യാദവ വീര കേൾക്ക നീ

രാഗം: 

ഭൈരവി

താളം: 

ചെമ്പട

ആട്ടക്കഥ: 

കംസവധം

കഥാപാത്രങ്ങൾ: 

കംസൻ

സമ്മന്ത്രൈവം ദുർമതിസ്തൈരമാത്യൈ-

സ്സാകം കംസാസ്സാധു വിദ്വേഷകാരി

ആനേതും തൗ ഗോകുലാദ്രാമകൃഷ്ണാ

വക്രൂരാഖ്യം യാദവം സംഭഭാഷേ 

യാദവ വീര കേൾക്ക നീ ഗാന്ദിനീസൂനോ

യാദവ വീര കേൾക്ക നീ

സാധോ ഭവാനുസമമേതൊരു ബന്ധു മമ

മോദമതിനാലിന്നു ജാതമായി നീതമായി ഖേദവും

നന്ദഗോപന്റെ മന്ദിരേ ഹലധരകൃഷ്ൺന്മാർ

നന്ദികലർന്നു വാഴുന്നു ചെന്നു നീ തത്ര

നന്ദനന്ദനന്മാരെ കൊണ്ടു വന്നീടവേണം

അതികുതുകമോടതിനിഹ മുതിരുക മുഹുരപി ശൃണു

വല്ലവമൂഢന്മാരത്ര വരികിലഹോ നൂനം

മല്ലന്മാർ സംഹരിച്ചീടും ഇല്ല നമുക്കു പിന്നെ 

ചൊല്ലുവാനൊരു വൈരി കല്യാണശീല ഗോപ- 

നിലയഗമനമതു കലയ നീ കനിവൊടു ബത

അർത്ഥം: 

ശ്ലോകസാരം:-ദുർബ്ബുദ്ധിയും, സജ്ജനങ്ങൾക്കു വെറുപ്പുണ്ടാക്കുന്നവനുമായ കംസൻ ഇപ്രകാരം മന്ത്രിമാരോടുകൂടി ആലോചിച്ചിട്ട്, ബലരാമനേയും ശ്രീകൃഷ്ണനേയും ഗോകുലത്തിൽനിന്നു കൂട്ടിക്കൊണ്ടുവരാനായി അക്രൂരൻ എന്നുപേരായ യാദവനോട് പറഞ്ഞു.

പദസാരം:-യാദവവീരാ, ഗാന്ദിനീപുത്രാ, നീ കേൾക്കുക. ശ്രേഷ്ഠാ, ഭവാനുസമനായി മറ്റാരാണ് എനിക്ക് ബന്ധു? അതിനാൽ ഇന്ന് സന്തോഷമുണ്ടായി, ദുഃഖം നീങ്ങുകയും ചെയ്തു. നന്ദഗോപന്റെ ഗൃഹത്തിൽ രാമകൃഷ്ണന്മാർ സന്തോഷത്തോടുകൂടി വസിക്കുന്നു. നീ അവിടെ ചെന്ന് നന്ദപുത്രന്മാരെ കൊണ്ടുവന്നീടണം. അതിനായി എറ്റവും സന്തോഷത്തോടെ ശ്രമിക്കുക. തുടർന്ന് കേൾക്കുക, മൂഢന്മാരായ ഗോപാലന്മാർ ഇവിടെ വരുകയാണെങ്കിൽ തീർച്ചയായും മല്ലന്മാർ അവരെ വധിക്കും. പിന്നെ നമുക്ക് പറയുവാൻ ഒരു ശത്രു ഇല്ല. മംഗളശീലാ, ഹോ! നീ ദയയോടെ ഗോപഗൃഹത്തിലേയ്ക്ക് യാത്രചെയ്താലും.