രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
നിശ്ചിത്യ സോയമിതി തല്‍പഥി നിശ്ചലാത്മാ
പുച്ഛം നിധായ ജരസാര്‍ത്ത ഇവാത്ര ശിശ്യേ
ഗച്ഛന്‍ ഗദാഹതിപതന്‍ കദളീകദംബഃ
സ്വച്ഛന്ദശായിനമുവാച രുഷാ സ ഭീമഃ
പല്ലവി
വഴിയില്‍നിന്നു പോക വൈകാതെ വാനരാധമ
വഴിയില്‍നിന്നു പോക വൈകാതെ
പോകായ്കയില്‍ നിന്നെ
ചരണം 1
മുഴുത്ത കോപമോടടുത്തു ഞാന്‍ നിന്റെ
കഴുത്തിലമ്പൊടു പിടിച്ചുടന്‍
തഴച്ച നിന്നെ എറിഞ്ഞു ഞാന്‍
വഴിക്കു പോവതിനനാകുലം
(വഴിയില്‍നിന്നു പോക വൈകാതെ വാനരാധമ)
അറിഞ്ഞാലും നീ
ചരണം 2
കനത്ത ഹിമകരകുലത്തില്‍ ഞാന്‍
ജനിച്ച ഭൂപതി മരുല്‍സുതന്‍
തനിച്ച വൈരിവിമര്‍ദ്ദനന്‍
അതു നിനയ്ക്ക സമ്പ്രതി സുദുര്‍മ്മതേ
(വഴിയില്‍നിന്നു പോക വൈകാതെ വാനരാധമ)
കേട്ടാലുമെങ്കില്‍
ചരണം 3
വരിഷ്ഠനാകിയ നൃപോത്തമന്‍
യുധിഷ്ഠിരന്റെ ഹിതേരതന്‍
കനിഷ്ഠനാകിയ വൃകോദരന്‍
ബലിഷ്ഠനെന്നതുമവേഹി മാം
(വഴിയില്‍നിന്നു പോക വൈകാതെ വാനരാധമ)
(അല്‍പ്പം കാലം തള്ളി)
പേടികൂടാതെ
ചരണം 4
മടിച്ചു മേ പഥി കിടക്കിലോ
തടിച്ച മര്‍ക്കട ജളപ്രഭോ
പടുത്വമോടുടനടുത്തു ഞാന്‍
അടിച്ചു നിന്നുടല്‍ പൊടിച്ചിടും
(വഴിയില്‍നിന്നു പോക വൈകാതെ വാനരാധമ)
അർത്ഥം:
നിശ്ചിത്യ: ഇങ്ങിനെ നിശ്ചയിച്ച് ഹനുമാന്‍, ഭീമന്റെ വഴിയില്‍ വാലെടുത്തുവെച്ച് ക്ഷീണിതനെ പോലെ ഇളക്കമില്ലാതെ കിടന്നു. ഗദയാല്‍ കദളിവാഴക്കൂട്ടങ്ങള്‍ അടിച്ചു വീഴ്ത്തിക്കൊണ്ട് വന്ന ഭീമന്‍ സ്വച്ഛമായി കിടക്കുന്ന അദ്ദേഹത്തോട് കോപത്തോടെ പറഞ്ഞു. വഴിയിൽ:അധമനായവാനരാ, താമസിയാതെ വഴിയില്‍ നിന്നും പോ. പോകായ്കില്‍ മുഴുത്തകോപത്തോടെ അടുത്തുവന്ന് തടിച്ച നിന്റെ കഴുത്തില്‍ പിടിച്ച് വലിച്ചെറിഞ്ഞിട്ട് ഈ വഴിക്കുപോവാന്‍ എനിക്ക് പ്രയാസമില്ല. നീ അറിഞ്ഞാലും, ശ്രേഷ്ഠമായ ചന്ദ്രവംശത്തില്‍ ജനിച്ച വായുപുത്രനായ രാജാവാണ് ഞാന്‍. കരുത്തുറ്റ വൈരികളെ അമര്‍ച്ചചെയ്യുന്നവാനാണെന്നും ദുര്‍മ്മതിയായ നീ മനസ്സിലാക്കുക. എന്നാല്‍ കേട്ടുകൊള്ളുക, ശ്രേഷ്ഠനായ രാജോത്തമന്‍ യുധിഷ്ഠിരന്റെ ഹിതത്തെചെയ്യുന്നതില്‍ തത്പരനും, അനുജനും, ബലവാനുമായ വൃകോദരനാണ് ഞാന്‍. പേടികൂടാതെ മടിച്ച് എന്റെ വഴിയില്‍ കിടക്കുകയാണെങ്കില്‍, എടാ, ജളപ്രഭുവായ തടിച്ച മര്‍ക്കടാ, ഞാന്‍ കൂസലില്ലാതെ നിന്റെ ഉടല്‍ അടിച്ചു പൊടിക്കും.
