അത്തലിതു കൊണ്ടുനിൻ

രാഗം: 

സുരുട്ടി

താളം: 

ചെമ്പട 32 മാത്ര

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

കഥാപാത്രങ്ങൾ: 

ഭീമൻ

ചരണം 1
അത്തലിതുകൊണ്ടു നിന്‍ ചിത്തതാരിലരുതേ
മത്തേഭഗമനേ കേള്‍ സത്വരമുണ്ടുപായം
 
(അത്തലുണ്ടാകരുതൊട്ടും വല്ലാതെയുള്ളില്‍)
 
ചരണം 2
ശക്തന്‍ ഘടോല്‍‌ക്കചന്‍ എന്നുത്തമനായിട്ടൊരു
നക്തഞ്ഛരനുണ്ടവനത്ര വന്നീടും പാര്‍ത്താല്‍
 
ചരണം 3
വാഞ്ഛിതദിക്കുകളില്‍ ബാധയകന്നു നമ്മെ
സഞ്ചരിപ്പിക്കുമവന്‍ സാദരമറിഞ്ഞാലും
 
തിരശ്ശീല
 

അർത്ഥം: 

അതുകൊണ്ട് നിന്റെ ചിത്തത്തില്‍ വിഷമം അരുതേ. മദയാനയെപ്പോലെ ഗമിക്കുന്നവളേ, കേള്‍ക്കു. ഉടനെ ഉപായമുണ്ട്. വല്ലാതെ ഉള്ളില്‍ ഒട്ടും ദുഃഖമുണ്ടാകരുത്. ശക്തനും ഉത്തമനുമായി ഘടോത്കചന്‍ എന്നൊരു രാക്ഷസനുണ്ട്. വിചാരിച്ചാല്‍ അവന്‍ ഇവിടെ വന്നീടും. ആഗ്രഹിക്കുന്ന ദിക്കുകളിലെല്ലാം പ്രയാസമില്ലാതെ അവന്‍ നമ്മെ സഞ്ചരിപ്പിക്കുമെന്ന് സാദരം അറിഞ്ഞാലും.

അരങ്ങുസവിശേഷതകൾ: 

പദാഭിനയത്തിന് ശേഷം ആട്ടം:
ഭീമന്‍:‘എന്നാല്‍ ഇനി വേഗം പുത്രനെ സ്മരിക്കട്ടെ. അവന്‍ ഉടനെ വരും. എന്നാല്‍ പോരെയോ?’
പാഞ്ചാലിയുടെ അനുസരണകേട്ട് അവളെ ആലിംഗനം ചെയ്ത് വലത്തുഭാഗത്തേയ്ക്ക് മാറ്റിനിര്‍ത്തിയശേഷം ഭീമന്‍ പുത്രനെ സ്മരിച്ച് ഇരിക്കുന്നു.

തിരശ്ശീല