ഭാഗ്യപൂരവസതേ

രാഗം:കാംബോജി

താളം:മുറിയടന്ത 14 മാത്ര

കഥാപാത്രം:കങ്കൻ

പല്ലവി
ഭാഗ്യപൂരവസതേ! ശൃണു മമ
വാക്യമിന്നു നൃപതേ!
അനുപല്ലവി
ശ്ലാഘ്യതമ മഹീപാലകുലത്തിനു
യോഗ്യഗുണജലധേ! ശുഭാകൃതേ !
ചരണം 1
അക്ഷയകീര്‍ത്തേ! ഞാന്‍ അക്ഷക്രീഡതന്നി-
ലക്ഷമനായി മുന്നം പരപക്ഷജിതനായി,
ഭിക്ഷുവായോരോരോ ദിക്ഷു നടന്നീടുന്നു.
അക്ഷീണമോദേന നിന്നെക്കണ്ടീടുവാന്‍
ഇക്ഷണമത്ര വന്നു മഹാമതേ!
ചരണം 2
പങ്കജസംഭവ ശങ്കരാദിക്കുള്ള
സങ്കടം തീര്‍ത്തു കാമം നല്‍കും
പങ്കജലോചനന്‍ തന്‍ കൃപയാ,
ഗതശങ്കമഹം നികാമം
പങ്കഹരങ്ങളാം തീര്‍ത്ഥങ്ങളാടിനേന്‍ .
കങ്കനെന്നല്ലോ നാമം മാമധുനാ.
ചരണം 3
സത്തമന്‍മാരില്‍ വെച്ചുത്തമനാം നിന്‍റെ
പത്തനം തന്നിലഹം ചിരം
ചിത്തമോദത്തോടു വാണീടുവേ-
നതിനെത്രയുമുണ്ടു മോഹം
നിസ്തുല സൌജന്യരാശേ! നിനക്കിനി
സ്വസ്തിവരുമന്വഹമസംശയം.