മാലിനി രുചിരഗുണശാലിനി

രാഗം: 

പാടി

താളം: 

ചെമ്പട 32 മാത്ര

ആട്ടക്കഥ: 

കീചകവധം

കഥാപാത്രങ്ങൾ: 

കീചകൻ

വിലോചനാസേചനകാംഗസൌഷ്ഠവാം
വിലോക്യ പാഞ്ചാലനരേന്ദ്രനന്ദിനീം
വിരാടപത്നീസഹജോ മഹാബല:
സ്മരാതുരോ വാചമുവാച കീചക

ചരണം1:
മാലിനി രുചിരഗുണശാലിനി കേള്‍ക്ക നീ
മാലിനിമേല്‍ വരാ തവ മാനിനിമാര്‍ മൌലേ
ചരണം 2
തണ്ടാര്‍ശര ശരനിര കൊണ്ടുകൊണ്ടു മമ
കൊണ്ടല്‍വേണി മനതാരില്‍ ഇണ്ടല്‍ വളരുന്നു.
ചരണം 3
മല്ലീശര വില്ലിനോടു മല്ലിടുന്ന നിന്റെ
ചില്ലീലത കൊണ്ടിന്നെന്നെ തല്ലിടായ്ക ധന്യേ
ചരണം 4
കുംഭി കുംഭം തൊഴും കുചകുംഭയുഗം തന്നില്‍
അന്‍പൊടു ചേര്‍ത്തുകൊള്‍കെന്നെ രംഭോരു വൈകാതെ
ചരണം 5
പല്ലവാംഗി നീയിങ്ങനെയല്ലല്‍ തേടിടാതെ
മല്ലികാക്ഷഗതേ മമ, വല്ലഭയായ് വാഴ്ക

അർത്ഥം: 

ശ്ലോകം:-കണ്ണുകള്‍ക്ക്‌ മതിവരാത്ത സൌന്ദര്യത്തോടു കൂടിയ പാഞ്ചാലിയെ കണ്ടിട്ട് മഹാബലവാനും വിരാടപത്നിയുടെ സഹോദരനുമായ കീചകന്‍  കാമാതുരനായി ഇങ്ങിനെ പറഞ്ഞു.
പദം:- സദ്‌ഗുണങ്ങളോടുകൂടിയവളും സുന്ദരികളില്‍ ഉത്തമയായവളുമായ മാലിനീ, ഇനിമേലില്‍ നീ സങ്കടപ്പെടേണ്ട. മഴക്കാറിനൊത്ത മുടിയോടുകൂടിയവളേ, കാമദേവന്റെ ശരനിര കൊണ്ടിട്ട് എന്‍റെ മനസ്സില്‍ ദുഃഖം വളരുന്നു. കാമദേവന്‍റെ വില്ലിനു തുല്യമായ നിന്‍റെ പുരികക്കൊടികൊണ്ട് എന്നെ തല്ലരുതേ.  വാഴത്തടിപോലെ ഊരുക്കള്‍ ഉള്ളവളേ, ആനയുടെ മസ്തകത്തിലെ കുംഭങ്ങള്‍ പോലും തൊഴുന്ന നിന്‍റെ സ്തനങ്ങളില്‍ എന്നെ വൈകാതെ ചേര്‍ത്താലും. തളിരുപോലെ അംഗമുള്ളവളേ, അരയന്നത്തെപ്പോലെ നടക്കുന്നവളേ, നീ ഇങ്ങിനെ വിഷമിക്കേണ്ട. എന്‍റെ പത്നിയായി വാണാലും.

അരങ്ങുസവിശേഷതകൾ: 

ആലവട്ടമേലാപ്പുകളോടുകൂടി ശൃഗാരഭാവത്തിലുള്ള കീചകന്റെ തിരനോട്ടം-

കീചകന്റെ ഇരുന്നാട്ടം-

തിരനോട്ടശേഷം കീചകന്‍ രംഗമദ്ധ്യത്തിലെ പീഠത്തില്‍ സഗൌരവം ഇരുന്നുകൊണ്ട് തിരതാഴ്ത്തുന്നു. (മേളം നിലയ്ക്കുന്നു) കീചകന്‍ മുന്നിലൊരു ശോഭകാണുന്നു.

