കുന്തീകുമാരന്മാരേ കുംഭസംഭവൻതാനും

രാഗം: 

നീലാംബരി

താളം: 

മുറിയടന്ത 14 മാത്ര

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

കഥാപാത്രങ്ങൾ: 

രോമശൻ

ചരണം 1

കുന്തീകുമാരന്മാരേ കുംഭസംഭവന്‍താനും
അന്തികെ വാഴുന്നിവിടെ ഈ വനം തന്നില്‍
വിന്ധ്യാചലോന്നതിയെ വീതഖേദേന പണ്ടു
വന്ധ്യയാക്കിയതുമിവന്‍ തപോബലേന-വന്ധ്യ-
 

ചരണം 2
വാതാപി തന്നെക്കൊന്നു വാരുറ്റ മുനികള്‍ക്കു
ബാധയകറ്റിയതിവന്‍ പാരം വളര്‍ന്ന
ആഴികളേഴുമൊന്നിച്ചാചമിച്ചതും പാര്‍ത്താല്‍
ഊഴിയിലേവമാരുള്ളു താപസന്മാരില്‍

ചരണം 3
ഭാഗ്യവാന്മാരേയിനിപ്പാര്‍ക്കാതെ പോക പഥി
ഭാര്‍ഗ്ഗവാശ്രമമുണ്ടല്ലോ മാര്‍ഗ്ഗത്തില്‍തന്നെ
ആശ്രമം കാണ്‍ക മുന്നിലശ്രമമിഹ തൊഴാം
ആശ്രിതപാപനാശനം കണ്ടാലും നിങ്ങള്‍
 
 
തിരശ്ശീല

അർത്ഥം: 

കുന്തീസുതന്മാരെ: പാണ്ഡവന്മാരെ, അഗസ്ത്യമഹര്‍ഷിയാണ് ഈ വനത്തില്‍ ഇവിടെ അടുത്തായി വസിക്കുന്നത്. വിന്ധ്യാപര്‍വ്വതത്തിന്റെ വളര്‍ച്ചയെ നിഷ്പ്രയാസം തന്റെ തപോബലത്താല്‍ തടഞ്ഞത് ഇദ്ദേഹമാണ്. വാതാപി എന്ന അസുരനെ കൊന്ന് മഹര്‍ഷിമാര്‍ക്ക് ഏറ്റവും വളര്‍ന്നിരുന്ന ദുഃഖത്തെ അകറ്റിയതും ഇദ്ദേഹമാണ്. ഏഴുസമുദ്രങ്ങളിലേയും ജലം ഒന്നിച്ച് കുടിച്ചതും ഓര്‍ത്താല്‍ ഭൂമിയില്‍ താപസന്മാര്‍ക്കിടയില്‍ ഇപ്രകാരം വേറെ ആരാണുള്ളത്? ഭാഗ്യവാന്മാരേ, ഇനി താമസിയാതെ നമുക്ക് പോകാം. വഴിക്കുതന്നെ ഭാര്‍ഗ്ഗവരാമന്റെ ആശ്രമവും ഉണ്ട്. ഇതാ മുന്നിലായി ആശ്രമം കാണ്‍ക. നമുക്ക് മടിയില്ലാതെ വന്ദിക്കാം. ആശ്രയിക്കുന്നവരുടെ പാപത്തെ നശിപ്പിക്കുന്നതായ ആശ്രമത്തെ നിങ്ങള്‍ കണ്ടാലും.

അരങ്ങുസവിശേഷതകൾ: 

ധര്‍മ്മപുത്രന്‍:(എല്ലായിടവും നോക്കിക്കണ്ട് അത്ഭുതത്തോടെ) ‘അഗസ്ത്യമുനിയുടെ മാഹാത്മ്യം അവിസ്മയം തന്നെ’ എന്ന് രണ്ടാം ചരണത്തിനു മുൻപ് ധർമ്മപുത്രർ ആടണം. പദത്തിനു ശേഷം ആട്ടം- ധര്‍മ്മപുത്രനും രോമശനും പരശുരാമാശ്രമത്തിലേയ്ക്ക് കടക്കുന്നതായി ഭാവിച്ച് പിന്നിലേയ്ക്കു കാല്‍ കുത്തിമാറി നിഷ്ക്രമിക്കുന്നു.