രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
വൃത്തം വൃത്രാരിസൂനോര്‍മ്മുനിതിലകമുഖാ ദേവമാകര്‍ണ്യ മോദാല്‍
പാര്‍ത്ഥാസ്തീര്‍ത്ഥാഭിഷേകപ്രണിഹിതമനസഃ പ്രസ്ഥിതാസ്തേന സാകം
ഗോത്രാസത്രാശനാനാം തതിഭിരപി സമം സഞ്ചരന്തഃ സമന്താല്‍
സ്വച്ഛപ്രച്ഛായവൃക്ഷാപ്രചുരമുനിവനം വീക്ഷ്യ പപ്രച്ഛുരേനം
[[ പല്ലവി
മാമുനിമാർ അണിയുന്ന
മൌലി രത്നമേ നീ
മാനസം തെളിഞ്ഞുകേൾക്ക മാമകവചനം ]]
ചരണം 1
ആരുടെ തപോവനമിതാകാശത്തോളമുയര്‍ന്ന
ദാരുനിവഹങ്ങളോടും ആരാല്‍ കാണാകുന്നു
ചരണം 2
ആഹുതിസുഗന്ധിധൂമം ആഹരിച്ചു മന്ദംമന്ദം
ആഹ്ളാദിപ്പിക്കുന്നു ഗന്ധവാഹനനിതാ നമ്മെ
ചരണം 3
നിത്യവൈരമുളവായ സത്വസഞ്ചയങ്ങളെല്ലാ-
മൊത്തു സഞ്ചരിച്ചീടുന്നതോര്‍ത്താലെത്രചിത്രം
ചരണം 4
എത്രയും മഹത്വമുള്ളോരുത്തമതപോധനന്‍താന്‍
അത്ര വാഴുന്നെന്നു ഞാനും ചിത്തേ കരുതുന്നേന്‍
അർത്ഥം:
വൃത്തം വൃത്താരി..: ഇങ്ങിനെ അര്‍ജ്ജുനന്റെ വൃത്താന്തം മുനിതിലകനില്‍ നിന്നും കേട്ട് സന്തോഷത്തോടെ തീര്‍ത്ഥാടനത്തിന് ആഗ്രഹിക്കുന്നവരായി പാണ്ഡവര്‍ അദ്ദേഹത്തോടും ബ്രാഹ്മണസമൂഹത്തോടും കൂടി പുറപ്പെട്ട് പലയിടത്തും സഞ്ചരിയ്ക്കെ നല്ല തണല്‍ വൃക്ഷങ്ങള്‍ നിറഞ്ഞ ഒരു തപോവനം കണ്ടിട്ട് മഹര്‍ഷിയോടു ചോദിച്ചു. ആരുടെ തപോവനം: ആകാശത്തോളം ഉയര്‍ന്ന വൃക്ഷങ്ങളോടു കൂടി സമീപത്തുകാണുന്ന ഈ തപോവനം ആരുടേതാണ്? സുഗന്ധമുള്ള ഹോമധൂപം മന്ദം മന്ദം കൊണ്ടുവന്ന് കാറ്റിതാ നമ്മെ ആഹ്ലാദിപ്പിക്കുന്നു. നിത്യവൈരികളായ ജന്തുക്കളെല്ലാം ഒത്തുചേര്‍ന്ന് സഞ്ചരിച്ചീടുന്നത് ഓര്‍ത്താല്‍ അത്ഭുതം! ഏറ്റവും മഹത്വമുള്ള ഒരു ഉത്തമതപോധനന്‍ തന്നെയാണ് ഇവിടെ വാഴുന്നതെന്ന് ഞാന്‍ ചിത്തത്തില്‍ കരുതുന്നു.
അരങ്ങുസവിശേഷതകൾ:
ശ്ലോകം ആലപിക്കുന്ന സമയത്ത് ധര്‍മ്മപുത്രനും രോമശനും സഞ്ചരിക്കുന്നതായിഭാവിച്ച് വട്ടംവയ്ക്കുന്നു. ‘വീക്ഷ്യ’ എന്നാലപിക്കുന്നതിനൊപ്പം ധര്‍മ്മപുത്രന്‍ മുന്നില്‍ ആശ്രമം കണ്ടതായി നടിച്ചിട്ട് ചുറ്റും വീക്ഷിച്ച് അത്ഭുതപ്പെടുന്നു.
ധര്‍മ്മപുത്രന്‍ മഹര്‍ഷിയെ വണങ്ങിയിട്ട് പദം അഭിനയിക്കുന്നു.