പരിതാപിക്കരുതേ

രാഗം: 

ശങ്കരാഭരണം

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

ഗാന്ധാരദുര്‍ന്നയനിരസ്തസമസ്തഭോഗാന്‍
കാന്താരചംക്രമണകര്‍ശിതചാരുഗാത്രാന്‍
ശ്രാന്താന്‍ നിരീക്ഷ്യ വിധിവല്‍ പ്രതിപൂജ്യ പാര്‍ത്ഥാന്‍
ശാന്തം ജഗാദ സഹലീ വചനം മുകുന്ദഃ
 
 
പല്ലവി
 
പരിതാപിക്കരുതേ പാണ്ഡവന്മാരേ
പരിതാപിക്കരുതേ
 
അനുപല്ലവി
 
ഭരതാന്വയതിലക ഭാഷിതം മമകേള്‍ക്ക

ചരണം 1
പരനെന്നുമഹമെന്നും ഭാവഭേദമുള്ളവര്‍
പരിതാപിച്ചീടുന്നതും പാര്‍ക്കിലതുചിതം
പരമാത്മാവേകനെന്നു പരമാര്‍ത്ഥബോധമുള്ളില്‍
പരിചോടുള്ളോരു നിങ്ങള്‍ പ്രാകൃതന്മാരെപ്പോലെ
          
ചരണം 2
പരമേശന്‍ ഭിക്ഷയേറ്റു പാരില്‍ നടന്നീലയോ
പുരുഹൂതന്‍ ശാപംകൊണ്ടു പാരം വലഞ്ഞീലയോ
വീരമൌലി രാഘവന്‍ വിപിനേ വസിച്ചീലയോ
ശിരസിലിഖിതമാര്‍ക്കും ശിവശിവ നീക്കിടാമോ
 

അർത്ഥം: 

ഗാന്ധാര ദുർന്നയ:
ശകുനിയുടെ നെറികേട് കാരണം സകല സുഖഭോഗങ്ങളും നശിച്ച് കാട്ടിൽ നടന്ന് മെലിഞ്ഞ ശരീരത്തോട് കൂടിയവരും തളർന്നവരുമായ പാണ്ഡവന്മാരെ കണ്ട് അവരെ വിധിയാം വണ്ണം സൽക്കരിച്ച് ബലരാമനോടുകൂടിയ ശ്രീകൃഷ്ണൻ സൗമ്യമായി പറഞ്ഞു.

പരിതാപിക്കരുതേ:
പാണ്ഡുപുത്രന്മാരെ ദുഃഖിക്കരുത്. ഭരതവംസശ്രേഷ്ഠാ ഞാൻ പറയുന്നത് കേൾക്കൂ. ഞാനെന്നും അൻയനെന്നും രണ്ടായി ചിന്തിക്കുന്നവർ ദുഃഖിക്കുന്നത് ഉചിതമാണ്. അവരത് അർഹിക്കുന്നു. പരമാത്മാവ് ഏകനാണെന്ന പരമാർത്ഥം അറിയുന്ന (അദ്വൈത ഭാവമുള്ള) നിങ്ങൾ അജ്ഞാനികളെപ്പോലെ ദുഃഖിക്കരുത്. ശ്രീപരമേശ്വരൻ ഭിക്ഷവാങ്ങിക്കൊണ്ട് ലോകമെങ്ങും നടന്നില്ലേ? ദേവേന്ദ്രൻ ശാപമേറ്റ് വല്ലാതെ കഷ്ടപ്പെട്ടില്ലേ? വീരാഗ്രേസരനായ ശ്രീരാമൻ കാട്ടിൽ വസിച്ചില്ലേ? തലയിലെഴുത്ത് മാറ്റുവാൻ ആർക്കെങ്കിലും കഴിയുമോ?