപാർവ്വതിമാർ ദൃശ്യരാകുന്നു.