ഹന്ത ദൈവമേ ഞാനെന്തു കേട്ടിതോ

രാഗം: 

പുന്നഗവരാളി

താളം: 

ചെമ്പട

ആട്ടക്കഥ: 

കർണ്ണശപഥം

കഥാപാത്രങ്ങൾ: 

കർണ്ണൻ

ഹന്ത ദൈവമേ! ഞാനെന്തു കേട്ടിതോ ?

എന്തെന്‍റെ ശിരസ്സിങ്കലശനീപാതമോ ?

അന്ധകാരം ജവാല്‍ ദിശാന്തരേ പരക്കയോ ?

ധാരണിയെന്നുടെ ചുറ്റും ത്വരിതം തിരികയോ ?

പരമാര്‍ത്ഥമെല്ലാമെന്നോടരുളുമോ കൃപയാലേ?

അരങ്ങുസവിശേഷതകൾ: 

ഇളകിയാട്ടം :

കര്‍ണ്ണന്‍ പാദങ്ങളില്‍ വീണ് “പറയണേ പറയണേ! “ എന്ന്‍ യാചിക്കുന്നു. കുന്തി കരഞ്ഞ് കൊണ്ട് കര്‍ണ്ണനെ പിടിച്ച് എഴുന്നെല്‍പ്പിക്കുന്നു. എന്നിട്ട് പൂര്‍വ്വ കഥ പറഞ്ഞു കൊടുക്കുന്നു. “എന്‍റെ പുത്രന്മാര്‍ ഓരോരോ ദേവന്മാര്‍ക്കായി എന്‍റെ മന്ത്രശക്തി കാരണമായി ജനിച്ചവരാണെന്ന് നീ കേട്ടിരിക്കുമല്ലോ? അഞ്ചുപേര്‍ക്കും മുമ്പായിരുന്നു നിന്‍റെ ജനനം. അന്നു ഞാന്‍ കന്യക ആയിരുന്നു. ദുര്‍വ്വാസാവ്‌ മഹര്‍ഷി എന്‍റെ പരിചരണത്തില്‍ പ്രസാദിച്ച് എനിക്ക് മന്ത്രങ്ങള്‍ ഉപദേശിച്ചു. മന്ത്രങ്ങളുടെ ശക്തി പരീക്ഷിച്ചറിയാനുള്ള കൌതുകം കാരണമായി ഞാന്‍ സൂര്യദേവനെ ഉദ്ദേശിച്ച് ആദ്യത്തെ മന്ത്രം ചൊല്ലി. അത്ഭുതമെന്നേ പറയേണ്ടു, സൂര്യദേവന്‍ തല്‍ക്ഷണം പ്രത്യക്ഷനായി എനിക്ക് തേജോമയനായ ഒരു പുത്രനെ നല്‍കി. ജനിക്കുമ്പോള്‍ പൈതലിന് കവചവും കുണ്ടലങ്ങളും ഉണ്ടായിരുന്നു. നീയായിരുന്നു ആ പൈതല്‍. ലോകാപവാദം ഭയന്ന് ഞാന്‍ നിന്നെ ഒരു പേടകത്തിലാക്കി നദിയിലൊഴുക്കി. നിന്നെ സൂതന്‍ പുത്രനായി വളര്‍ത്തി. അനന്തരസംഭവങ്ങളെല്ലാം നിനക്കറിയാമല്ലോ? നീ എന്‍റെ സീമന്തപുത്രനാണ് എന്ന രഹസ്യം എനിക്കല്ലാതെ മറ്റാര്‍ക്കും അറിഞ്ഞുകൂടാ. അതാണ്‌ ഞാന്‍ ഇപ്പോള്‍ നിന്നെ അറിയിച്ചത്.