(മേളം-തൃപുട ഒന്നാം കാലം)

കീചകന്‍:(ശ്രദ്ധയോടെ വീക്ഷിച്ച് ഭംഗിയും ആശ്ചര്യവും നടിച്ചശേഷം) ‘^ഈ കാണുന്നത് ചന്ദ്രനാണോ? അതോ താമരയോ? മുഖകണ്ണാടിയോ? അല്ലാ! മുഖമോ? ഇത് കരിംകൂവളമാണോ? അതോ മത്സ്യങ്ങളോ?കാമബാണങ്ങളോ? അല്ലാ! കണ്ണുകളോ? അവയ്ക്കുതാഴെ കാണുന്നത് ചക്രവാകപക്ഷികളാ‍ണോ? അതോ പൂംകുലകളോ? സ്വര്‍ണ്ണകുംഭങ്ങളോ? അല്ല! കുചങ്ങളോ? ഇത് മിന്നല്‍പ്പിണരോ? നക്ഷത്രമോ? സ്വര്‍ണ്ണവല്ലിയോ? അല്ല! ഒരു സുന്ദരിയോ? അതെ സുന്ദരി തന്നെ. ^ഉത്തമസ്ത്രീകള്‍ക്കുള്ള സൌദര്യാദി സര്‍വ്വഗുണങ്ങളോടും കൂടിയ ഇവള്‍ ആരാകുന്നു?‘ (സന്തോഷം, അത്ഭുതം, കാമം ഇവകള്‍ നടിച്ചിട്ട്) ‘സന്തോഷം കൊണ്ടും അത്ഭുതം കൊണ്ടും ഏറ്റവും ഇളകിമറിയുന്ന എന്റെ മനസ്സില്‍ കാമത്തെ ജനിപ്പിക്കുന്ന ഇവള്‍ ആരാകുന്നു? വിഷ്ണുവിന്റെ മാറിടത്തില്‍ വസിക്കുന്ന ലക്ഷീദേവിയോ? ശിവന്‍ തന്റെ അംഗത്തില്‍വെച്ച് ലാളിക്കുന്ന ഗൌരിയോ? ബ്രഹ്മാവ് നാലുമുഖങ്ങളെക്കൊണ്ടും ചുബിക്കുന്ന ഭാരതിയോ?’ (ഭംഗി ആസ്വദിച്ച് അത്ഭുതപെട്ടിട്ട്) ‘^ഇവള്‍ ദിവ്യഗുണങ്ങളെക്കൊണ്ട് നല്ലവണ്ണം ശോഭിച്ചിരിക്കുന്നു. ഒട്ടും ദോഷമില്ല. അതിനാല്‍ നിശ്ചയമായും മനുഷ്യവംശത്തില്‍ ജനിച്ചവളല്ല. പുരുഷജന്മത്തിന്റെ ഭലം സിദ്ധിക്കണമെങ്കില്‍ ഇവളെ ലഭിക്കണം.’ (ശക്തിയായ കാമപീഢ നടിച്ചിട്ട്) ‘ഇനി പ്രാണനെ ത്യജിച്ചിട്ടെങ്കിലും ഇത് സാധിക്കുന്നുണ്ട്.’

(മേളം-തൃപുട രണ്ടാം കാലം)

കീചകന്‍: (ശങ്കയോടെ) ‘ഇവള്‍ ആരാണ്?‘ (സൂക്ഷിച്ചുനോക്കി മനസ്സിലാക്കിയിട്ട്) ‘ഓ, മനസ്സിലായി. എന്റെ ജേഷ്ഠത്തിയുടെ സൈരന്ധ്രിയായുള്ള മാലിനി തന്നെ. ഇവളെ ലഭിച്ചില്ലായെങ്കില്‍ എന്റെ ജന്മം വിഭലമാണ്. ഇവളെ സ്വാധീനപ്പെടുത്തുവാന്‍ വഴിയെന്ത്?‘

(മേളം-തൃപുട മൂന്നാംകാലം)

കീചകന്‍: (ആലോചിച്ച് ഉറപ്പിച്ചശേഷം: ‘ഇനി വേഗം ഇവളുടെ സമീപം ചെന്ന് നല്ലവാക്കുകള്‍ പറഞ്ഞ് സ്വാധീനയാക്കുക തന്നെ’

(നാലാമിരട്ടി മേളം)

കീചകന്‍ മാലിനിയില്‍തന്നെ ദൃഷ്ടിയുറപ്പിച്ച് ശക്തിയായ കാമവികാരം നടിച്ചുകൊണ്ട് തിരയുയര്‍ത്തുന്നു.

