കാന്താ കൃപാലോ

രാഗം: 

ദ്വിജാവന്തി

താളം: 

ത്രിപുട 7 മാത്ര

ആട്ടക്കഥ: 

കീചകവധം

കഥാപാത്രങ്ങൾ: 

സൈരന്ധ്രി

ശ്ലോകം
ഇത്ഥം തേനാനുനീതാ മുഹുരപി കുഹനാ മസ്കരീന്ദ്രേണ ഭർത്രാ
ചിത്തേ പാദപ്രഹാരം കദനകലുഷിതേ സൂതസൂനോഃ സ്മരന്തീ
പാകസ്ഥാനേ ശയാനം പവനസുതമുപേത്യാഥ ദീനാ നിശായാം
ശോകോദ്യത് ബാഷ്പപൂരസ്നപിതതനുലതാ പാർഷതീ സാ രുരോദ

പല്ലവി
കാന്താ കൃപാലോ കാത്തുകൊൾകെന്നെ
ചരണം 1
കാന്താരാന്തരം തന്നിൽ വാണിടുമ്പോൾ
കാന്തരൂപ! നിൻ കാരുണ്യം കൊണ്ടല്ലോ
സ്വാന്തഖേദമുണ്ടായതശേഷവും
ശാന്തമായ് വന്നതോർത്താൽ
ചരണം 2
ദുഷ്ടനായോരു കീചക നീചന്റെ
ഇഷ്ടപൂർത്തി വരുത്തായ്കകൊണ്ടെന്നെ
മുഷ്ടിപാദങ്ങൾ കൊണ്ടു താഡിച്ചവൻ
വിട്ടു വിധി ബലത്താൽ.
ചരണം 3
ദുർമ്മതിയായ ദുശ്ശാസനൻ ചെയ്ത
നിർമ്മരിയാദ കർമ്മത്തെക്കാൾ മമ
ധർമ്മാനുജാ! സൂതജൻ ചെയ്തൊരു
കർമ്മമസഹ്യമയ്യോ!
ചരണം 4
പ്രാണ നായകാ! വീരവരാ! ജഗൽ
പ്രാണ നന്ദനാ! നീയവനെയിനി,
പ്രാണശാലിവരാ! ഹനിച്ചീടുവാൻ
കാണിയും വൈകീടൊല്ലാ.

അർത്ഥം: 

ഇങ്ങിനെ സന്യാസവേഷധാരിയായ ഭർത്താവിനാൽ വീണ്ടും വീണ്ടും  ആശ്വസിക്കപ്പെട്ട ആ പാർഷതി, കീചകന്റെ കാലുകൾ കൊണ്ടുള്ള താഡനം മനസ്സിൽ ഓർത്ത്, ദുഃഖം കൊണ്ട് മനസ്സുകലങ്ങി, രാത്രിയിൽ പാചകശാലയിൽ കിടക്കുന്ന ഭീമസേനനെ സമീപിച്ച്, കണ്ണുനീരിൽ കുതിർന്നുകൊണ്ട് ഇങ്ങിനെ കരഞ്ഞു.
   അല്ലയോ കാരുണ്യശീലനായ കാന്താ എന്നെ രക്ഷിക്കണം. കാട്ടിൽ താമസിക്കുന്ന കാലത്തുണ്ടായ മനോദുഃഖമെല്ലാം അങ്ങയുടെ കാരുണ്യംകൊണ്ടാണല്ലോ ഇല്ലാതായത്. ദുഷ്ടനായ കീചകന്റെ ഇഷ്ടം സാധിച്ചു കൊടുക്കാത്തതിനാൽ കൈകാലുകൾ കൊണ്ട്  അടിച്ച്, ഭാഗ്യവശാൽ, എന്നെ വിട്ടയച്ചു. അല്ലയോ ധർമ്മാനുജാ, ദുർമ്മതിയായ ദുശ്ശാസനൻ ചെയ്ത മര്യാദകേടിനേക്കാൾ ഈ കർമ്മം അസഹ്യമാണ്. പ്രാണനായകാ, വീരാ, അങ്ങ് നീ അവനെ വധിക്കുവാൻ അല്പം പോലും താമസിച്ചുകൂട.