പുറപ്പാട്

രാഗം: 

ശങ്കരാഭരണം

താളം: 

ചെമ്പട 32 മാത്ര

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

കഥാപാത്രങ്ങൾ: 

പാഞ്ചാലി

പാണ്ഡവന്മാർ

പ്രാപ്തും പാശുപതാസ്ത്രമീശകൃപയാ യാതേര്‍ജ്ജുനേ ധര്‍മ്മഭൂഃ
ശ്രൃണ്വന്‍ പുണ്യകഥാശ്ച കര്‍ണ്ണമധുരാസ്സത്ഭിഃ സദാ വര്‍ണ്ണിതാഃ
ഘോരാരാതിവിഹിംസനോദ്യതമനാഃകോദണ്ഡവാന്‍കാനനേ
രേമേ രാമ ഇവാഭിരാമചരിതഃ പത്ന്യാസമം സാനുജഃ

ചന്ദ്രവംശ ജലനിധി ചാരുരത്നങ്ങളാം
ചന്ദ്രികാവിശദസഹജോരുകീര്‍ത്തിയുള്ളോര്‍
ചിന്തപെയ്യുന്നവരുടെ ചീര്‍ത്ത പാപജാലം
ചന്തമോടകറ്റുവോര്‍ കീര്‍ത്തികൊണ്ടു നിത്യം
ദുര്‍മ്മദനാം ദുര്യോധനദുര്‍ന്ന്യായേന കാട്ടില്‍
ധര്‍മ്മസുതാദികള്‍ മുനിധര്‍മ്മമാചരിച്ചു
ഇന്ദുമൌലി സേവചെയ്യാനിന്ദ്രജന്‍ പോയപ്പോള്‍
മന്ദതയകന്നു തീര്‍ത്ഥവൃന്ദാടനം ചെയ്തു

തിരശ്ശീല

അർത്ഥം: 

പ്രാപ്തും പാശുപത..: ശ്രീപരമേശ്വരന്റെ കാരുണ്യം നിമിത്തം പാശുപതാസ്ത്രം നേടുവാനായി അർജ്ജുനൻ പോയപ്പോൾ ധർമ്മപുത്രർ സജ്ജനങ്ങളാൽ സദാ വർണ്ണിക്കപ്പെടുന്ന പുണ്യകഥകൾ കേട്ടുകൊണ്ടും, ഘോരശത്രുക്കളെ നിഗ്രഹിക്കുവാൻ തയ്യാറായി വില്ലെടുത്തുകൊണ്ടും, പതിന്യോടും അനുജന്മാരോടും കൂടി കാട്ടിൽ രാമനെപ്പോലെ സുഖമായി വസിച്ചു. ചന്ദ്രവംശ ജലനിധി: ചന്ദ്രവംശമാകുന്ന സമുദ്രത്തിലുണ്ടായ മനോഹര രത്നങ്ങളും, നിലാവുപോലെ നിർമ്മലവും ജന്മസിദ്ധവുമായ വർദ്ധിച്ച്‌ കീർത്തിയുള്ളവരും ആശ്രിതരുടെ കനത്ത പാപപടലത്തെ തങ്ങളുടെ യശസ്സുകൊണ്ട്‌ തന്നെ എന്നും നിശ്ശേഷം അകറ്റുന്നവരും ആയ ധർമ്മപുത്രാദികൾ ദുരഹങ്കാരിയായ ദുര്യോധനന്റെ അനീതികൊണ്ട്‌ കാട്ടിൽ താപസധർമ്മമനുഷ്ഠിച്ചു. അർജ്ജുനൻ ശ്രീപരമേശ്വരനെ സേവ്ക്കാനായിപോയപ്പോൾ അവർ ഉത്സാഹത്തോടെ പുണ്യതീർത്ഥങ്ങളിലേക്ക്‌ സഞ്ചരിച്ചു കൊണ്ടിരുന്നു.  

അരങ്ങുസവിശേഷതകൾ: 

 ചെമ്പട 32 മാത്ര (രാഗം പാടി കലാശിക്കുന്നു 4 മാത്ര) ഈ കഥയുടെ പുറപ്പാടാണ് ഇത്. പാണ്ഡവന്മാരും പത്നിയും കൂടെ ആണ് പുറപ്പാട്‌. രാഗം: ശങ്കരാഭരണം.