ഹസ്തിപനഹമധുനാ കലഹേ

രാഗം: 

കേദാരഗൌഡം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

കംസവധം

കഥാപാത്രങ്ങൾ: 

മഹാമാത്രൻ (ആനക്കാരൻ)

ഹസ്തിപനഹമധുനാ കലഹേ

നിസ്തുല മദ കരിണാ

ശസ്തരായ ഗോപാലകന്മാരുടെ

മസ്തകം പൊടിയതാക്കുന്നുണ്ടു

ഹസ്തഗതസ്തേ വിജയസ്സരഭസമസ്തശങ്കമത്ര വാഴ്ക നൃപവര

കേൾക്ക ധരാധിപതേ മാമകവാക്യമിദം സുമതേ

അർത്ഥം: 

ആനക്കാരനായ ഞാൻ ഇപ്പോൾ യുദ്ധത്തിൽ എതിരുറ്റവനായ മദയാനയെക്കൊണ്ട് ശക്തരായ ഗോപാലകന്മാരുടെ ശിരസ്സ് പൊടിയാക്കുന്നുണ്ട്. രാജശ്രേഷ്ഠാ, വിജയം അങ്ങയുടെ കൈയ്യിലെത്തിക്കഴിഞ്ഞു. വേഗം സംശയമകറ്റി ഇനി ഇവിടെ സുഖമായി വസിച്ചാലും.

അരങ്ങുസവിശേഷതകൾ: 

ശേഷം ആട്ടം-

പദം കലാശിച്ചിട്ട് മഹാമാത്രൻ കംസനെ കുമ്പിടുന്നു. 

കംസൻ:(അനുഗ്രഹിച്ചിട്ട്)’അല്ലയോ ഹസ്തിപാ, ഗോപബാലന്മാർ വരുന്ന സമയത്ത് കുവലയാപീഠത്തിനെ യാഗശാലാകവാടത്തിൽ നിർത്തുകയും അവനെക്കൊണ്ട് അവരെ വധികുകയും വേണം. ആ ഗോപകുമാരന്മാർ സൂത്രശാലികളാണ്, ശ്രദ്ധിക്കണം.’

മഹാമാത്രൻ:’ശ്രദ്ധിച്ചുകൊള്ളാം’

കംസൻ പാരിദോഷികം നൽകി അനുഗ്രഹിച്ച് മഹാമാത്രനെ അയയ്ക്കുന്നു. കംസനെ വണങ്ങി പിന്നിലേയ്ക്കുമാറി മഹാമാത്രൻ നിഷ്ക്രമിക്കുന്നു.

കംസൻ:(മല്ലന്മാരോടായി)’കുവലയാപീഠംതന്നെ ഗോപാലകബാലന്മാരെ നശിപ്പിച്ചുകൊള്ളും. എങ്കിലും നിങ്ങൾ കരുതിയിരിക്കണം. ആനയിൽനിന്നും രക്ഷപ്പെടുകയാണെങ്കിൽ അവരെ നിങ്ങൾ യുദ്ധത്തിൽ വധിക്കണം’

ചാണൂരമുഷ്ടികന്മാർ:’ഞങ്ങൾ അവരെ നശിപ്പിച്ചുകൊള്ളാം’

കംസൻ:’ശ്രദ്ധിക്കണം. അനവധി വീരന്മാരെ അവർ വധിച്ചത് അറിയാമല്ലൊ?’

ചാണൂരമുഷ്ടികന്മാർ:’വഴിപോലെ ശ്രദ്ധിച്ചുകൊള്ളാം’

കംസൻ:’എന്നാൽ ഇനി പറഞ്ഞതുപോലെ എല്ലാം പ്രവർത്തിച്ചാലും’

ചാണൂരമുഷ്ടികന്മാർ കംസനെ കിമ്പിട്ട് നിഷ്ക്രമിക്കുന്നു.

കംസൻ:(മല്ലന്മാരെ അനുഗ്രഹിച്ച് അയയ്ച്ചുതിരിഞ്ഞ് വീണ്ടും മുന്നോട്ടുവന്നിട്ട്)’ഇനി രാമകൃഷ്ണന്മാരെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവരുവാനായി ആരെയാണ് നിയോഗിക്കുക?’ (ആലോചിച്ചിട്ട്)’ഉം, യാദവശ്രേഷ്ഠനായ അക്രൂരനെത്തന്നെ അയയ്ക്കാം’ (‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഭൃതനെ കണ്ട്, അനുഗ്രഹിച്ചിട്ട്)’എടോ ഭൃത്യാ, യാദവശ്രേഷ്ഠനായ അക്രൂരനോട് പെട്ടന്നുതന്നെ എന്നെ വന്ന് കാണുവാൻ അറിയിക്കുക’ (ഭൃത്യനെ അനുഗ്രഹിച്ചയയ്ച്ച് തിരിഞ്ഞിട്ട്)’ഇനി അക്രൂരനോട് രാമകൃഷ്ണന്മാരെ കൂട്ടിക്കൊണ്ടുവരുവാൻ കല്പിക്കുകതന്നെ’

നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് കംസൻ പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.

—–(തിരശ്ശീല)—–