മര്‍ത്ത്യരിഹ വന്നതതി

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പ 5 മാത്ര

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

കഥാപാത്രങ്ങൾ: 

ജടാസുരൻ

ജടാസുരോ നാമ വനേത്ര കശ്ചില്‍
ശഠാന്തരാത്മാ സമവേക്ഷ്യ പാര്‍ത്ഥാന്‍
കഠോരചേഷ്ടോ യമവോചദേവം
ഹഠാദിമാന്‍ ഹര്‍ത്തുമനാഃ പടീയാന്‍
 
 
പല്ലവി
 
മര്‍ത്ത്യരിഹ വന്നതതിചിത്രതരമോര്‍ത്താല്‍

ചരണം 1
മൃത്യു വരുമെന്നുള്ളൊരത്തല്‍ കൂടാതെ
വനവര്‍ത്മമതില്‍ നാരിയോടൊത്തു ധൈര്യേണ
 
ചരണം 2
ധര്‍മ്മസുതനാദിയാം ധരണിപന്മാരിവരില്‍
ഭീമനിവനെത്രയും ഭീമബലനല്ലോ
 
ചരണം 3
പോരിലിവരോടിന്നു നേരിടുവതിനു ഭുവി
ആരുമില്ലിവരുടയ വീര്യമതു പാര്‍ത്താല്‍
 
ദ്രുതകാലം ഈരണ്ടടി
ചരണം 4
ഭൂമിസുരനായിച്ചെന്നു ഭീമനറിയാതെ ഞാന്‍
ഭൂപതികളെ കൊണ്ടുപോരുവനിദാനീം
രഭസമൊടിവരുടയ രമണിയെ കൈക്കൊണ്ടു
നഭസി പോന്നീടുവന്‍ നിര്‍ണ്ണയമിദാനീം
 
തിരശ്ശീല

അർത്ഥം: 

ജടാസുരോ നാമ:
ഈ കാട്ടിൽ വച്ച് ജടാസുരൻ എന്ന് പേരായവഞ്ചകനും ക്രൂരനുമായ ഒരുവൻ പാണ്ഡവന്മാരെ കണ്ട് അവരെ ബലാത്ക്കാരമായി തട്ടിക്കൊണ്ടുപോകാൻ ആഗ്രഹിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു.

മർത്ത്യരിഹ:
മരണഭയമില്ലാതെ ചങ്കൂറ്റത്തോടേ ഭാര്യയുമൊന്നിച്ച് മനുഷ്യർ ഈ കാട്ടുവഴിയിൽ വന്നത് ആലോചിച്ചാൽ അത്ഭുതം തന്നെ. ധർമ്മപുത്രൻ മുതലായ ഈ രാജക്കന്മാരിൽ ഭീമൻ അതിബലവാനത്രേ. യുദ്ധത്തിൽ ഇവരെ ചെറുത്ത് നിൽക്കുവാൻ ഭൂമിയിൽ ഇന്നാരും ഇല്ല. ബ്രാഹ്മണവേഷത്തിൽ ചെന്ന് ഭീമനറിയാതെ ഞാൻ ഈ രാജാക്കന്മാരെ ഇപ്പോൾ തട്ടിക്കൊണ്ട്് പോന്നേക്കാം. ഈ നിമിഷത്തിൽ ഇവരുടെ പത്നിയെ എടുത്ത് ആകശത്തിലൂടെ പോരുന്നുണ്ട്. തീർച്ച.

അരങ്ങുസവിശേഷതകൾ: 

തിരനോക്കും തന്റേടാട്ടവും കഴിഞ്ഞ് പീഠത്തിൽ ഉത്തരീയം വീശി ഇരിക്കുമ്പോൾ വിചാരിച്ച്:

ഞാനിപ്പോൾ ചെയ്യേണ്ടത് എന്ത്? (ആലോചിച്ച്) ആഃ ഉണ്ട്, എനിക്ക് ഭക്ഷിക്കുവാനുള്ള മാംസം സമ്പാദിക്കുവാനായി വേഗത്തിൽ പോവുകതന്നെ. (നാലാമിരട്ടിയെടുത്ത് തിരശീല പൊക്കുന്നു) (തിരനോക്കി ഓടിക്കൊണ്ട്  പ്രവേശിച്ച് “അഡ്ഡിഡ്ഡിക്കിട വെച്ച് മുന്നോട്ട് വെച്ച് ചവിട്ടി നിൽക്കുന്നതോടെ കേട്ട് (മുദ്രയോടേ ചെവിയോർത്ത്) ഈ കൊടുങ്കാട്ടിൽ മനുഷ്യരുടെ ശബ്ദം കേൾക്കുവാൻ കാരണമെന്ത്? അവരെവിടെ എന്നന്വേഷിക്കുക തന്നെ. (നടന്ന് നോക്കുമ്പോൾ മുന്നിൽ പലരേയും കണ്ട്) അഹോ! ഇതാ കുറേ മനുഷ്യർ ഒരു സ്ത്രീയോടുകൂടി വരുന്നു.(സന്തോഷത്തോടേ) ഇവരിവിടെ വന്നത് എന്റെ ഭാഗ്യം തന്നെ. ആകട്ടെ ഇനി ഇവരെ പിടിച്ച്  കൊണ്ടുവരുവാനുള്ള വഴി ആലോചിക്കുക തന്നെ. (നാലാമിരട്ടിയെടുത്ത് കലാശിച്ച്) പദം ആടുന്നു.

“നഭസി പോന്നീടുവന്‍ നിര്‍ണ്ണയമിദാനീം” എന്നത് ആടിയശേഴം ആട്ടത്തിന് വട്ടം തട്ടുന്നു.

“അതുകൊണ്ട് ഇനിവേഗം ഒരു ബ്രാഹ്മണവേഷം ധരിച്ച് ഇവരുടെ സമീപത്തേക്ക് ചെല്ലുക തന്നെ”. നാലാമിരട്ടിയെടുത്ത് കലാശിച്ച് “ബ്രാഹ്മണൻ-പ്രത്യക്ഷപ്പെടുക” എന്നീ മുദ്രകൾ കാണിച്ച് ബ്രാഹ്മണനായി വേഷം മാറി എന്ന് സങ്കൽപ്പം. പൂണൂൽ തടവിക്കൊണ്ടും തന്റെ കള്ളത്തരം ആരെങ്കിലും കാണുന്നുണ്ടോ എന്ന് ഇരുവശത്തേക്കും നോക്കിക്കൊണ്ടും പിന്നിലേക്ക് മാറി തിരിയുക.

തിരശീല

കിടതകധീം താം (32 മാത്ര)