വചനം മേ കേൾ രജകവീര

രാഗം: 

വേകട (ബേകട)

താളം: 

മുറിയടന്ത

ആട്ടക്കഥ: 

കംസവധം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

തത്രകോപി രജകസ്സമഭ്യയാ

ദ്വസ്ത്രഭാരലസദം സമസ്തക

വൃത്രവൈരിസഹജസമേത്യം തം

ചിത്രമേതദവദത് സഹാഗ്രജ

വചനം മേ കേൾ രജകവീര

സിചയഭാരം കുത്ര ഭവാൻ

അചിരേണ കൊണ്ടു പോകുന്നു

ചിത്രമാകും വസ്ത്രമതി-

ലെത്രയും മോഹം ഞങ്ങൾക്കു

ചിത്തമോദമോടു നല്ല വസ്ത്രമാശു നൽകീടുക

അർത്ഥം: 

ശ്ലോകസാരം:-അപ്പോൾ ഒരു അലക്കുകാരൻ തോളിലും തലയിലും വസ്ത്രങ്ങളുടെ ചുമടുമായി അവിടെയെത്തി. കൃഷ്ണൻ ജേഷ്ഠനോടുകൂടി അയാളുടെ സമീപത്തുചെന്ന് ഇങ്ങിനെ ഭംഗിയായി പറഞ്ഞു.

പദസാരം:-രജകവീരാ, നീ എന്റെ വാക്കു് കേൾക്കുക. ഭവാൻ തുണിക്കെട്ട് പെട്ടന്ന് എങ്ങുകൊണ്ടുപോകുന്നു? ഞങ്ങൾക്ക് വിശേഷപ്പെട്ട വസ്ത്രത്തിൽ വളരെ മോഹമുണ്ട്. സന്തോഷത്തോടുകൂടി നല്ല വസ്ത്രങ്ങൾ തന്നീടുക.

അരങ്ങുസവിശേഷതകൾ: 

ഇടത്തുഭാഗത്തുകൂടി പ്രവേശിക്കുന്ന രാമകൃഷ്ണന്മാരും വലത്തുഭാഗത്തുകൂടി തുണിക്കെട്ടുമേന്തി പ്രവേശിക്കുന്ന രജകനും മുന്നോട്ടുവരുന്നതോടെ പരസ്പരം കാണുന്നു.

ശ്രീകൃഷ്ണൻ:’നീ ആരാണ്?’

രജകൻ:’ഞാൻ അലക്കുകാരനാണ്’

ശ്രീകൃഷ്ണൻ:’അല്ലയോ രജകവീരാ, ഞാൻ പറയുന്നത് ശ്രവിച്ചാലും’

നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് ശ്രീകൃഷ്ണൻ പദാഭിനയം ആരംഭിക്കുന്നു.