അരങ്ങുസവിശേഷതകൾ:
1) ശ്ലോകത്തിനു ശേഷം വലതുഭാഗത്തുകൂടി പ്രവേശിച്ച് ഭീമന്‍, കാട് തല്ലി തകര്‍ത്തുകൊണ്ട് മുന്നോട്ട് വരുന്നു. ഭീമന്‍:(‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി നിന്ന് ചുറ്റും ആശ്ചര്യത്തോടെ വീക്ഷിച്ചിട്ട്) ‘ഇവിടമാകെ അതിമനോഹരമായ കദളിവാഴക്കൂട്ടങ്ങളാല്‍ നിറഞ്ഞു കാണുന്നു.’ (‘അഡ്ഡിഡ്ഡിക്കിട’ വച്ച് മുന്നോട്ടുവന്ന് ഇരുവശങ്ങളിലേക്കും നീട്ടി നോക്കിയിട്ട്) ‘എന്റെ വഴിമുടക്കി കിടക്കുന്നതാര്?’ (മുന്നോട്ട് നീങ്ങി വെച്ചുചവുട്ടി, ഗദകുത്തിപിടിച്ച് ഇരുന്ന്, സൂക്ഷിച്ചുനോക്കിയിട്ട്, ഹാസ്യഭാവത്തില്‍) ‘ഒരു വാനരനാണ്’ (ഗൌരവത്തില്‍) ‘എന്തായാലും ഉടനെ വഴിയില്‍നിന്നും പോകുവാന്‍ പറയുകതന്നെ’ ഭീമന്‍ നാലാമിരട്ടി എടുത്ത് പദം അഭിനയിക്കുന്നു. പദാഭിനയം കഴിഞ്ഞ് ‘നോക്കിക്കോ’ എന്നുകാട്ടി നാലാമിരട്ടിയെടുത്ത് കലാശിച്ച് ഭീമന്‍ ശ്ലോകത്തിന് വട്ടം വെയ്ക്കുന്നു. 2) പ്രത്യേകരീതിയിൽ ചുഴിപ്പോടെ “വഴിയിൽ” എന്നു മുദ്രപിടിച്ച് ആരംഭിയ്ക്കുന്ന ഈ പദത്തിന്റെ പദാർത്ഥാഭിനയം തികഞ്ഞ ചൊല്ലിയാട്ടഭംഗിയുള്ളതാണ്. ഓരോ ചരണത്തിനുമിടയിലുള്ള അടക്കം, തോങ്കാരം, വട്ടം വെച്ചുകലാശം എന്നിവ ഭീമന്റെ ക്രോധത്തെ പ്രത്യക്ഷീഭവിപ്പിക്കുന്നു. 3) സാധാരണയായി, ഈ പദത്തിന്റെ അഭിനയത്തിനുശേഷം, ഭീമൻ മാർഗവിഘ്നമായി കിടക്കുന്ന വാനരന്റെ വാലിലൂടെ ഗദ കടത്തി മാറ്റിയിടാൻ ശ്രമിക്കുകയും, അതിൽ പരാജയപ്പെട്ട്, വാലിൽ ഗദ കുടുങ്ങി, തളർന്നിരിക്കുകയും “വാചം നിശമ്യ” എന്ന ശ്ലോകത്തോടെ ഭീമന്റെ അടുത്തപദം ആരംഭിയ്ക്കുകയും ആണ് പതിവ്.”നൃപതേ ഞാനും” എന്നാരംഭിയ്ക്കുന്ന ഹനൂമാന്റെയും ഭീമന്റെയും സംഭാഷണപദങ്ങൾ പദങ്ങൾ രംഗത്ത് പതിവില്ല.
അനുബന്ധ വിവരം:
1) മുൻകാലങ്ങളിൽ ഭീമന്റെ ഈ പദത്തിനു മുൻപുള്ള രംഗപ്രവേശസമയത്ത് പന്തം പിടിച്ചിരുന്നത്രേ. ഇപ്പോൾ അത് പതിവില്ല. കുറഞ്ഞ വെളിച്ചത്തിന്റെ പശ്ചാത്തലത്തിൽ, വനം തല്ലിത്തകർത്തുകൊണ്ടുള്ള ഭീമന്റെ വരവിനെ എല്ലാവർക്കും വ്യക്തമായി കാണാൻ പന്തങ്ങൾ കൊണ്ടു സാധിച്ചിരിക്കണം.