രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
മാനുഷരെല്ലാരും കേൾപ്പിൻ അഭി-
മാനം കളഞ്ഞു ശിവനെ ഭജിപ്പിൻ
പാലയശങ്കര ശംഭോ
കാണുന്നതൊക്കെയും മായാ എന്നു-
തോന്നാതെയുള്ള ജനം ബഹുപേയാം
പാലയശങ്കര ശംഭോ
ബ്രഹ്മനെന്നും വിഷ്ണുവെന്നും ചൊല്ലും
ചിന്മയനാം ശിവനേകനെത്തന്നെ
പാലയശങ്കര ശംഭോ
മാനിനിമാരാം കിണറ്റിൽ വീണു
താണുപോകാതെ ശിവനെഭജിപ്പിൻ
പാലയശങ്കര ശംഭോ
ഞാനെന്നുമെന്റേതിന്നുമുള്ള-
മാനം നടിച്ചുഴന്നീടായ്ക് നിത്യം
പാലയശങ്കര ശംഭോ
ജ്ഞാനമുണ്ടാകുന്ന നേരം പര
മാനന്ദമൂർത്തിയെ കാണാമുദാരം
അർത്ഥം:
മനുഷ്യരെല്ലാരും കേൾക്കുവിൻ. അഭിമാനം കളഞ്ഞ് ശിവനെ ഭജിക്കുവിൻ. ശങ്കരാ, ശുഭോ, രക്ഷിച്ചാലും. കാണുന്നതൊക്കെയും മായയാണ് എന്ന് തോന്നാത്തവരായ ജനങ്ങൾ ഏറ്റവും ഭ്രാന്തരാണ്. ബ്രഹ്മാവെന്നും വിഷ്ണുവെന്നും പറയുന്നതും ആനന്ദസ്വരൂപനായ ശിവൻ ഒരാളെത്തന്നെയാണ്. സുന്ദരിമാരാകുന്ന കിണറ്റിൽ വീണുതാണുപോകാതെ ശിവനെ ഭജിക്കുവിൻ. ഞാൻ എന്നും, ഇത് എന്റെത് എന്നുമുള്ള ദുരഭിമാനം നടിച്ച് നിത്യം ഉഴന്നീടരുത്. ജ്ഞാനമുണ്ടാകുന്ന നേരത്ത് സത്യമായ പരമാന്ദമൂർത്തിയെ കാണാം.
അരങ്ങുസവിശേഷതകൾ:
ഇടത്തുഭാഗത്തുകൂടി മാലകൾ നിറച്ച കൊട്ടയുമായി പ്രവേശിക്കുന്ന സുദാമൻ പദമഭിനയിച്ചുകൊണ്ട് മുന്നോട്ട് വരുന്നു.
സുദാമന്റെ സ്തുതിപദം ആയ ഇത് ആണ്ടിപ്പാട്ട് രൂപത്തിൽ ആണ്.
മുന്നേയുള്ള ശ്ലോകം പതിവില്ല ചിലപ്പോൾ.
സ്തുതിപ്പദം കലാശിക്കുന്നതോടെ രാമകൃഷ്ണന്മാർ വലത്തുഭാഗത്തുകൂടി പ്രവേശിക്കുന്നു. പരസ്പരം കാണുന്നതോടെ ശ്രീകൃഷ്ണൻ (അടുത്ത) പദാഭിനയം ആരംഭിക്കുന്നു.
അനുബന്ധ വിവരം:
കേരളത്തിലെ തമിഴ്നാടിന്റെ സാമീപ്യമുള്ള പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള ഗ്രാമീണാനുഷ്ടാനകലയായ ‘ആണ്ടിയാട്ട’ത്തിലെ, ശിവന്റേയും സുബ്രഹ്മണ്യന്റേയും സ്തുതികളായുള്ള ഗാനങ്ങളാണ് ‘ആണ്ടിപ്പാട്ട്’ എന്ന് അറിയപ്പെടുന്നത്.