സങ്കടമരുതരുതേ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

കീചകവധം

കഥാപാത്രങ്ങൾ: 

ഉപകീചകൻ

പല്ലവി
സങ്കടമരുതരുതേ ബത കിങ്കര!
സങ്കടമരുതരുതേ.
അനുപല്ലവി
ശങ്കവെടിഞ്ഞതിനുള്ളൊരു നിഷ്കൃതി
സമ്പ്രതി ചെയ്യുമഹോ.
ചരണം 1
പത്തുസഹസ്രമുരത്തഗജത്തിനൊ-
ടൊത്തവനെ കൊലചെയ്‌വാനിഹ
ശക്തനൊരുത്തനുദിച്ചതുപാര്‍ത്താ-
ലെത്ര വിചിത്രമഹോ!
ചരണം 2
ഞങ്ങളൊരഞ്ചുമൊരമ്പതുമമ്പതു-
മിങ്ങു വസിച്ചീടുന്നേരം
തിങ്ങിന ഗര്‍വ്വമൊടിങ്ങിനെ ചെയ്തവ-
നെങ്ങു പറഞ്ഞീടുക‍.
ചരണം 3
ശക്രമുഖാമര ചക്രമിതെങ്കിലു-
മഗ്രജനുടെ ഹതി ചെയ്തിടുകില്‍
വിക്രമവഹ്നിയിലാഹുതമായ്‌വരു-
മക്രമകാരി ദൃഢം.
 

അർത്ഥം: 

     അല്ലയോ കിങ്കരാ സങ്കടമരുത്. സംശയം കൂടാതെ, ഇതിനൊരു പ്രതികാരം ചെയ്യുന്നുണ്ട്. പതിനായിരം ആനകളുടെ ബലമുള്ളവനെ കൊല്ലാൻ ഒരാൾ ഉണ്ടായി എങ്കിൽ അത് വിചിത്രം തന്നെ. ഞങ്ങൾ നൂറ്റഞ്ചുപേർ ഇവിടെ വസിക്കുമ്പോൾ അധിക ഗർവ്വത്തോടെ ഇങ്ങിനെ ചെയ്തവൻ എവിടെയാണ് പറഞ്ഞാലും. ഇന്ദ്രൻ മുതലായ ദേവന്മരാരെങ്കിലുമാണ് ജ്യേഷ്ഠന്റെ കൊല ചെയ്തതെങ്കിൽപോലും ആ അക്രമകാരി അഗ്നിയിൽ ദഹിക്കും.