മല്ലലോചനേ മാ

രാഗം: 

ബിലഹരി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

കഥാപാത്രങ്ങൾ: 

ഭീമൻ

സ്നിഗ്ദ്ധേരണ്യേ സുബഹുവിചരന്‍ വാനരേന്ദ്രാത്തസഖ്യോ
യുദ്ധേ ഹത്വാ നിശിചരവരം സാശരൌഘം കൃതാര്‍ത്ഥഃ
ബദ്ധാമോദൈരഖിലസുമനസ്സഞ്ചയൈരഞ്ചിതോയം
ശുദ്ധാം കാന്താം രഘുപതിരിവാവാപ ശുദ്ധാത്മികാം താം
 
പല്ലവി
മല്ലലോചനേ മാ കുരു ഖേദം
ചരണം 1
കല്യാണാലയേ നിന്നാല്‍ കാമിതങ്ങളായുള്ള
കല്‍ഹാരകുസുമങ്ങള്‍ കണ്ടാലും നീ
മെല്ലവേ ധരിച്ചാലും ഉല്ലാസമോടുതന്നെ
മല്ലവേണിയില്‍ മമ വല്ലഭേ വൈകാതെ
മല്ലലോചനേ മാ കുരു ഖേദം
ചരണം 2
അനുപമരൂപനാകും അനിലനന്ദനനായ
ഹനുമാനെ പഥി കണ്ടേന്‍ ഹരിണാക്ഷി ഞാന്‍
അനുസരിച്ചവനുടെ അനുജ്ഞയോടും കൂടി
മനുജഹീനമാം വഴി പുനരാശു ഗമിച്ചേന്‍ ഞാന്‍
മല്ലലോചനേ..
ചരണം 3
സുരവരതരുണീമാര്‍ സുഖമോടുരമിച്ചീടും
സരണിയുടെചെന്നു ഞാന്‍ സരസിവേഗാല്‍
സരഭസമോടുവന്ന സകലാശരരെക്കൊന്നും
തരസാ സൌഗന്ധികങ്ങള്‍ സപദി കൊണ്ടെന്നേന്‍
(മല്ലലോചനേ)

അർത്ഥം: 

ശ്ലോകം:- നിബിഡവനങ്ങളിലൂടെ വളരെ ഏറെ യാത്ര ചെയ്ത് വാനരശ്രേഷ്ഠനുമായി(ഹനൂമാൻ) സഖ്യത്തിൽ ഏർപ്പെട്ട് രാക്ഷസക്കൂട്ടത്തേയും രാക്ഷസനായകനേയും കൊന്ന് കൃതാർത്ഥതയോടെ വാസനയുള്ളാ നിരവധി പുഷ്പങ്ങളുമായി, ശ്രീരാമനെപ്പോലെ, പരിശുദ്ധയും നിമ്മലമനസ്സോടുകൂടിയവളും ആയ തന്റെ ഭാര്യയുടെ സമീപം അവൻ വന്നു ചേർന്നു.

(ശ്രീരാമന്റെ വനയാത്രയും സുഗ്രീവാദികളോടുള്ള സൗഖ്യവും ഭീമന്റെ വനയാത്രയും ഹനൂമൽസഖ്യവും താരതമ്യപ്പെടുത്തുകയാണിവിടെ. ശ്ലിഷ്ടാർത്ഥപദപ്രയോഗങ്ങൾ ഉപയോഗിച്ചിരിക്കുന്നു.)

മല്ലം എന്ന പദത്തിനു താമര എന്നും ഇടതൂർന്ന് തഴച്ചതെന്നും അർത്ഥമുണ്ട്. മല്ലലോചന എന്നാൽ താമരക്കണ്ണി എന്നും മല്ലവേണി എന്നാൽ ഇടതൂർന്ന തലമുടി ഉള്ളവളേ എന്നും ആണ്.

അല്ലയോ താമരക്കണ്ണീ ദുഃഖിക്കരുത്. സൽഗുണങ്ങൾക്ക് ഇരിപ്പിടമായവളേ നിനക്ക് ഇഷ്ടപ്പെട്ട കൽഹാരപുഷ്പങ്ങൾ ഇതാ കാണൂ. സന്തോഷത്തോടെ അവ ഇടതൂർന്ന് തഴച്ച് വളർന്ന നിന്റെ തലമുടിയിൽ, എന്റെ ഭാര്യേ, പെട്ടെന്ന് തന്നെ ചൂടിയാലും.

അതിമനോഹരമായ രൂപമുള്ളവനും വായുപുത്രനുമായ ഹനൂമാനെ, അല്ലയോ സുന്ദരീ, വഴിയിൽ വച്ച് ഞാൻ കണ്ടു. അദ്ദേഹത്തിന്റെ സമ്മതത്തോടെ, അദ്ദേഹം പറഞ്ഞപോലെ, മനുഷ്യർക്ക് പ്രവേശനം ഇല്ലാത്ത വഴികളിലൂടെ സഞ്ചരിച്ചു ഞാൻ.  (എന്നിട്ടാണ് സൈഗന്ധികങ്ങൾ കിട്ടിയത്.)

ദേവസുന്ദരികൾ സുഖത്തോടെ കളിച്ച് രസിക്കുന്ന വഴിയിലൂടെ ചെന്നാണ് തടാകത്തിൽ ഞാൻ ചെന്നത്. കോപത്തോടെ വന്ന സകല രാക്ഷസന്മാരേയും പെട്ടെന്ന് കൊന്നു ശേഖരിച്ച സൗഗന്ധികപുഷ്പങ്ങൾ ഞാൻ ഇതാ ഇവിടെ കൊണ്ടുവന്നിരിക്കുന്നു.