രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ചരണം 1
ഇന്ദുകുലാധിപ കേൾക്കെടോ ഞാനു-
മിന്ദ്രനിയോഗത്താലർജ്ജുനവൃത്താന്തം
ഇന്നു നിങ്ങളോടുരചെയ്‌വതിനായി
ഇന്ദ്രലോകത്തീന്നു വന്നതും
ഞാനിപ്പോൾ
[[ ഖേദമാശു
കളക സാമ്പ്രതം ]]
ചരണം 2
പാർവ്വതീവല്ലഭൻ തന്റെ പ്രസാദത്താൽ
പാശുപതാസ്ത്രം ലഭിച്ചു വിജയനും
ഗീർവ്വാണലോകത്തു ചെന്നു സുരജന-
ഗീതപരാക്രമനായി വിളങ്ങുന്നു
ചരണം 3
വാസവൻ തന്റെ സമീപത്തിങ്കൽതന്നെ
വാസഞ്ചെയ്തീടുന്നു ബാധയകന്നവൻ
വാസരം നാലഞ്ചു ചെല്ലുന്നതിൻമുമ്പെ
വാസവനന്ദൻ വന്നീടുമിവിടെ
ചരണം 4
പാരിടംതന്നിൽ പ്രസിദ്ധങ്ങളായേറ്റം
പാപഹരങ്ങളായുള്ള തീർത്ഥങ്ങളെ
പാരാതെചെന്നു നിഷേവണം
ചെയ്‌വാനായ് പൌരവപുംഗവ
പോക നാമെല്ലാരും
അർത്ഥം:
ചന്ദ്രവംശാധിപാ, കേള്‍ക്കെടോ. ഞാന്‍ ഇന്ദ്രന്റെ നിയോഗത്താല്‍ അര്‍ജ്ജുനന്റെ വൃത്താന്തം ഇന്ന് നിങ്ങളോട് പറയുന്നതിനായിട്ടാണ് ഇപ്പോള്‍ ഇന്ദ്രലോകത്തുനിന്നും വന്നത്. ഖേദമെല്ലാം ഉടനെ കളയുക. പാര്‍വ്വതീവല്ലഭന്റെ പ്രസാദത്താല്‍ പാശുപതാസ്ത്രം ലഭിച്ച് വിജയന്‍ സ്വര്‍ലോകത്തുചെന്ന് ദേവജനങ്ങളാല്‍ വാഴ്ത്തപ്പെട്ടുകൊണ്ട് വിളങ്ങുന്നു. ദേവേന്ദ്രനില്‍ നിന്നും അനവധി ദിവ്യാസ്ത്രങ്ങളൊക്കെ ലഭിച്ച് ഇന്ദ്രപുത്രനായ ജയന്തനേക്കാളും ഏറെ പ്രീതനായി അവിടെ വസിച്ചീടുന്നു. ഇന്ദ്രന്റെ സമീപത്തില്‍തന്നെ അവന്‍ അല്ലലില്ലാതെ വസിക്കുന്നു. നാലഞ്ചുമാസങ്ങള്‍ ചെല്ലുന്നതിനുമുന്‍പെ അര്‍ജ്ജുനന്‍ ഇവിടെ വന്നീടും. രാജശ്രേഷ്ഠാ, പാരില്‍ ഏറ്റവും പ്രസിദ്ധങ്ങളായ, പാപഹരങ്ങളായുള്ള തീര്‍ത്ഥങ്ങളില്‍ ചെന്ന് വഴിപോലെ സ്നാനം ചെയ്യുവാനായി നമുക്കെല്ലാവര്‍ക്കും പോകാം.
അരങ്ങുസവിശേഷതകൾ:
പദാഭിനയത്തിനു ശേഷം ആട്ടം- ധര്‍മ്മപുത്രന്‍:(പദാഭിനയം കഴിഞ്ഞ് പീഠത്തിലിരിക്കുന്ന രോമശനെ കെട്ടിച്ചാടി കുമ്പിട്ടശേഷം)‘അല്ലയോ മഹര്‍ഷിശ്രേഷ്ഠാ, അര്‍ജ്ജുനന്റെ വര്‍ത്തമാനം അറിയാതെ ഏറ്റവും ദുഃഖിച്ചിരുന്ന ഞങ്ങള്‍ക്ക് ഇപ്പോള്‍ അങ്ങയുടെ വാക്കുകളിലൂടെ അത് അറിയാന്‍ കഴിഞ്ഞതിനാല്‍ സമാധാനമായി. തീര്‍ത്ഥാടനത്തിന് കുടെ അങ്ങയെ ലഭിച്ചതും ഭാഗ്യമായി’ രോമശന്‍:‘നിങ്ങളോടുകൂടി സഞ്ചരിക്കുന്നത് എനിക്കും സന്തോഷം തന്നെ. എന്നാല്‍ ഇനി നമുക്ക് പുറപ്പെടുകയല്ലേ?’ ധര്‍മ്മപുത്രന്‍:‘അങ്ങിനെ തന്നെ’ മേളം നിര്‍ത്തുന്നു. ഗായകര്‍ “വൃത്തം വൃത്താരിസൂനോ..” എന്ന ശ്ലോകം ആരംഭിക്കുന്നു.