കീചകന്റെ ഈ ആട്ടം-
കിമിന്ദു: കിം പത്മം കിമു മുകുരബിംബം കിമു മുഖം

കിമബ്ജേ കിം മീനൌ കിമു മദനബാണൌ കിമു ദൃശൌ

ഖഗൌ വാ ഗുച്ഛൌ വാ കനക കലശൌ വാ കിമു കുചൗ
തടിദ്വാ താരാവാ കനകലതികാ വാ കിമfബലാ
എന്ന ശ്ലോകത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. ഇവിടെ ഇതിനുപകരമായി ആടാറുള്ള ചില ശ്ലോകങ്ങള്‍ ഇവയാണ്-

1.നേദം മുഖം മൃഗവിമുക്ത ശശാങ്കബിംബം

   നേമൌ സ്തനാവമൃത പൂരിത ഹേമമുഭൌ

   നൈവാളകാവലിരിയം മദനാസ്ത്രശാലാ

   നേവേദമക്ഷിയുഗളം നിഗളം ഹിയൂനാം

ഈ കാണുന്നത് മുഖമോ? അല്ല, കളങ്കമില്ലാത്ത ചന്ദ്രബിംബമാണ്. ഇവ സ്തനങ്ങളോ? അല്ല, അമൃതപൂരിതമായ സ്വര്‍ണ്ണകുംഭങ്ങള്‍. ഇത് കുറുനിരയോ? അല്ല, മദനന്റെ അസ്ത്രങ്ങള്‍ നിറഞ്ഞ ആവനാഴി. ഇത് കണ്ണുകളോ? അല്ല, യുവാക്കളെ ബന്ധിക്കുവാനുള്ള ചങ്ങലയാണ്.

2.തിമിരഭരമെടുത്തിട്ടേകമേണാങ്കബിംബം

   മലകളതിനു താഴെ രണ്ടിതാകാശ ഗാമി

   തദനു കരിശിരസ്സും തന്‍‌കരം രണ്ടുതാഴെ

   ഒരു കനകലതയാം കെട്ടിയോരിന്ദ്രജാലം

ഇതാ ഇരുട്ടിനെ ഭേദിച്ചുകൊണ്ടൊരു ചന്ദ്രബിംബം. താഴെയായി ആകാശഗാമിയായ രണ്ട് മലകള്‍. അതിനു താഴെയായി ആനയുടെ മസ്തകവും താഴെ രണ്ടു തുമ്പികൈകളും കാണുന്നു. ഇവയെല്ലാം ഒരു കനകവള്ളിയാല്‍ കെട്ടിയിട്ടിരിക്കുന്ന ഇന്ദ്രജാലമോ?

3.വാപീകാപീ സ്ഥുരതിഗഗനൈ തത്പരം സൂക്ഷ്മ പദ്യാ 

   സോഹാനാളീമഥ ഗതവതി കാഞ്ചനീമൈന്ദ്രനീലീം

   അഗ്രേ ശൈലൌസുകൃതി സുഗമൌ ചന്ദ്രനച്ഛന്ന ദേശൌ

   തത്രതാനാം സുലഭമമൃതാം സന്നിധാനാത് സുധാംശോ:

അതാ ഒരു പൊയ്ക കാണുന്നു. അതിനുമുകളിലായി ആകാശത്തിലെയ്ക്ക് കെട്ടപ്പെട്ടതും ഇന്ദ്രനീലകല്ലുകളേപ്പോലെ ശോഭിക്കുന്നതുമായ സൂക്ഷ്മമായ ഒരു മാര്‍ഗ്ഗം സ്ഫുരിക്കുന്നു. അതിനുമുകളില്‍ രണ്ടു പര്‍വ്വതങ്ങളോടും ചന്ദന വൃക്ഷങ്ങളാല്‍ നിറഞ്ഞതുമായ ഒരു സ്ഥലം കാണുന്നു. ഈ പര്‍വ്വതത്തില്‍ ഇരിക്കുന്നവര്‍ സുകൃതികളാകുന്നു. അതിനടുത്ത് സുലഭമായ അമൃതോടുകൂടിയ ചന്ദ്രബിംബവും കാണുന്നു.

