രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
താപിഞ്ഛാമലനീലകോമളതനുഃ കാരുണ്യവാരാന്നിധി-
സ്താപദ്ധ്വാന്തദിവാകരഃ പ്രണമതാം പിഞ്ഛോജ്വലത്കുന്തളഃ
ഗോവത്സാൻ കളവേണുരാജിതകരസ്സഞ്ചാരയൻ ഗോകുലേ
ഗോപീനാം നയനോത്സവഃ പ്രതിദിനം രേമേ സ രാമാനുജഃ
ഗോപികാനായകനാകും ഗോപബാലൻ കൃഷ്ണൻ
ഗോകുലേ വാണു സാനന്ദം ശോഭനാംഗൻ
ആര്യനാകും ബലദേവവീരനോടുംകൂടെ
നീരദാഭൻ വിലസുന്നു ഭൂരിമോദം
പീലികൊണ്ടു വിളങ്ങുന്ന വേണീഭരവന-
മാലികനകകപിശചേലനാദ്യൻ
ചാരുശിഞ്ജിതമണിമഞ്ജീരകാഞ്ചി നവ-
ഹാരകേയൂരാദിസുകുമാരഗാത്രൻ
നാരിമാരുടെ മനസി മാരതാപം നൽകും
സ്മേരമുഖവിജിതനവാരവിന്ദൻ
ദീനജനകല്പതരു ദാനവാരി ഗോപ-
മാനിനീലോചനാനന്ദൻ മാനശാലീ
ഭക്തജനങ്ങടെ നല്ല ചിത്തരംഗേ മോദാൽ
നൃത്തമാടുന്നോൻ മുകുന്ദനസ്തശങ്കം
വിശ്വമോഹനമാകുന്ന വേണുനാദംകൊണ്ടു
വിസ്മയിപ്പിക്കുന്നു ലോകം വിശ്വനാഥൻ
നന്ദനീയമാകുന്ന കളിന്ദജാതന്നുടെ
സുന്ദരപുളിനതടേ നന്ദസൂനു
ധന്യശീലൻ ഗോപഗോപീവന്ദനീയൻ പശു-
വൃന്ദരക്ഷചെയ്തു വാണു നന്ദിയോടെ
അർത്ഥം:
ശ്ലോകസാരം:-തമാലവൃക്ഷത്തിന്റേതുപോലെ തെളിഞ്ഞ നീലനിറമാർന്നതും സുന്ദരവുമായ ശരീരമുളവനും, കാരുണ്യസമുദ്രവും, നമസ്ക്കരിക്കുന്നവരുടെ ദുഃഖമാകുന്ന ഇരുട്ടിനെ ഒഴിയ്ക്കുന്ന സൂര്യനെപ്പോലെയുള്ളവനും, മയിൽപ്പീലികൊണ്ട് ശോഭിയ്ക്കുന്ന മുടിയോടുകൂടിയവനും, ബലരാമാനുജനുമായ ആ കൃഷ്ണൻ കൈയിൽ ഓടക്കുഴലുമായി പശുക്കളേയും, പൈക്കുട്ടികളേയും മേച്ചുകൊണ്ട്, എന്നും ഗോപസ്ത്രീകളുടെ കണ്ണുകൾക്കു് ഉത്സവമായി ഗോകുലത്തിൽ സസുഖം വസിച്ചു.
പദസാരം:-ഗോപികാനായകനായ ഗോപബാലനും, ശോഭനശരീരനുമായ കൃഷ്ണൻ ആനന്ദത്തോടെ ഗോകുലത്തിൽ വാണു. കാർമേഘവർണ്ണൻ ജേഷ്ഠനായ ബലദേവവീരനോടുകൂടി ഏറ്റവും സന്തോഷത്തോടുകൂടി വിലസുന്നു. പീലിചാർത്തി ശോഭിക്കുന്ന തലമുടി, വനമാലയണിഞ്ഞ മാറിടം, മഞ്ഞപ്പട്ടും അരഞ്ഞാണവും ധരിച്ച അരക്കെട്ട്, മനോഹരമായി കിലുങ്ങുന്ന രത്നചിലമ്പുകളണിഞ്ഞ പാദങ്ങൾ, മാലകളും വളകളുമണിഞ്ഞ തോളുകൾ, ഇത്യാദികളോടുകൂടിയതായ സുകുമാരശരീരമുള്ളവനും, സ്ത്രീകളുടെ മനസ്സിൽ കാമദുഃഖത്തെ നൽകുന്നതായ ചിരിയോടുകൂടിയതും, വിടർന്ന താമരപ്പൂവിനെ വെല്ലുന്നതുമായ മുഖത്തോടുകൂടിയവനും, ദീനജനങ്ങൾക്ക് കല്പവൃക്ഷസമാനനായുള്ളവനും, അസുരശത്രുവും, ഗോപസ്ത്രീകളുടെ കണ്ണുകൾക്ക് ആനന്ദമായുള്ളവനും, അഭിമാനിയും, ഭക്തജനങ്ങളുടെ നല്ല ചിത്തരംഗത്തിൽ സന്തോഷപൂർവ്വം നൃത്തമാടുന്നവനും, ആശങ്കയെ കളയുന്നവനുമായ മുകുന്ദൻ ലോകത്തെ മോഹിപ്പിക്കുന്നതായ വേണുനാദം കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്നു. ധന്യശീലനും, ഗോപികാഗോപന്മാരാൽ വന്ദിക്കപ്പെടുന്നവനുമായ ആ നന്ദപുത്രൻ പവിത്രമായ കാളിന്ദിയുടെ തീരത്തിൽ പശുക്കൂട്ടങ്ങളെ രക്ഷിച്ചുകൊണ്ട് സന്തോഷത്തോടെ വസിച്ചു.
—–(തിരശ്ശീല)—-