ആട്ടക്കഥാകൃത്ത്
കേരളവർമ്മ കോയിത്തമ്പുരാന്റെ അനന്തരവനായ കിളിമാനൂർ രവിവർമ്മ കോയിത്തമ്പുരാൻ (1735-1799) രചിച്ച ആട്ടക്കഥയാണ് കംസവധം. അരിഷ്ടാസുരവധം മുതൽ ജരാസന്ധയുദ്ധം വരെയുള്ള ശ്രീകൃഷ്ണകഥയാണ് ഇതിന്റെ ഉള്ളടക്കം.
കഥാസംഗ്രഹം
ആട്ടക്കഥ ആരംഭിക്കുന്നത് ശ്രീകൃഷ്ണൻ ഗോപികമാരുമായി വൃന്ദാവനത്തിൽ ക്രീഡിക്കുന്ന രംഗത്തോടെയാണ്. രണ്ടാം രംഗത്തിൽ, കംസന്റെ നിർദ്ദേശാനുസ്സരണം വ്രജത്തിലെത്തി പോരിനുവിളിക്കുന്ന അരിഷ്ടാസുരനെ ശ്രീകൃഷ്ണൻ യുദ്ധത്തിൽ വധിക്കുന്നു. നിയോഗിക്കപ്പെട്ട അസുരന്മാരൊക്കെയും മരണപ്പെട്ടതോർത്ത് ശങ്കാകുലനായിരിക്കുന്ന കംസന്റെ സമീപമെത്തുന്ന ശ്രീനാരദമഹർഷി; ഗോകുലത്തിൽ വളരുന്ന രാമകൃഷ്ണന്മാർ വസുദേവപുത്രന്മാരാണെന്നും, പൂതന ബകാദികളെയെല്ലാം കാലപുരിയ്ക്കയ്ച്ച ശ്രീകൃഷ്ണന് നിന്നെയും വധിക്കുവാൻ ആഗ്രഹമുണ്ടെന്നും കംസനെ ധരിപ്പിക്കുന്നു രംഗം മൂന്നിൽ. പെട്ടന്നു ക്രുദ്ധനായി കുട്ടികളെ മറച്ചുവെച്ച സഹോദരിയേയും ഭർത്താവിനേയും വധിക്കുവാനൊരുങ്ങുന്ന കംസനെ നാരദർ തടയുകയും, ശത്രുക്കളെ യുദ്ധത്തിൽ നേരിട്ട് വധിക്കുകയാണ് വേണ്ടത് എന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നു. നാരദൻ മടങ്ങിപോയ ഉടനെ കംസൻ, ഗോകുലത്തിൽ പോയി രാമകൃഷ്ണന്മാരെ നശിപ്പിക്കുവാൻ കേശി എന്ന അസുരനെ കൽപ്പിച്ചയയ്ക്കുന്നു. തുടർന്ന് മഥുരാപുരിയിൽ ഒരു ധനുർയാഗം നടത്തുവാനും, അത് കാണുന്നതിനായി രാമകൃഷ്ണന്മാരെ ക്ഷണിച്ചുവരുത്തുവാനും, അങ്ങിനെ എത്തുമ്പോൾ അവരെ വധിക്കുവാനും കംസൻ തീരുമാനിക്കുന്നു. നാലാം രംഗത്തിൽ, രാമകൃഷ്ണന്മാർ വരുന്ന സമയത്ത് അവരെ വധിക്കുവാൻ നിർദ്ദേശിച്ച് ഗോപുരദ്വാരത്തിൽ കുവലയാപീഠമെന്ന ആനയേയും, ചാണൂരൻ മുഷ്ടികൻ എന്നീ മല്ലന്മാരേയും കംസൻ ഏർപ്പാടാക്കുന്നു. ധനുർയാഗം കാണുന്നതിനായി രാമകൃഷ്ണന്മാരെ മഥുരയിലേയ്ക്ക് കൂട്ടിക്കൊണ്ടുവരുവാനായി കംസൻ അക്രൂരനെ ഗോകുലത്തിലേയ്ക്ക് അയയ്ക്കുന്നു