സുമതേ ഗന്ദിനീ നന്ദന സ്വാഗതം

രാഗം: 

നാട്ടക്കുറിഞ്ഞി

താളം: 

അടന്ത

ആട്ടക്കഥ: 

കംസവധം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

ഇത്ഥം മത്വാ നിജചരണയോസ്സമന്തം നിതാന്തം

ഭക്ത്യുദ്രേകോദ്‌ഗളിതപുളകാനന്ദബാഷ്പാകുലാക്ഷം

ഉത്ഥാപ്യാരോന്നതജനസ്സുരാനൗകഹസ്സാഗ്രജോസൗ

സ്നിഗ്ദ്ധാപാംഗസ്തിതമതിഗിരം വ്യാഹരദ്വാസുദേവ

സുമതേ ഗന്ദിനീ നന്ദന സ്വാഗതം തവ സുമതേ

അമിതം ഞങ്ങൾക്കു മോദമധുനാ നിന്നെ കാൺകയാൽ

കുമുദബന്ധുവെക്കണ്ടാൽ കുമുദങ്ങൾക്കെന്നപോലെ

ചേതോമോഹനശീലാ ജ്ഞാതിബാന്ധവന്മാർക്കു

മേദുരം കുശലമല്ലീ യാദവവീര

മാതാവും ജനകനും ശിവശിവ മന്നിമിത്ത-

മേതെല്ലാമവർ ദുഃഖമനുഭവിക്കുന്നു പാർത്താൽ

ശാന്തമാനസ നിത്യം ബാന്ധവദ്വേഷിയാകും

ഹന്ത മാതുലനാം കംസൻ ദുർമ്മതിമാരാം

മന്ത്രികളോടുകൂടെ മഹതാം നിന്ദയെച്ചെയ്തു

സന്തതം മരുവുന്നോ ചിന്തിച്ചാലഹോ കഷ്ടം

നന്ദിയോടിഹഭവാൻ വന്നകാരണം ചൊൽക

സന്ദേഹം വേണ്ടാ മാനസേ സൽഗുണരാശേ

മന്നവനിയോഗത്താലെന്നു ഞാൻ കരുതുന്നേൻ

നന്നിതു തവനൂനം വന്നീടും ശുഭം മേലിൽ

അർത്ഥം: 

ശ്ലോകസാരം:-ഇങ്ങിനെ ചിന്തിച്ചിട്ട് ആശ്രിതര്‍ക്ക് കല്പവൃക്ഷമായ ശ്രീകൃഷ്ണൻ തന്റെ കാല്‍ക്കല്‍ നമസ്ക്കരിക്കുന്നവനും, ഭക്തിയുടെ ആധിക്യത്താല്‍ പുളകിതനായി ആനന്ദബാഷ്പംകൊണ്ടു് കണ്ണുകലങ്ങിയവനുമായ അക്രൂരനെ ഏട്ടനോടൊപ്പം വേഗം എഴുന്നേൽപ്പിച്ചിട്ട് മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് ഇങ്ങിനെ പറഞ്ഞു.

പദസാരം:-സുമനസ്സേ, ഗാന്ദിനീപുത്രാ, അങ്ങേയ്ക്ക് സ്വാഗതം. ചന്ദ്രനെ കണ്ടാൽ ആമ്പൽപ്പൂക്കൾക്ക് എന്നതുപോലെ അങ്ങയെ കാണുകയാൽ ഞങ്ങൾക്ക് ഇപ്പോൾ വളരെ സന്തോഷം. മനോഹരമായ ശീലങ്ങളോടുകൂടിയവനേ, യാദവവീരാ, ബന്ധുജനങ്ങൾക്കെല്ലാം ഏറ്റവും സുഖമല്ലെ? അമ്മയും, അച്ഛനും, ശിവശിവ! ഓർത്താൽ ഞാൻ കാരണമായി അവർ എന്തെല്ലാം ദുഃഖങ്ങൾ അനുഭവിക്കുന്നു. ശാന്തമായ മനസ്സോടുകൂടിയവനേ, ഹോ! ബന്ധുക്കളുടെ നിത്യവിദ്വേഷിയാകുന്നവനും, അമ്മാവനുമാകുന്ന കംസൻ ദുഷ്ടബുദ്ധികളായ മന്ത്രികളോടുംകൂടി എല്ലായിപ്പോഴും മഹാത്മാക്കളെ നിന്ദചെയ്തുകൊണ്ട് വസിക്കുകയാണോ? ഹോ! ചിന്തിച്ചാൽ കഷ്ടം തന്നെ. സന്തോഷത്തോടുകൂടി ഭവാൻ ഇവിടെ വന്ന കാരണം പറയുക. സദ്ഗുണസമുദ്രമേ, മനസ്സിൽ സംശയം വേണ്ടാ. രാജാവിന്റെ നിയോഗത്താലാണ് വന്നതെന്ന് ഞാൻ കരുതുന്നു. തീർച്ചയായും അങ്ങേയ്ക്ക് മേലിൽ മഗളം ഭവിക്കും.

അരങ്ങുസവിശേഷതകൾ: 

വലന്തലയിൽ അക്രൂരൻ ഇടത്തുകൂടെ പ്രവേശിച്ച് നമസ്കരിക്കുന്നു. വലന്തലയിൽ ലേശം ത്രിപുടകഴിഞ്ഞ് രാമകൃഷ്ണന്മാരുടെ പദം.