രംഗം ഒന്ന് ശൗര്യഗുണം

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

കല്യാണസൗഗന്ധികം ആട്ടക്കഥയുടെ മുഖ്യപ്രമേയവുമായി ബന്ധമില്ലാഞ്ഞിട്ടുകൂടി, രംഗപ്രചാരമാർജ്ജിച്ച രംഗമാണ് “ശൗര്യഗുണനീതിജലധേ” എന്ന പദമടങ്ങുന്ന ഒന്നാം രംഗം. ഈ രംഗം മാത്രമായി കളിയരങ്ങിൽ അവതരിപ്പിക്കപ്പെടാറുണ്ട്. അതിനെ ‘ശൗര്യഗുണം’ എന്നു വിളിയ്ക്കുന്നു. കള്ളച്ചൂതിൽ രാജ്യഭ്രഷ്ടരായി, പാണ്ഡവരും പാഞ്ചാലിയും വനവാസം ചെയ്യുന്ന കാലത്ത് പാശുപതാസ്ത്രം നേടാനുള്ള തപസ്സുചെയ്യാനായി അർജ്ജുനൻ യാത്രയായി. ആ സമയത്ത് ഒരിക്കൽ ഭീമസേനൻ തങ്ങൾക്കു സംഭവിച്ച ചതിപ്രയോഗത്തിൽ രോഷാകുലമായി ധർമ്മപുത്രരുടെ സമീപം ചെന്നു പറയുന്ന വാക്കുകളാണ് ‘ശൗര്യഗുണം’ എന്ന പ്ദത്തിന്റെ ഉള്ളടക്കം. തികഞ്ഞ ചൊല്ലിയാട്ടഭംഗി, അഭിനയസാദ്ധ്യതയുള്ള സ്ഥാനങ്ങൾ എന്നിവകൊണ്ട് ശ്രദ്ധേയമാണ് ‘ശൗര്യഗുണനീതിജലധേ’ എന്ന പദത്തിന്റെ ആവിഷ്കാരം. കല്ലുവഴിസമ്പ്രദായപ്രകാരം അഷ്ടകലാശം എന്ന സവിശേഷനൃത്തത്തിന്റെ ചാരുതയും ഈ പദത്തിന് ലഭിയ്ക്കുന്നു.