രംഗം അഞ്ചിൽ. ആറാം രംഗത്തിൽ, കംസനിർദ്ദേശാനുസ്സരണം വൃന്ദാവനത്തിലെത്തി പോരിനുവിളിക്കുന്ന കേശിയെ ശ്രീകൃഷ്ണൻ യുദ്ധത്തിൽ വധിക്കുന്നു. കംസനാൽ നിയോഗിക്കപ്പെട്ട ഭക്തനായ അക്രൂരൻ ശ്രീകൃഷ്ണനെ ദർശ്ശിക്കുവാനുള്ള കൗതുകത്തോടുകുടി സഞ്ചരിച്ച് വ്രജത്തിലെ കാഴ്ച്ചകൾ കണ്ടുകൊണ്ട് നന്ദഭവനത്തിലേയ്ക്ക് എത്തുന്നു രംഗം ഏഴിൽ. എട്ടാം രംഗത്തിൽ, ഭവനത്തിലെത്തിയ അക്രൂരനെ രാമകൃഷ്ണന്മാർ സ്വീകരിച്ച് സൽക്കരിക്കുന്നു. അക്രൂരൻ കംസന്റെ ക്ഷണവും അതിനുപിന്നിലുള്ള ദുരുദ്ദേശവും രാമകൃഷ്ണന്മാരെ ധരിപ്പിക്കുന്നു. തുടർന്ന് പിതാവായ നന്ദഗോപരെ വിവരങ്ങൾ ധരിപ്പിക്കുകയും, ഗോപന്മാരോട് രാജാവിന് കാഴ്ച്ചവെയ്ക്കുവാനായി വളരെ ഗോരസങ്ങളോടുകൂടി മഥുരയ്ക്കു് പുറപ്പെടുവാൻ നിർദ്ദേശിക്കുകയും ചെയ്തിട്ട് ശ്രീകൃഷ്ണൻ ബലരാമേട്ടനോടുകൂടി അക്രൂരൻ തെളിക്കുന്ന തേരിലേറി മഥുരയിലേയ്ക്ക് പുറപ്പെടുന്നു രംഗം ഒൻപതിൽ. യമുനാതീരത്തിൽ വെച്ച് അക്രൂരന് ‘വൈകുണ്ഡ്ഠദർശ്ശനം’ സാധിപ്പിച്ചശേഷം ശ്രീകൃഷ്ണൻ ബലരാമനോടുകൂടി അക്രൂരന്റെ തേരിൽ മഥുരാപുരിയിൽ എത്തുന്നു. അനന്തരം തങ്ങളുടെ വരവ് കംസനെ ചെന്നറിയിക്കുവാൻ നിർദ്ദേശിച്ച് അക്രൂരനെ മുൻപേ അയയ്ച്ചിട്ട് രാമകൃഷ്ണന്മാർ മഥുരാപുരിയിൽലെ കാഴ്ച്ചകൾ കണ്ടുകൊണ്ട് രാജവീഥിയിലൂടെ മുന്നോട്ടുനീങ്ങുന്നു. പത്താം രംഗത്തിൽ കൃഷ്ണവിരഹം സഹിക്കാനാവാതെ വ്രജസ്ത്രീകൾ വിലപിക്കുന്നു. വീഥിയിലൂടെ എതിരെ വരുന്ന രജകനോട് ശ്രീകൃഷ്ണൻ വസ്ത്രങ്ങൾ ആവശ്യപ്പെടുന്നു രംഗം പതിനൊന്നിൽ. വസ്ത്രങ്ങൾ നൽകാതിരിക്കുക മാത്രമല്ല, പരിഹസിക്കുക കൂടി ചെയ്യുന്ന അഹങ്കാരിയായ ആ അലക്കുകാരനെ നിഷ്പ്രയാസം ഹനിച്ച് ശ്രീകൃഷ്ണൻ വസ്ത്രങ്ങൾ കരസ്ഥമാക്കുന്നു. തങ്ങൾക്കാവശ്യമുള്ള വസ്ത്രങ്ങളെടുത്തു ധരിച്ചശേഷം രാമകൃഷ്ണന്മാർ യാത്ര തുടരുന്നു. പന്ത്രണ്ടാം രംഗത്തിൽ ശിവനെ സ്തുതിചെയ്തുകൊണ്ട് പൂമാലകൾ നിറച്ച കുട്ടയുമായി