അല്ലല്‍ വളര്‍ന്നീടുന്നല്ലോ

രാഗം: 

സുരുട്ടി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

കഥാപാത്രങ്ങൾ: 

പാഞ്ചാലി

പരിതാപമിതാഃ പരന്തപാസ്തേ
പരമാരണ്യഗതാശ്ചിരം ചരന്തഃ
തരുമൂലതലേ നിഷേദുരാര്‍ത്താ
ഹരിണാക്ഷീ നിജഗാദ ഭീമസേനം
 
 
പല്ലവി
അല്ലല്‍ വളര്‍ന്നീടുന്നല്ലോ വല്ലാതെയുള്ളില്‍
അല്ലല്‍ വളര്‍ന്നീടുന്നല്ലോ
 
ചരണം 1
മുല്ലസായകനോടു തുല്യന്മാരാകുമെന്റെ
വല്ലഭന്മാരേ കേള്‍പ്പിന്‍ മെല്ലവെ സല്ലാപങ്ങള്‍
 
ചരണം 2
ഉത്തമവിപ്രന്മാര്‍ക്കു നിത്യ സഞ്ചാരം ചെയ്‌വാന്‍
അത്തല്‍ കണ്ടീടുകയാല്‍ ഉള്‍ത്താരിലെനിക്കേറ്റം
 
ചരണം 3
ആതപംകൊണ്ടുടലില്‍ ആധി വളര്‍ന്നീടുന്നു
പാദചാരം ചെയ്‌വാനും പാരമരുതായ്കയാല്‍

അർത്ഥം: 

പരിതാപമിതാഃ
ശത്രുക്കളെ പീഡിപ്പിക്കുന്നവരായ പാണ്ഡവര്‍ കൊടുംകാട്ടിലൂടെ വളരെ സഞ്ചരിക്കുകയാല്‍ ക്ഷീണിതരായി ഒരു വൃക്ഷച്ചുവട്ടില്‍ വിശ്രമിച്ചു. അപ്പോള്‍ മാന്‍‌മിഴിയാളായ പാഞ്ചാലി ഭീമസേനനോട് പറഞ്ഞു.

അല്ലൽ വളർന്നീടുന്നല്ലോ:
ഉള്ളില്‍ വല്ലാതെ സങ്കടം വളര്‍ന്നീടുന്നല്ലോ. കാമതുല്യന്മാരായ എന്റെ വല്ലഭന്മാരേ, എന്റെ വാക്കുകളെ ശ്രദ്ധയോടെ കേട്ടാലും. ബ്രാഹ്മണോത്തമന്മാര്‍ക്ക് ഇങ്ങിനെ നിത്യം സഞ്ചരിക്കുവാനുള്ള വിഷമം കാണുകയാല്‍ എന്റെ ഉള്ളില്‍ ഏറ്റവും സങ്കടം. വെയിലുകൊണ്ട് ഉടലില്‍ ആധി വളരുന്നു. നടക്കുവാന്‍ തീരെ വയ്യാത്തതിനാലും സങ്കടമേറുന്നു.

അരങ്ങുസവിശേഷതകൾ: 

ഇടത്തുവശത്തുകൂടി പ്രവേശിക്കുന്ന ദു:ഖിതയായ പാഞ്ചാലി സാവധാനം മുന്നോട്ടുവന്ന് വലതുഭാഗത്തായി ഗദകുത്തിപ്പിടിച്ചുകൊണ്ട് പീഠത്തിലിരിക്കുന്ന ഭീമസേനനെ കാണുന്നതോടെ പദാഭിനയം ആരംഭിക്കുന്നു.