Knowledge Base
ആട്ടക്കഥകൾ

എന്തിഹ മന്മാനസേ സന്ദേഹം വളരുന്നൂ

രാഗം: 

ഹിന്ദോളം

താളം: 

ചെമ്പട

ആട്ടക്കഥ: 

കർണ്ണശപഥം

കഥാപാത്രങ്ങൾ: 

കർണ്ണൻ

എന്തിഹ മന്മാനസേ സന്ദേഹം വളരുന്നൂ ?

അങ്കേശനാമീ ഞാനെങ്ങു പിറന്നവനോ ?

ഇങ്ങാരറിവൂ ഞാനാരേങ്ങെന്‍റെ വംശമെന്നോ ?

മാതാവ് രാധ താനോ ? താതനതിരഥനോ ?

ഹാ ദൈവമേയെന്‍ ജന്മദാതാക്കളാരോ ?

കാണുമോ ഞാനവരെ ? കാണുകയില്ലയെന്നോ ?

കാണാതെ മരിക്കുവാനാണോ ശിരോലിഖിതം ?

അരങ്ങുസവിശേഷതകൾ: 

കഴിഞ്ഞ രംഗത്തിൽ ദുര്യോധനനും ദുശ്ശാസനനും പോയ ശേഷം അരങ്ങത്ത് കർണ്ണൻ ഒറ്റയ്ക്ക് ആവുകയും കർണ്ണന്റെ ആട്ടവും ആണ്. കർണ്ണൻ നടന്ന്‍ ഗംഗാതീരത്ത്‌ എത്തുന്ന പ്രതീതി ഉളവാക്കുന്നു . സ്നാനം ചെയ്ത് മണല്‍തിട്ടയില്‍ ഇരുന്ന് ഈശ്വരപ്രാര്‍ത്ഥന ആരംഭിക്കുന്നു . തെല്ലിട കഴിഞ്ഞ് ധ്യാനത്തിന് ഭംഗം നേരിടുന്നു. എന്താണ് കാരണം എന്ന്  മനസ്സിലാവുന്നില്ല. വീണ്ടും ധ്യാനം തുടങ്ങുകയും വീണ്ടും അതിനു ഭംഗം ഉണ്ടാവുകയും ചെയ്യുന്നു. മനസ്സില്‍ കുറേക്കാലമായിക്കിടക്കുന്ന സംശയങ്ങളാണ് കാരണമെന്ന് വിശദമാക്കുന്നു. ഇത്രയും ആടിയശേഷം ആണ് പദം ആടുക.

പിന്നീട് കുന്തി വരുന്നു. സദസ്യരുടെ ഇടയിലൂടെ ആയിരിക്കും കുന്തിയുടെ വരവ്. സന്ദര്‍ശകരുടെ നടുവിലൂടെ കുന്തി മന്ദം മന്ദം കയറി വരുന്നു . കുന്തിയെ ദൂരേ കണ്ടിട്ട് കര്‍ണ്ണന്‍ എഴുന്നേറ്റ് : “ആരാണ് ഈ സ്ത്രീ? എവിടുന്നു വരുന്നു? എന്തിനു വരുന്നു ? എന്തൊരു ദിവ്യസൌന്ദര്യം! എന്തൊരു പ്രൌഢി! ദേവീദേവന്മാര്‍ ആരാനും ഭൂമിയിലേക്ക് ഇറങ്ങി വന്നിരിക്കുന്നുവോ? എന്തെന്നറിഞ്ഞില്ല, എന്‍റെ മനസ്സിന് ഇളക്കമുണ്ടാവുന്നു. മാതാവിനോട് എന്ന പോലെയുള്ള ഒരു സ്നേഹം എന്‍റെ ഹൃദയത്തില്‍ നുരഞ്ഞു പൊങ്ങുന്നു. ഇതുപോലെ ഒരു അനുഭവം എനിക്ക് ഇന്നേ വരെ ഉണ്ടായിട്ടില്ല. എന്താണ് ഇതിന് കാരണം? സ്ത്രീ ഇങ്ങ് അടുത്ത് എത്തിയല്ലോ? എന്നെ കാണാന്‍ വന്നതാണ്, തീര്‍ച്ച“. കുന്തി രംഗത്ത് കയറുന്നു. കര്‍ണ്ണന്‍ പെട്ടെന്ന് ആളെ തിരിച്ചറിയുന്നു. “അല്ലാ, ആരാണിത്? പഞ്ചപാണ്ഡവരുടെ മാതാവായ കുന്തീദേവിയോ? അത്ഭുതം തന്നെ! “

ശേഷം അടുത്ത പദം.