എതിരെ വരുന്ന സുദാമനെ കണ്ട് ശ്രീകൃഷ്ണൻ മാലകൾ ആവശ്യപ്പെടുന്നു. തുടർന്ന് ഭക്തനായ ആ മാലാകാരൻ നൽകുന്ന മാലകൾ വാങ്ങിയണിഞ്ഞുകൊണ്ട് രാമകൃഷ്ണന്മാർ യാത്ര തുടരുന്നു. രാജാവിന് കുറിക്കൂട്ടുകളുമായി പോകുന്ന കൂനിയായ കുബ്ജയെന്ന സൈരന്ധ്രിയെ മാർഗ്ഗമദ്ധ്യേ കാണുമ്പോൾ ശ്രീകൃഷ്ണൻ അവളോട് കുറിക്കൂട്ടുകൾ ആവശ്യപ്പെടുന്നു രംഗം പതിമൂന്നിൽ. ആഗ്രഹപ്രകാരം കുറിക്കൂട്ടുകൾ നൽകുന്ന അവളുടെ കൂനുകൾ നിവർത്തി ശ്രീകൃഷ്ണൻ അവളെ പൂർവ്വാധികം സുന്ദരിയാക്കിതീർക്കുന്നു. തുടർന്ന് പ്രേമവിവശയായിത്തീരുന്ന കുബ്ജ ശ്രീകൃഷ്ണനെ തന്റെ ഭവനത്തിലേയ്ക്ക് ക്ഷണിക്കുന്നു. മറ്റൊരവസരത്തിൽ തീർച്ചയായും വന്നുകൊള്ളാം എന്ന് ഉറപ്പുനൽകി അവളെ അയയ്ച്ചശേഷം ശ്രീകൃഷ്ണൻ ബലരാമനോടുകൂടി ധനുർയാഗശാലയെ ലക്ഷ്യമാക്കി നിങ്ങുന്നു. പതിനാലാം രംഗത്തിൽ യാഗശാലയിൽ കടക്കുന്ന ശ്രീകൃഷ്ണൻ പൂജയ്ക്കായി വെച്ചിരിക്കുന്ന ചാപം എടുത്തൊടിക്കുന്നു. അതുകണ്ട് ക്രുദ്ധരായിവന്ന് എതിർക്കുന്ന കംസകിങ്കരന്മാരെയെല്ലാം രാമകൃഷ്ണന്മാർ വധിക്കുന്നു. ഗോപുരദ്വാരിയിൽ മാർഗ്ഗതടസ്സം സൃഷ്ടിക്കുന്ന കുവലയാപീഠമെന്ന ഗജശ്രേഷ്ഠന്റെ കൊമ്പുകൾ വലിച്ചൂരിയിടുത്തിട്ട് രാമകൃഷ്ണന്മാർ അവകൊണ്ടുതന്നെ പ്രഹരമേൽപ്പിച്ച് ആനയേയും ആനക്കാരേയും വകവരുത്തുന്നു രംഗം പതിനഞ്ചിൽ. പതിനാറാം രംഗത്തിൽ മല്ലയുദ്ധവേദിയിലേയ്ക്ക് പ്രവേശിക്കുന്ന രാമകൃഷ്ണന്മാർ മുഷ്ടികചാണൂരന്മാരെ മല്ലയുദ്ധത്തിൽ നേരിട്ട് വധിക്കുന്നു. തുടർന്ന് ദുഷ്ടരാജാവായ കംസനേയും ശ്രീകൃഷ്ണൻ വധിക്കുന്നു രംഗം പതിനേഴിൽ. പതിനെട്ടാം രംഗത്തിൽ രാമകൃഷ്ണന്മാർ തങ്ങളുടെ മാതാപിതാക്കന്മാരായ ദേവകീവസുദേവന്മാരെ കംസന്റെ കാരാഗ്രഹത്തിൽനിന്നും മോചിപ്പിച്ച് അനുഗ്രഹം വങ്ങുന്നു. അനന്തരം ഉഗ്രസേനമഹാരജാവിനേയും ബന്ധമോചിതനാക്കി രാജ്യാധികാരം അദ്ദേഹത്തിനെ മടക്കിയേൽപ്പിക്കുകയും, നന്ദഗോപാദികളെ വൃന്ദാവനത്തിലേയ്ക്ക് മടക്കി