ഹരിണാക്ഷീ ജന

രാഗം: 

കാംബോജി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

കീചകവധം

കഥാപാത്രങ്ങൾ: 

കീചകൻ

സഭാജനവിലോചനൈസ്സമനിപീതരൂപാമൃതാം
സ ഭാജനകരാംബുജാം സവിധമാഗതാം പാര്‍ഷതീം
സഭാജനപുരസ്സരം‍ സമുപസൃത്യ സൂതാത്മജ:
സ ഭാജനമഥോ മുദാം സരസമേവമൂചേ വച:

പല്ലവി:
ഹരിണാക്ഷീജനമൌലിമണേ നീ
അരികില്‍ വരിക മാലിനീ

അനുപല്ലവി:
തരുണീ നിന്നുടയ സഞ്ചാരദൂനതര-
ചരണനളിനപരിചരണപരന്‍ ഞാന്‍

ചരണം1:
ധന്യേ മാലിനീ നീ മമ സദനേ
താനേ വന്നതിനാല്‍ ശശിവദനേ
മന്യേ മാമതി ധന്യം ഭുവനേ
മദകളകളഹംസാഞ്ചിതഗമനേ

ചരണം2:
മന്ദിരമിതു മമ മഹിതമായ് വന്നു
മാമക ജന്മവും സഫലമായിന്നു
സുന്ദരി മഞ്ചമതിങ്കലിരുന്നു
സുഖമൊടു രമിച്ചീടുവതിനു

അർത്ഥം: 

സഭാവാസികളുടെ കണ്ണുകളാൽ പാനം ചെയ്യപ്പെട്ട സൗന്ദര്യാമൃതത്തോടുകൂടിയവളും പാത്രമേന്തിയ കൈകളോടുകൂടിയവളും  അരികെയെത്തിയവളുമായ മാലിനിയോട് അതിരറ്റ സന്തോഷത്തിന് പാത്രമായ കീചകൻ ബഹുമാനപുരസ്സരം ഇങ്ങിനെ പറഞ്ഞു.

മാന്മിഴികളായ സുന്ദരിമാർ തലയിൽ ചൂടുന്ന രത്നമേ, അല്ലയോ മാലിനീ, നീ എന്റെയടുത്ത് വന്നാലും. നടന്നുതളർന്ന നിന്റെ കാൽത്താമരകളെ തലോടുവാൻ ആഗ്രഹിയ്ക്കുന്നവനാണ് ഞാൻ. മദിച്ച കളഹംസത്തെപ്പോലെ നടക്കുന്നവളേ, ശശിമുഖീ, ധന്യേ നീ എന്റെ ഗൃഹത്തിൽ തനിച്ച് വന്നതിനാൽ ഞാൻ ഭാഗ്യവാനായി. എന്റെ ഗൃഹം ശ്രേഷ്ഠമായി, എന്റെ ജന്മം സഫലമായി. അല്ലയോ സുന്ദരീ, ഈ മഞ്ചത്തിലിരുന്ന് നമുക്ക് രമിയ്ക്കാം.