മതി മതി മതിമുഖി

രാഗം: 

ബിലഹരി

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

കീചകവധം

കഥാപാത്രങ്ങൾ: 

വലലൻ

പല്ലവി
മതി മതി മതിമുഖി! പരിതാപം.
അനുപല്ലവി
മതിയതിലതിധൃതി ചേർക്കനീയവനുടെ
ഹതി ബത വിരവൊടു ചെയ്തീടുന്നേൻ.
ചരണം 1
ഘോരജടാസുരനാദിയെവെന്നൊരു
മാരുതസുതനിതിനെന്തൊരു വിഷമം.
സാലനിപാതം ചെയ്യും പവനനു
തൂലനിരാകരണം ദുഷ്കരമോ?
ചരണം 2
എങ്കിലുമിന്നിഹ ധർമ്മജ വചനം
ലംഘനമതുചെയ്യരുതല്ലോ മേ.
ഉണ്ടൊരുപായമതിന്നുര ചെയ്യാം
വണ്ടാർകുഴലികളണിമൗക്തികമേ
ചരണം 3
സംകേതം കില നൃത്തനികേതം
ശങ്കേതരമവനൊടു വദ ദയിതേ!

അർത്ഥം: 

അല്ലയോ മതിമുഖീ! സങ്കടപ്പെട്ടത് മതി. മനസ്സിൽ ധൈര്യം ചേർത്താലും. അവനെ ഞാൻ കൊല്ലുന്നുണ്ട്. ഘോരന്മാരായ ജടാസുരൻ മുതലായവരെ തോൽപ്പിച്ച വായുപുത്രന് ഇത് ഇത്ര വിഷമമുള്ളതാണോ? വലിയ വൃക്ഷങ്ങൾ വീഴ്ത്തുന്ന കാറ്റിന് പഞ്ഞി പറപ്പിക്കുവാനാണോ വിഷമം? എന്നാലും ധർമ്മാത്മജന്റെ വചനം ധിക്കരിക്കരുതല്ലോ. അല്ലയോ സുന്ദരീ! ഒരു ഉപായമുണ്ട്. അതു ഞാൻ പറയാം. നൃത്തശാലയിൽ സന്ധിക്കാം എന്ന് അവനോട് സംശയമില്ലാത്ത രീതിയിൽ പറയുക.