രാഗം:തോടി
താളം:ചെമ്പട 16 മാത്ര
കഥാപാത്രം:വിരാടൻ (വിരാട രാജാവ്)
മാകന്ദോത്കര മഞ്ജരീ മധുഝരീമത്താന്യപുഷ്ടാംഗനാ-
ചഞ്ചൂദഞ്ചിത പഞ്ചമാഞ്ചിതതരേ കേളിവനേ മോഹനേ
സ്വച്ഛന്ദം വിഹരന്‍ കദാചിദുദിതം ദൃഷ്ട്വാ വിധോര്‍മ്മണ്ഡലം
പ്രോവോചല്‍ പ്രമദാകുലോ നരപതിര്‍ന്നേദീയസീ: പ്രേയസീ:
പല്ലവി
കാമിനിമാരേ കേള്‍പ്പിന്‍ നിങ്ങള്‍ മാമകം വചനം
അനുപല്ലവി
യാമിനീകരനിതാ വിലസുന്നധികം കാമസിതാതപവാരണം പോലെ
ചരണം 1
നല്ലൊരു വാപീകാമിനിമാരുടെ നാളിനകരാഞ്ചലമതിലതിചടുലം
മല്ലികാക്ഷാവലിയായീടുന്നൊരു മന്മഥചാമരജാലം കാണ്‍ക
ചരണം 2
മലയസമീരണനായീടുന്നൊരു മത്തഭടന്‍ പരിപാലിച്ചീടും
മലര്‍ശരന്‍തന്നുടെ ശസ്ത്രനികേതം മന്യേ കുസുമിതമുദ്യാനമിദം
ചരണം 3
വാരണഗാമിനിമാരേ കാണ്‍ക വാസന്തീ നടീനടന വിലാസം
മാരമഹോത്സവമാടീടുക നാം മന്ദാക്ഷം ഹൃദി കരുതരുതധുനാ.