ശൃണു വല്ലഭ

രാഗം: 

ഘണ്ടാരം

താളം: 

ചെമ്പട

ആട്ടക്കഥ: 

കിരാതം

കഥാപാത്രങ്ങൾ: 

പാഞ്ചാലി

പല്ലവി:

ശൃണു വല്ലഭ ഗുണവാരാന്നിധേ അണിമെയ്യിതേ-

ക്കാണുന്നെന്നിനി ഞാൻ

ചരണം1:

വര പണ്ടൊരുവരിഷം ഭാവാനുരുതീർത്ഥങ്ങൾ കരുതിപ്പോയി

വരുവോളവുമുളവായി താപം

ചരണം2:

ഭവനേ വാഴുന്നൊരു നമ്മെയിപ്പോൾ വിപിനേ വാഴിച്ചതുമീശ്വരൻ

അവയെല്ലാം പറവതെന്തധുനാ

ചരണം 3

പുരഹരനുടെ ചരണാംബുജം കരുതുമ്പൊഴും

പിരിയാതെന്നെ നിരൂപിച്ചുകൊള്ളണം നാഥ!

ചരണം 4:

മതിശേഖരനോടു നീ പോയി വരവും പാശുപതവും വാങ്ങി 

അതിമോദം സുമതേ വന്നാലും

അർത്ഥം: 

ഭർത്താവേ കേട്ടാലും. നിന്റെ ഭംഗിയുള്ള ശരീരത്തിനെ ഇനി എന്ന് കാണാൻ സാധിക്കും? പണ്ട് നീ തീർത്ഥാടനത്തിനു പോയപ്പോൾ ഞാൻ എന്റെ മനസ്സ് ഉരുകി ജീവിച്ചു. നമ്മളെ ഇങ്ങനെ കാട്ടിൽ വാഴിച്ചതും ഈശ്വരൻ. അതൊക്കെ എന്തിനാ പറയുന്നത്? ശിവനെ മനസ്സിൽ ധ്യാനിക്കുമ്പോഴും എന്നെ പിരിയാതെ ഓർമ്മിക്കണം. ശിവനോട് പ്രാർത്ഥിച്ച് പാശുപതവും വാങ്ങി പെട്ടെന്ന് വന്നാലും.

അരങ്ങുസവിശേഷതകൾ: 

ശേഷം ആട്ടം-

പദാഭിനയം കലാശിപ്പിച്ചിട്ട് പാഞ്ചാലി അർജ്ജുനനെ വണങ്ങുന്നു.

അർജ്ജുനൻ:(അനുഗ്രഹിച്ചിട്ട്)’അല്ലയോ പ്രിയേ, നിന്റെ വാക്കുകൾ എനിക്ക് ഏറ്റവും സന്തോഷകരമായി. രാജധാനിയിൽ സുഖമായി വസിക്കേണ്ടവളായ നീ ഈ ഘോരവനത്തിൽ വന്ന് ക്ലേശിക്കാനിടവന്നല്ലോ. ധർമ്മാനുസ്സരണം വനവാസവും അജ്ഞാതവാസവും കഴിഞ്ഞാൽ ദുഷ്ടരായ കൗരവരുമായി യുദ്ധം ഉറപ്പാണ്. ഭീഷ്മർ ദ്രോണർ മുതലായ ഗുരുനാഥന്മാരെല്ലാം അവർക്ക് തുണയായി ഉണ്ടാകും. അവരെയൊക്കെ ജയിക്കാൻ ദിവ്യാസ്ത്രങ്ങൾ തന്നെവേണം. അവ സമ്പാദിക്കുവാനായി വ്യാസമഹർഷിയുടേയും ധർമ്മപുത്രജേഷ്ഠന്റേയും നിയോഗം അനുസ്സരിച്ച് ഞാൻ പുറപ്പെടുകയാണ്.’

പാഞ്ചാലി:’അങ്ങയുടെ ജനനകാലത്ത് മതാവായ കുന്തീദേവി എന്തെല്ലാം പ്രതീക്ഷിച്ചുവോ അതെല്ലാം ഈശ്വരൻ നൽകുമാറാകട്ടെ. താമസിയാതെ പോയി വന്നാലും.’

പാഞ്ചാലി അർജ്ജുനനെ വന്ദിച്ച് യാത്രയാക്കിക്കൊണ്ട് നിഷ്ക്രമിക്കുന്നു. 

അർജ്ജുനൻ:(അനുഗ്രഹിച്ച്, യാത്രയായി തിരിഞ്ഞിട്ട് വീണ്ടും ചാപബാണധാരിയായി രംഗത്തേയ്ക്ക് വന്ന് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിയശേഷം)’ഇനി വേഗം തപസ്സിനായി ശ്രീപരമേശ്വരന്റെ അധിവാസഭൂമിയായ കൈലാസത്തിന്റെ സമീപത്തേയ്ക്ക് പോവുകതന്നെ.’

നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് അർജ്ജുനൻ പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.

തിരശ്ശീല