അയയ്ക്കുകയും ചെയ്തശേഷം രാമകൃഷ്ണന്മാർ വിദ്യാഭ്യാസത്തിനായി സാന്ദീപനീമഹർഷിയുടെ ആശ്രമത്തിലേയ്ക്ക് പോകുന്നു. അറുപത്തിനാലുദിവസങ്ങൾകൊണ്ട് അറുപത്തിനാലുകലകളും വേദശാസ്ത്രങ്ങളുമെല്ലാം അഭ്യസിച്ചശേഷം, യമപുരിയിൽനിന്നും ഗുരുപുത്രനെ മടക്കിക്കൊണ്ടുവന്ന് ഗുരുദക്ഷിണയായി നൽകുകയും ചെയ്തിട്ട് രാമകൃഷ്ണന്മാർ മഥുരയിൽ മടങ്ങിയെത്തുന്നു. അനന്തരം ശ്രീകൃഷ്ണൻ തന്റെ വിരഹത്താൽ തപിക്കുന്നവരായ മാതാപിതാക്കന്മാരേയും ഗോപികമാരേയും സമാധാനിപ്പിക്കുവാനുള്ള സന്ദേശവുമായി ഉദ്ധവനെ വ്രജത്തിലേയ്ക്കും, ധൃതരാഷ്ട്രരാജാവിനുള്ള സന്ദേശവുമായി അക്രൂരനെ ഹസ്തിനപുരിയിലേയ്ക്കും അയയ്ക്കുന്നു. പിന്നീട് ഒരു ദിവസം കുബ്ജയുടെ ഭവനത്തിൽ ചെന്ന് അവളുടെ ആഗ്രഹങ്ങളെ സാധിപ്പിക്കുന്നു. ഇപ്രകാരം ശ്രീകൃഷ്ണൻ മഥുരാപുരിയിൽ സസുഖം വാണുകൊണ്ടിരിക്കെ, കംസനെ വധിച്ച് തന്റെ രണ്ടുപുത്രിമാരേയും വിധവകളാക്കിയതിന് പ്രതികാരം ചെയ്യുവാനുറച്ച് മഗധാധിപനായ ജരാസന്ധൻ സൈന്യസമേതം മഥുരാപുരിയിലെത്തി ശ്രീകൃഷ്ണനെ പോരിനുവിളിക്കുന്നു രംഗം പത്തൊൻപതിൽ. തുടർന്നു നടക്കുന്ന ഘോരയുദ്ധത്തിൽ ബലരാമൻ സൈന്യത്തെ മുഴുവൻ നശിപ്പിക്കുകയും, ജരാസന്ധനെ ബന്ധിക്കുകയും ചെയ്യുന്നു. ശ്രീകൃഷ്ണന്റെ നിർദ്ദേശപ്രകാരം ബലരാമൻ ജരാസന്ധനെ വധിക്കാതെ വിട്ടയയ്ക്കുന്നതോടെ ആട്ടക്കഥ പൂർണ്ണമാകുന്നു.
മൂലകഥയിൽ നിന്നുള്ള വ്യത്യാസങ്ങൾ
മൂലകഥയെ ഏതാണ്ട് അങ്ങിനെതന്നെ പിൻതുടരുന്ന രീതിയിലാണ് ആട്ടക്കഥ നിർമ്മിച്ചിരിക്കുന്നത്.
1. ശ്രീകൃഷ്ണൻ ചാടിക്കയറിച്ചെന്ന് കംസനെ സിംഹാസനത്തിൽ നിന്നും തള്ളിത്താഴെയിട്ട് പുറത്തുകയറിയിരുന്ന് മർദ്ദിച്ച് വധിക്കുന്നതായാണ് മൂലകഥ. എന്നാൽ ആട്ടക്കഥയിൽ ഈ സന്ദർഭത്തിൽ യുദ്ധപ്പദങ്ങളും യുദ്ധവട്ടവും ചേർത്തിട്ടുണ്ട്. അരങ്ങിനനുഗുണമായ തരത്തിലേയ്ക്ക് ഈ സന്ദർഭത്തെ എത്തിക്കുവാൻ ആട്ടക്കഥാകൃത്ത് ഈ മാറ്റത്തിലൂടെ ശ്രമിച്ചിരിക്കുന്നു.
