നരപാലവര ഘോരം പൊരുതുവിരുതുകൾ

രാഗം: 

കേദാരഗൌഡം

താളം: 

അടന്ത

ആട്ടക്കഥ: 

കംസവധം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

നരപാലവര ഘോരം പൊരുതുവിരുതുകൾ കരുതുമൊരു തവ

ഗുരുതരബലമെല്ലാമറിയാമിഹ വരിക മുഷ്ടികൾ കണ്ടാൽ

തിരിയുമരിബലമാരിതെന്നതു ധൈര്യവീര്യവിഹീന പോരിനു

നേരിടുന്നൊരു നിന്നെ വെല്ലുവൻ

അതിമൂഢ നൃപാധമ മതി ദുർമ്മോഹം

അർത്ഥം: 

രാജശ്രേഷ്ഠാ, വരിക. ഘോരമായി പൊരുതുവാനുള്ള കെമത്തം വിചാരിക്കുന്ന നിന്റെ വലുതായ ബലമെല്ലാം ഇവിടെ അറിയാം. മുഷ്ടികൾ കണ്ടാൽ മനസ്സിലാകും ബലവാനായ ശത്രുവാരെന്ന്. ധൈര്യവീര്യങ്ങളില്ലാത്തവനേ, യുദ്ധത്തിൽ നേരിടുന്നൊരു നിന്നെ ജയിക്കുന്നുണ്ട്. ഏറ്റവും മൂഢനായവനേ, അധമനായ രാജാവേ, മതി ദുർമ്മോഹം.

അരങ്ങുസവിശേഷതകൾ: 

ശേഷം യുദ്ധവട്ടം-

കംസനും ശ്രീകൃഷ്ണനും ക്രമത്തിൽ പോരുവിളിച്ച് മുഷ്ടിയുദ്ധം ചെയ്യുന്നു. യുദ്ധാന്ത്യത്തിൽ ‘നോക്കിക്കോ’എന്നുകാട്ടി നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ ശ്രീകൃഷ്ണൻ കംസനെ മലർത്തിയടിച്ച് മുഷ്ടികൾകൊണ്ട് മാറിൽ പ്രഹരിച്ച് വധിക്കുന്നു. 

—–(തിരശ്ശീല)—–

വീണ്ടും തിരശ്ശീലമാറ്റി മുന്നോട്ട് വരുന്ന രാമകൃഷ്ണന്മാർ ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് കാരാഗ്രഹത്തിലെത്തിയതായി നടിച്ച്, വാതിലുകളും ചങ്ങലകളും തകർത്ത് മാതാപിതാക്കന്മാരായ ദേവകീവസുദേവന്മാരെ മോചിപ്പിച്ച്, വന്ദിച്ച്, ആലിംഗനം ചെയ്ത് അയയ്ക്കുന്നതായി നടിക്കുന്നു. രാമകൃഷ്ണന്മാർ വീണ്ടും തിരിഞ്ഞ് മുന്നോട്ട് വരുന്നു.

ശ്രീകൃഷ്ണൻ:’ഇനി ഉഗ്രസേനമഹാരാജാവിനേയും കാരാഗ്രഹത്തിൽ നിന്ന് മോചിപ്പിച്ച് രാജാധികാരം ഏൽപ്പിക്കുകതന്നെ’

നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചശേഷം രാമകൃഷ്ണമാർ പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.

—–(ധനാശി‌)—–