ഈ ആട്ടം മഹാകവി കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിതമ്പുരാനാല്‍ വിരചിതമായ 

സൌന്ദര്യാദ്യൈസ്സമസ്തൈര്‍ വരയുവതി ഗുണൈ: കേയമുത്പാദയന്തീ

കാമാഹര്‍ഷാദ്ഭുതാദ്യാമധിക തരളിതേ മാനസേ മാമകീനേ

പത്മാ പത്മാക്ഷവക്ഷസ്ഥലകൃത നിലയാ കിന്നുകിം ലാള്യമാന
സ്വാങ്കേ, ശര്‍വേണ ഗൌരീ, കിമുവിധി വദനേ ഭാരതീ ചുബ്യമാനോ:

എന്ന ശ്ലോകത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.  ഇവിടെ ഇതിനുപകരമായി ആടാറുള്ള മറ്റൊരു ശ്ലോകം ഇതാണ്-

കൈഷാദാക്ഷായണീഭി: കലുഷിത നയനൈര്‍ വീക്ഷ്യമാണാപരാഭിര്‍-

ന്നിത്യം താരാഥിപാങ്കം മൃദുശയനാരോഹിണീ കിം

സ്വാന്തന്വാനാ രതീം കിം നിജസുഭഗ ഗുണൈ കാമകാമം നികാമം

ദേവകിം വിഷ്ണുമായാ സ്മരരിപുഹൃദയം മോഹിതം പ്രാഗ്യയാസീത്”

ദക്ഷപുത്രിമാര്‍ തന്നെയായ മറ്റുചന്ദ്രപത്നിമാരാല്‍ ഈഷ്യയോടെ, കലങ്ങിയ കണ്ണുകളെക്കൊണ്ട് വീക്ഷിക്കപ്പെടുന്നവളും നക്ഷത്രനാഥനായ ചന്ദ്രന്റെ മടിയാകുന്ന മൃദുമെത്തയില്‍ സദാ കയറിയിരിക്കുന്നവളുമായ രോഹിണിയോ? തന്റെ സൌഭാഗ്യഗുണങ്ങളെക്കൊണ്ട് കാമദേവന് ഏറ്റവും കാമം വര്‍ദ്ധിപ്പിക്കുന്നവളായ രതീദേവിയോ? പണ്ട് കാമദേവനെ ദഹിപ്പിച്ച ശിവന്റെ ഹൃദയത്തേക്കൂടി മോഹിപ്പിച്ച വിഷ്ണുമായയോ? ഇവള്‍ ആരാകുന്നു?

ഈ ആട്ടം മഹാകവി കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിതമ്പുരാനാല്‍ വിരചിതമായ

സമുജ്ജ്വലാ ദിവ്യഗുണൈരദോഷാ

നൈഷാ ദ്ദൃഢം മാനുഷവംശ ജാതാ

ലാഭാത്തു മജ്ജന്മ ഫലം ഹൃമുഷ്യാ:

പ്രാണവ്യയേനാപ്യഥ സാധയിഷ്യേ
എന്ന ശ്ലോകത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.

തുടര്‍ന്ന് തിരശ്ശീല വലതുഭാഗത്ത് അല്പം പിന്നിലേയ്ക്കൂപിടിക്കുന്നു. ഇടതുഭാഗത്തുകൂടി സൈരന്ധ്രി പ്രവേശിച്ച് പൂവിറുത്തുകൊണ്ട് നില്‍ക്കുന്നു. നാലാമിരട്ടിമേളത്തിനൊപ്പം തിരതാഴ്ത്തുന്ന കീചകന് സൌന്ദര്യശോഭകണ്ട് കാമപീഢ വര്‍ദ്ധിക്കുന്നു. കീചകന്‍ പതിഞ്ഞ ‘കിടതകധിം,താം’ മേളത്തിനൊപ്പം സൈരന്ധ്രിയുടെ സമീപത്തേയ്ക്ക് നീങ്ങുന്നു. അപ്രതീക്ഷിതമായി അന്യപുരുഷനെ ദര്‍ശ്ശിക്കുന്ന മാലിനി പരിഭ്രമത്താലും വിമുഖതയാലും മുഖംതാഴ്ത്തി നില്‍ക്കുന്നു. തുടര്‍ന്ന് കീചകന്‍ നോക്കിക്കാണലോടെ പദാഭിനയം ആരംഭിക്കുന്നു.