ഹാ ഹാ കൃഷ്ണ കൃഷ്ണ

രാഗം: 

ഘണ്ടാരം

താളം: 

ചെമ്പട

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

പാഞ്ചാലി

ദുര്യോധനോദിത വചസ്യമിതാദരേണ

ദുശ്ശാസനേന വസനാഹരണോത്സുകേന

കൃഷ്ണേതി ഹന്ത രുദതീ സുദതീ സഭാം താം

കൃഷ്ണാ പ്രസഹ്യ കില താവദനായി ദീനാ

ഹാ ഹാ കൃഷ്ണ കൃഷ്ണ ഹരേ

ഹാ ഹാ കൃപാനിധേ ശൌരേ

ഹാ ഹാ മുകുന്ദ മുരാരേ

ഹാ ഹാ ദീനബന്ധോ പാഹി

വല്ലഭന്മാര്‍ ദാസരായി

വല്ലാതെ ഞാന്‍ ദുശ്ശാസന-

മല്ലന്‍ കയ്യിലകപ്പെട്ടേന്‍

വല്ലവീവല്ലഭ പാഹി

പറയാവതല്ലയ്യോ താപം

പലരുള്ള സഭയിലായി

അറിയാതെ നീയിരിക്കുമോ

അഖിലലോകസാക്ഷിന്‍ പാഹി

അർത്ഥം: 

ശ്ലോകം:-ദുര്യോധനവാക്യത്തെ ആദരിച്ചുകൊണ്ട് വസ്ത്രാപഹരണത്തില്‍ ഉത്സുകനായ ദുശ്ശാസനന്‍ സുന്ദരിയും കൃഷ്ണനെ വിളിച്ച് കരയുന്നവളുമായ പാഞ്ചാലിയെ ബലാല്‍ക്കാരേണ സഭയിലേയ്ക്ക് ആനയിച്ചു.

പദം:-ഹാ! ഹാ! കൃഷ്ണാ, കൃഷ്ണാ, ഹരേ. ഹാ! ഹാ! കൃപാനിധേ, ശൌരേ. ഹാ! ഹാ! മുകുന്ദാ, മുരാരേ. ഹാ! ഹാ! ദീനബന്ധോ, രക്ഷിച്ചാലും. വല്ലഭന്മാര്‍ ദാസരായി. വല്ലതെ ഞാന്‍ ദുശ്ശാസനമല്ലന്റെ കയ്യിലകപ്പെട്ടു. ഇടയസ്ത്രീയുടെ വല്ലഭാ, രക്ഷിച്ചാലും. അയ്യോ! ദു:ഖം പറയാവതല്ല. ഞാന്‍ പലരുള്ള സഭയിലായത് നീ അറിയാതെയിരിക്കുമോ? അഖിലലോകസാക്ഷിയായവനേ, രക്ഷിച്ചാലും.

അരങ്ങുസവിശേഷതകൾ: 

ശ്ലോകാന്ത്യത്തോടെ ദുശ്ശാസനന്‍ പാഞ്ചാലിയെ ബലാല്‍ക്കാരമായി പിടിച്ചുകൊണ്ട് സദസിനിടയിലൂടെ രംഗത്തേയ്ക്ക് എത്തിക്കുന്നു. ദുശ്ശാസനന്റെ താഡനമേറ്റ് പാഞ്ചാലി രംഗമദ്ധ്യത്തില്‍ വീഴുന്നു. ദുശ്ശാസനന്‍ ചിരിക്കുന്നു. ദുര്യോധനനും ശകുനിയും രസിക്കുന്നു. പാണ്ഡവര്‍ നിര്‍വ്വീര്യരായി തലകുമ്പിട്ട് നില്‍ക്കുന്നു. ഭര്‍ത്താക്കന്മാരേയും ഭീഷ്മാദി സഭാവാസികളേയും സമീപിച്ച് പാഞ്ചാലി തന്നെ രക്ഷിക്കുവാനായി അഭ്യര്‍ത്ഥിക്കുന്നു. ആരും ഒന്നും പറയാത്തതുകണ്ട് ശ്രീകൃഷ്ണഭഗവാനെ വിളിച്ച് കരയുന്നു(പദാഭിനയം).