2. മഥുരാപുരിയിലെത്തിയ രാമകൃഷ്ണന്മാർക്ക് വായകൻ എന്നൊരു തുന്നൽക്കാരൻ കസവുവസ്ത്രങ്ങളാൽ ആഭരങ്ങൾ നിർമ്മിച്ചുനൽകുന്നതായി ഭാഗവതത്തിൽ പറയുന്നുണ്ട്. ഈ ഭാഗം ആട്ടക്കഥയിൽ ഒഴിവാക്കപ്പെട്ടിരിക്കുന്നു.
കംസവധാനന്തരം; ഭഗവാന്റെ ഗുരുകുലവാസം, ഗുരുദക്ഷിണ,
ഉദ്ധവന്റേയും അക്രൂരന്റെയും ദൂതുകൾ, കുബ്ജയുടെ ആഗ്രഹനിവൃത്തി വരുത്തൽ തുടങ്ങിയ കഥാഭാഗങ്ങൾ ശ്ലോകങ്ങളിലൂടെ പറഞ്ഞ് നേരെ ജരാസന്ധന്റെ വരവിലേയ്ക്ക് കടക്കുകയാണ് ആട്ടക്കഥയിൽ ചെയ്തിരിക്കുന്നത്. കഥാന്ത്യത്തിൽ ഒരു പ്രധാനതാടിവേഷത്തെക്കൂടി പ്രവേശിപ്പിക്കുവാനും, യുദ്ധവട്ടത്തോടെതന്നെയും എന്നാൽ വധത്തോടെ അല്ലാതെയും ആട്ടക്കഥ അവസാനിപ്പിക്കുവാനും ഇതിലുടെ കവിക്ക് സാധിച്ചിരിക്കുന്നു.
അവതരണത്തിലെ സവിശേഷതകൾ
സാഹിത്യപരമായി മേന്മയുള്ളതും, സംഗീതപ്രാധാന്യമുള്ളതുമായ
ഈ ആട്ടക്കഥയിൽ സൃഗാരം, വീരം, രൗദ്രം, ഭയാനകം, ഭക്തി, ഹാസ്യം എന്നിങ്ങിനെ എല്ലാരസങ്ങൾക്കും; ഒന്നാന്തരം കത്തി(കംസൻ), പച്ച(അക്രൂരൻ) വേഷങ്ങൾക്കും, ഇടത്തരം, കുട്ടിത്തരം പച്ച, മിനുക്ക്, താടി തുടങ്ങിയ വേഷങ്ങൾക്കും നല്ല സാദ്ധ്യതയുണ്ട് ഈ ആട്ടക്കഥയുടെ അവതരണത്തിൽ.
കഥാപാത്രങ്ങളും വേഷവും
കംസൻ – ഒന്നാംതരം കത്തിവേഷം
നാരദൻ – ഇടത്തരം മിനുക്കുവേഷം
ചാണൂരൻ – ഇടത്തരം മിനുക്കുവേഷം, മല്ലൻ
മുഷ്ടികൻ – ഇടത്തരം മിനുക്കുവേഷം, മല്ലൻ
മഹാമാത്രൻ – [ആനക്കാരൻ] – ലോകധർമ്മിവേഷം
സഹഹസ്തിപൻ (രണ്ടാം പാപ്പാൻ) – ലോകധർമ്മിവേഷം
അക്രൂരൻ – ഒന്നാന്തരം പച്ചവേഷം
ശ്രീകൃഷ്ണൻ – മുടിവെച്ച ഇടത്തരം പച്ചവേഷം
ബലരാമൻ – മുടിവെച്ച കുട്ടിത്തരം പഴുപ്പുവേഷം
രജകൻ – ഇടത്തരം മിനുക്കുവേഷം
സുദാമൻ [മാലക്കാരൻ] – കുട്ടിത്തരം മിനുക്കുവേഷം
കുബ്ജ – ഇടത്തരം സ്ത്രീവേഷം