ഹാ ഹാ മഹാരാജ കേൾക്ക

രാഗം: 

ഘണ്ടാരം

താളം: 

അടന്ത

ആട്ടക്കഥ: 

കീചകവധം

കഥാപാത്രങ്ങൾ: 

സൈരന്ധ്രി

ശ്ലോകം
തൃഷ്ണാവൈഫല്യശല്യപ്രദലിതമനസസ്തസ്യ പാദപ്രഹാരൈഃ
കൃഷ്ണാ വക്ത്രാന്തവാന്തക്ഷതഭവപുനരുക്താധശ്രീരനന്താം
ചിന്താമന്തർവ്വഹന്തീ മുഹുരപി ച പതന്തീ രുദന്തീ നിതാന്തം
കുന്തീപുത്രാദിപൂർണ്ണേ സദസി നരപതിം പാർഷതീ സാ ബഭാഷേ
പല്ലവി
ഹാ ഹാ! മഹാരാജ! കേൾക്ക ഹേ വീരാ!
ഹാ ഹാ! ഭവാനെന്റെ ഭാഷിതം.
അനുപല്ലവി
പാഹിം മാം പാഹി മാം കീചകനുടെ
സാഹസംകൊണ്ടു വലഞ്ഞൂ ഞാൻ
ചരണം 1
നിന്നുടെ വല്ലഭ ചൊൽകയാലവൻ-
തന്നുടെ മന്ദിരം തന്നിൽ ഞാൻ
ചെന്നു മധു കൊണ്ടുപോരുവാനപ്പോൾ
വന്നു പിടിപ്പതിനന്തികേ.
ചരണം 2
കണ്ഠീരവത്തിനെക്കണ്ടുടൻ ഭീതി
പൂണ്ടോരു മാൻപേട പോലെ ഞാൻ
മണ്ടീടിനേനതു കണ്ടവൻ കുതം-
കൊണ്ടു പിടിച്ചു താഡിച്ചു മാം-
ചരണം 3
പാർത്ഥിവന്മാർക്കു കുലധർമ്മം പര-
മാർത്തജനാവനമല്ലയോ?
ആർത്തികളാകവേ ഭൂപതേ! മമ
തീർത്തീടുക ഭവാൻ വൈകാതേ.
 

അർത്ഥം: 

കാമം സാധിക്കാത്തതിനാൽ നാണം കെട്ട കീചകന്റെ ചവിട്ടേറ്റ്, ചോരയൊലിപ്പിച്ച്, പലതുമോർത്തും വീണും കരഞ്ഞും പാർഷതി, കുങ്കൻ മുതലായവർ ഇരിക്കുന്ന സദസ്സിൽ, ഇപ്രകാരം പറഞ്ഞു.
  ഹാ! കഷ്ടം! മഹാരാജാ, വീരാ, എന്റെ വാക്കുകൾ കേട്ടാലും. എന്നെ രക്ഷിച്ചാലും. കീച്കന്റെ ശല്യം കൊണ്ട് ഞാൻ വലഞ്ഞു. നിന്റെ വല്ലഭ പറഞ്ഞതനുസരിച്ച് അവന്റെ മന്ദിരത്തിൽ നിന്നും മദ്യം കൊണ്ടുവരാൻ ഞാൻ പോയി. അപ്പോൾ അവൻ എന്നെ പിടിക്കാനായി അരികിൽ  വന്നു. സിംഹത്തെക്കണ്ടുഭയന്ന മാൻപേടപോലെ ഞാൻ ഓടിയപ്പോൾ അവൻ എന്നെ പിടിച്ച് കാലുകൾ കൊണ്ട് പ്രഹരിച്ചു. ദീനരായ ജനങ്ങളെ സംരക്ഷിക്കലാണല്ലോ രാജധർമ്മം. എന്റെ വിഷമങ്ങളെ വൈകാതെ തീർത്തുതരണേ.